പ്രവർത്തനരഹിതമായ ക്വാറികൾ കണ്ടില്ലെന്നുനടിച്ച് ഇനിയുമെത്ര കാലം?
text_fieldsപന്തളം: ഉപയോഗശൂന്യമായ നിരവധി ക്വാറികളാണ് പന്തളം നഗരസഭയുടെ പരിധിയിൽ വർഷങ്ങളായുള്ളത്. 11, 12, 13 വാർഡിലായി പ്രവർത്തനരഹിതമായ നാല് ക്വാറിയുണ്ട്.
ക്വാറികളിലെ ജലവും പരിസരവും പുനരുപയോഗിച്ച് അപകട സാധ്യത ഒഴിവാക്കാമെന്ന് ജിയോളജി വകുപ്പ് മുമ്പ് മുന്നറിയിപ്പ് നൽകിയതാണ്. പ്രവർത്തനരഹിതമായ പാറമടകളുടെ പുനരുപയോഗ സാധ്യത സംബന്ധിച്ച് പഠനം നടത്താൻ അതത് തദ്ദേശ സ്വയംഭരണ വകുപ്പിനെയും പൊതുമരാമത്ത് വകുപ്പിനെയും സർക്കാർ നിയോഗിച്ചിരുന്നു.
എന്നാൽ, ആ തലത്തിൽ ഒരു പഠനവും നടന്നിട്ടില്ലെന്നാണ് വിലയിരുത്തൽ. സദാസമയവും വെള്ളം നിറഞ്ഞുനിൽക്കുന്ന നല്ലൊരു ജലസ്രോതസ്സ് കൂടിയായ പാറമടകൾ പലയിടത്തും കാടുമൂടിക്കിടക്കുകയാണ്. ചില പാറമടകളിൽ മാലിന്യം നിക്ഷേപിക്കുന്നതും പതിവാണ്. 50 അടി താഴ്ചയുള്ള ക്വാറിയിൽ 30 അടി ആഴം വരെ വെള്ളം കെട്ടിക്കിടക്കുന്നുണ്ടാകുമെന്നാണ് വിലയിരുത്തൽ.
- ജലസ്രോതസ്സ്: അവയിലെ വെള്ളം സംസ്കരിച്ച് കുടിവെള്ളമായി ഉപയോഗിക്കാം. കൂടാതെ പ്രദേശത്തെ കൃഷി ആവശ്യത്തിന് ഉപയോഗിക്കാം.
- മത്സ്യം വളർത്തൽ: ക്വാറികളിലെ വെള്ളത്തിൽ മത്സ്യകൃഷി നടത്താം. അലങ്കാര മത്സരങ്ങളെയും തിലോപ്പിയ, വാള ഉൾപ്പെടെയുള്ളവയെയും അധികം ചെലവില്ലാതെ വളർത്തി വരുമാനമാർഗ്ഗമാക്കാം.
- ജലകേളി കേന്ദ്രം: വിസ്തൃതി കൂടുതലുള്ള പാറമടകളിൽ നീന്തൽ, ബോട്ടിങ്, ഡൈവിങ് സാധ്യതകൾ പരീക്ഷിക്കാം. അതിനുമുന്നോടിയായി മികച്ച സുരക്ഷാസംവിധാനങ്ങൾ ലഭ്യമാക്കണമെന്ന് മാത്രം. പിക്നിക് സ്പോട്ടായും വികസിപ്പിക്കാം.
- ഭൂഗർഭ ജലസ്രോതസ്സ്: പാറമടകളിലെ ജലം സമീപത്തെ കിണറുകളിലും കുളങ്ങളിലുമെത്തിച്ച് ഭൂഗർഭ ജലനിരപ്പ് താഴാതെ നിയന്ത്രിക്കാം.
- കൃഷി: ആഴത്തിലേക്ക് വേരുപോകാത്ത ഫല വൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ, പൈനാപ്പിൾ തുടങ്ങിയവയും കൃഷി ചെയ്യാം. ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയവയും പാറമടയുടെ വശങ്ങളിൽ കൃഷി ചെയ്യാം. അതിന് ആവശ്യമായ മണ്ണ് അവിടെ ലഭ്യമാക്കിയാൽ മതി. വെള്ളം പാറക്കുഴിയിൽ നിന്ന് ലഭിക്കുകയും ചെയ്യും.
- അക്വാകൾചർ: അലങ്കാര മത്സ്യങ്ങൾക്ക് പുറമേ, വിപണിയിൽ നല്ല വില ലഭിക്കുന്ന താമര, ആമ്പൽ തുടങ്ങിയവ വളർത്തിയാൽ പുഷ്പകൃഷിക്കും സാധ്യതയുണ്ട്.
ക്വാറികളുടെ എണ്ണം ലഭ്യമല്ലെന്ന് ജിയോളജി മൈനിങ് വിഭാഗം
പാറമടയുടെ ആഴവും അതിലെ ജലത്തിന്റെ അളവും കണക്കാക്കിയാണ് പുനരുപയോഗ സാധ്യത കണക്കാക്കുന്നതെന്ന് സർക്കാർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. മണ്ണിടിച്ചിൽ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കയർ ഭൂവസ്ത്രം ധരിപ്പിച്ചും വാറ്റ്പുൽ ഉൾപ്പെടെ സസ്യങ്ങൾ നട്ടുപിടിപ്പിച്ചും മണ്ണിടിച്ചിൽ ഒഴിവാക്കാം. ഉപേക്ഷിക്കപ്പെട്ട പാറമടകളിലെ ജലം പ്രയോജനപ്പെടുത്തുന്ന പല പദ്ധതികളും ആവിഷ്കരിച്ചെങ്കിലും ഒന്നും യാഥാർഥ്യമായില്ല. പാറമടക്ക് സമീപത്തെ ഏക്കർ കണക്കിന് നെൽവയലുകളിൽ കൃഷി നടത്താനും ഭൂഗർഭ ജലവിതാനം നിലനിർത്തി വരൾച്ചയെ പ്രതിരോധിക്കാനും പ്രദേശത്തെ തരിശുരഹിത ഗ്രാമമായി നിലനിർത്താനും പദ്ധതികൾ ആവിഷ്കരിച്ചിരുന്നു.
വിശാലമായ പാടശേഖരമുള്ള ഇവിടങ്ങളിൽ പൂർണമായും ഹരിത ഊർജത്തിലൂടെ വിവിധ പദ്ധതികൾ നടപ്പിലാക്കാനാകും. ജില്ല ജിയോളജി മൈനിങ് വിഭാഗം നിരവധി തവണ ഇവിടങ്ങൾ സന്ദർശിക്കാറുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കാറില്ല. പ്രവർത്തനരഹിതമായ ക്വാറികളുടെ എണ്ണം ജിയോളജി വകുപ്പിൽ ലഭ്യമല്ലെന്നും അതുമായി ബന്ധപ്പെട്ട കണക്കുകൾ നഗരസഭ അധികൃതരിൽ നിന്നാണ് ലഭിക്കൂവെന്നുമാണ് ജിയോളജി-മൈനിങ് വിഭാഗം അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.