പന്തളം: തീയണക്കാൻ എത്തിയ അഗ്നിരക്ഷാസേനയിലെ ഹോംഗാർഡിന് കാട്ടുപന്നിയുടെ കുത്തേറ്റു. പന്തളം തെക്കേക്കര കളീക്കൽ വീട്ടിൽ രാജന്റെ ഉടമസ്ഥതയിലുള്ള നാല് ഏക്കറോളം റബർ തോട്ടത്തിലെ അടിക്കാടുകൾക്ക് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനാണ് തീപിടിച്ചത്. അടൂരിൽനിന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തിയെങ്കിലും വാഹനം എത്തിച്ചേരാനാവാത്ത സ്ഥലമായിരുന്നു.
സേനാംഗങ്ങൾ കാൽനടയായി സ്ഥലത്തെത്തി പച്ചിലക്കമ്പുകൾ കൊണ്ട് അടിച്ച് തീകെടുത്തി. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കെ പറമ്പിൽ ഉണ്ടായിരുന്ന കുഴിയിൽനിന്ന് വിരണ്ട് ചാടി വന്ന കാട്ടുപന്നി ജീവനക്കാർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. അഗ്നിരക്ഷാസേനയിലെ ഹോംഗാർഡ് ജി. ഭാർഗവനാണ് പന്നിയുടെ കുത്തേറ്റത്.
തീ പൂർണമായും കെടുത്തിയശേഷം ഭാർഗവനെ ഫയർ ഫോഴ്സ് വാഹനത്തിൽതന്നെ അടൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഗ്നിരക്ഷാസേനയിലെ അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റജികുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ നിയാസുദ്ദീൻ, പ്രദീപ്, രഞ്ജിത്ത്, സന്തോഷ്, ഗിരീഷ് കുമാർ എന്നിവർ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.