അ​ഗ്നി​ര​ക്ഷ സേ​ന നിലയത്തിനാ​യി പൂ​ഴി​ക്കാ​ട്ട് ക​ണ്ടെ​ത്തി​യ സ്ഥ​ലം

പന്തളത്തെ അഗ്നിരക്ഷ നിലയം നിർമാണം ഇനിയും എത്രനാൾ ?

 പന്തളം: 21 വർഷം മുമ്പ് സർക്കാറിന്‍റെ അനുമതിയും 2019ൽ ഉറപ്പും ലഭിച്ച അഗ്നിരക്ഷ നിലയം ഇതുവരെ യാഥാർഥ്യമായില്ല. അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ കഴിയാത്തതാണ് കാരണം. പന്തളം, ‍പൂഴിക്കാട് ചിറമുടിയിലെ 40 സെന്‍റ് സ്ഥലമാണ് ഏറ്റവുമൊടുവിലായി പരിഗണിച്ചത്. തൊട്ടടുത്ത് 33 കെ.വി സബ് സ്റ്റേഷൻ പ്രവർത്തിക്കുന്നതുകൊണ്ട് ഇവിടെ സ്ഥാപിക്കുന്നതിൽ ഫയർ ഫോഴ്സ് അധികൃതർക്ക് താൽപര്യമില്ല.

ജില്ലയിൽ‍ സ്റ്റേഷൻ അനുവദിച്ചാൽ ആദ്യത്തേത് പന്തളത്തായിരിക്കുമെന്ന് 2019 ഏപ്രിലിൽ സർക്കാർ‍ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, പിന്നീട് പരിഗണിക്കപ്പെട്ട ആറന്മുള ഫയർ സ്റ്റേഷന് തത്ത്വത്തിൽ അംഗീകാരവും നൽകി. സ്റ്റേഷൻ സ്ഥാപിക്കാൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സർക്കാർതലത്തിൽ വ്യത്യസ്ത ഘട്ടങ്ങളിൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ, അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിൽ നഗരസഭ ഭരണസമിതികൾ കാട്ടിയ അലംഭാവമാണ് പദ്ധതിക്ക് പ്രതിസന്ധിയായതെന്നാണ് ആരോപണം. 2001ലാണ് ആദ്യ അനുമതി ലഭിക്കുന്നത്.

2007ൽ ആദ്യ നടപടിയായി പൂഴിക്കാട് ചിറമുടിയിൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഷെഡ് നിർമാണത്തിന് തുടക്കമിട്ടു. മേൽക്കൂരയോളമെത്തിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. അനിശ്ചിതത്വം നീ ണ്ടതോടെ, 2014ൽ കുളനടയിൽ സ്ഥാപിക്കാനായി ശ്രമം. പന്തളത്ത് തന്നെയെന്ന് പിന്നീട് സർക്കാറിന്‍റെ ഉറപ്പ് കിട്ടി. പൂഴിക്കാട് ചിറമുടിയിലെ 40 സെന്‍റ് സ്ഥലം നൽകാമെന്ന കൗൺസിൽ തീരുമാനം സർക്കാർ അംഗീകരിച്ചു. സ്ഥലം കൈമാറി, കെട്ടിട നിർമാണം ഉൾപ്പെടെ പൂർത്തിയാകുന്നത് വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കാൻ അനുമതിയും ലഭിച്ചു. ഇതിനായി, പൂഴിക്കാടിനു സമീപം വാടകക്കെട്ടിടം കണ്ടെത്തി ഉടമയുമായി ധാരണയിലെത്തി. നടപടികൾ വൈകിയതോടെ കെട്ടിട ഉടമ പിൻവാങ്ങി.

പന്തളം പാലത്തിനു സമീപത്തെ സ്ഥലവും കണ്ടെത്തിയിരുന്നു. അച്ചൻകോവിലാറിനോട് ചേർന്ന ഈ സ്ഥലം ഫയർ ഫോഴ്സിനും താൽപര്യമായിരുന്നു. എന്നാൽ, പൊതുമരാമത്ത് വകുപ്പ് വിട്ടുനൽകാൻ തയാറായില്ല. ഇതിനെ മറികടക്കാൻ സർക്കാർ തലത്തിലുള്ള ശ്രമങ്ങളൊന്നും പിന്നീട് ഉണ്ടായതുമില്ല.

ഏറ്റവുമൊടുവിലായി തയാറാക്കിയ സാധ്യത പട്ടികയിൽ ജില്ലയിൽ നാല് സ്റ്റേഷനാണുള്ളത്. ഇതിൽ ആറന്മുള, പമ്പ, മല്ലപ്പള്ളി എന്നിവക്ക് പിന്നിലാണ് പന്തളം. എന്നാൽ, ഫയർ ഫോഴ്സ് തയാറാക്കിയ ജില്ലയിലെ ദുരന്തസാധ്യത പട്ടികയിൽ പന്തളത്തിനു മുഖ്യസ്ഥാനമാണ്. നഗരസഭയിലെ 33 വാർഡിൽ 28ഉം വെള്ളപ്പൊക്ക ബാധിതമാണ്.

അപകടം, വെള്ളപ്പൊക്കം, അച്ചൻകോവിലാറ്റിലെ അപകടം, തീപിടിത്തം തുടങ്ങിയവയിൽ ഏറ്റവും കൂടുതൽ വിളികളെത്തുന്നത് പന്തളം, കുളനട മേഖലകളിൽനിന്നാണെന്ന് അടൂർ സ്റ്റേഷൻ ഓഫിസർ വി. വിനോദ് കുമാർ ‘മാധ്യമ’ത്തോടെ പറഞ്ഞു. പന്തളത്ത് അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകുമ്പോൾ 12 കിലോമീറ്റർ അപ്പുറമുള്ള അടൂരിൽനിന്ന് വേണം അഗ്നിരക്ഷ സേനയെത്താൻ.

Tags:    
News Summary - How long is the construction of fire station in Pandalam?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.