പന്തളം: സ്കൂൾ ഓൺലൈൻ ക്ലാസുകളിൽ പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറുന്നതായി ആരോപണം. ഈ അധ്യയനവർഷം തുടക്കം മുതൽ ജില്ലയിൽ പലയിടത്തും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓൺലൈൻ ക്ലാസിനായി കുട്ടികൾക്ക് നൽകുന്ന മീറ്റിങ് ലിങ്ക് ചോരുന്നതാണ് മറ്റുള്ളവർ ക്ലാസുകളിൽ കടന്നുകൂടാൻ ഇടയാക്കുന്നത്. നുഴഞ്ഞുകയറുന്നവർ ക്ലാസുകളിൽ അസഭ്യം പറയുകയും മറ്റ് അലോസരങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുന്നവർ ആരെല്ലാമെന്ന് കൃത്യമായി മനസ്സിലാക്കാൻ പലപ്പോഴും കഴിയാറില്ലെങ്കിലും വിദ്യാർഥികളുമായോ അവരുടെ രക്ഷിതാക്കളുമായോ ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരാണ് ഇവരെന്നതിനാൽ പ്രശ്നം സ്കൂളിൽ തന്നെ ഒതുക്കിത്തീർക്കാറാണ് പതിവെന്ന് അധ്യാപകർ പറയുന്നു. കുട്ടികളുടെ പേരിൽത്തന്നെ ഗൂഗിൾ മീറ്റ് അക്കൗണ്ട് എടുക്കണമെന്ന് അധ്യാപകർ നിർദേശിക്കാറുണ്ടെങ്കിലും പ്രായോഗികമാക്കാൻ കഴിയാറില്ല. പുതിയ വിദ്യാർഥികളെ അധ്യാപകർ നേരിട്ട് കണ്ടിട്ടില്ല എന്നതും അപരന്മാരുടെ നുഴഞ്ഞുകയറ്റത്തിന് കാരണമാകുന്നു.
ഹയർ സെക്കൻഡറി സ്കൂളുകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ. രക്ഷാകർത്താക്കളും കൂടിയിരുന്നാണ് ക്ലാസുകൾ കാണുന്നത് എന്നതിനാൽ ഇത്തരം സംഭവങ്ങൾ അധ്യാപകർക്കും മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അധ്യാപകർ ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് ഓൺലൈൻ ക്ലാസുകളെല്ലാം സംഘടിപ്പിക്കുന്നത്. ക്ലാസിനുള്ള ലിങ്കുകൾ ആർക്കും കൈമാറരുതെന്ന് കൂട്ടികൾക്ക് കർശന നിർദേശം നൽകുന്നുണ്ട്. എന്നിട്ടും ലിങ്ക് പലർക്കും കൈമാറെപ്പടുന്നു. പലപ്പോഴും കുട്ടികളുടെ പുരുഷ, വനിത സുഹൃത്തുക്കൾക്ക് അവർ ലിങ്ക് ൈകമാറുന്നു. അവർ ബോധപൂർവം ക്ലാസുകൾ അലങ്കോലമാക്കുകയാണ്.
ഒരു സ്കൂളിലെ നിശ്ചിത ക്ലാസിലെ കുട്ടികളുടെ ഐ.ഡികൾ ഷെഡ്യൂൾ ചെയ്തുവെക്കാനുള്ള സംവിധാനം ഗൂഗിൾ മീറ്റിലുണ്ട്. രണ്ടുമാസം വരെ ഈ ലിങ്കിന് വാലിഡിറ്റിയും ഉണ്ടാവും ഇങ്ങനെ ഷെഡ്യൂൾ ചെയ്യുമ്പോൾ കുട്ടിക്ക് ക്ലാസ് സമയത്ത് നേരിട്ട് പ്രവേശിക്കാം. ഷെഡ്യൂൾ ചെയ്തവരുടെ കൂട്ടത്തിലില്ലാത്തയാൾ വരുമ്പോൾ പ്രവേശാനുമതി ചോദിക്കും. അത് നിഷേധിച്ചാൽ മതിയാവും കുട്ടികളുടെ പേരിൽത്തന്നെയുള്ള ഐ.ഡികളിൽ ക്ലാസിൽ കയറിയാൽ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.