പന്തളം: അന്നമില്ലാതലയുന്ന അപരന്റെ വിശപ്പകറ്റുന്ന നന്മക്കാഴ്ചയാണ് പന്തളം ജങ്ഷനിൽ ഒരുങ്ങിയത്. വിശപ്പുരഹിത പന്തളം എന്ന പേരിൽ ചേരിയക്കൽ ത്രീസ്റ്റാർ സ്ഥാപിച്ച ഭക്ഷണ അലമാരയിൽ ഉച്ചയാകുമ്പോൾ ഊണുപൊതികളെത്തും. ആർക്കും സൗജന്യമായി ഇവയെടുക്കാം. പൊതിയെടുക്കാൻ നിരവധി പേരാണ് എത്തുന്നത്. പദ്ധതി ഡിസംബർ 20നാണ് ആരംഭിച്ചത്. മുടക്കം കൂടാതെ 24 ദിവസം പിന്നിടുകയാണ്. ഒരുപാട് സുമനസ്സുകളുടെയും അഭ്യുദയകാംക്ഷികളുടെ സംഘടന അംഗങ്ങളുടെയും നാട്ടുകാരുടെയും ഒക്കെ പൂർണ പിന്തുണയോടെയാണ് സംരംഭം മുന്നോട്ടുപോകുന്നത്.
ആദ്യം അലമാരയിൽ എത്തിയിരുന്നത് 30 മുതൽ 50 വരെ പൊതികളാണ്. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ഇന്നത് വീണ്ടും ഉയർന്നു. വിശക്കുന്ന മനുഷ്യന്റെ നൊമ്പരങ്ങൾ നേരിൽക്കണ്ട് ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ ചേരിക്കൽ ത്രീസ്റ്റാ ർ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തുടങ്ങിയതാണ് ഭക്ഷണക്കൂട്.
നാട്ടുകാരുടെയും വ്യാപാരികളുടെയും സഹകരണത്തോടെയാണ് ഭക്ഷണപ്പൊതികൾ എത്തിക്കുന്നത്. വിവാഹ സൽക്കാരം, ജന്മദിനാഘോഷങ്ങൾ തുടങ്ങിയ എല്ലാ ആഘോഷങ്ങളുടെയും ഒരു പങ്ക് ഭക്ഷണക്കൂട്ടിൽ എത്തും. വൈകുന്നേരങ്ങളിൽ അടൂർ പൊലീസ് ക്യാമ്പിൽനിന്ന് ഭക്ഷണം എത്തിക്കാറുണ്ട്.
വിശക്കുന്നവർക്ക് ഒരുനേരത്തെ ആഹാരമെങ്കിലും കൊടുക്കുക എന്ന ആഗ്രഹത്താലാണ് ഇങ്ങനെ ഒരു സംരംഭം ആരംഭിച്ചമെന്ന് ത്രീസ്റ്റാർ ക്ലബ് സെക്രട്ടറി പ്രമോദ്കണ്ണങ്കര പറഞ്ഞു. നാം അറിയാതെ പോകുന്ന ഒരുപാട് ആളുകൾ പന്തളത്ത് വിശന്നു ഇരിക്കുന്നുണ്ട്. എത്രയോ ആളുകൾ വിശപ്പടക്കാൻ നിവൃത്തിയില്ലാതെ ജീവിക്കുന്നു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് സംരംഭം ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.