പന്തളം: യുക്രൈയ്നിൽനിന്ന് ഇരട്ടക്കുട്ടികൾ നാട്ടിലെത്തി. യുക്രൈനിലെ ഖാ൪കിവ് നാഷനൽ മെഡിക്കൽ സർവകലാശാലയിലെ ഒന്നാംവർഷ വൈദ്യശാസ്ത്ര ബിരുദ വിദ്യാർഥികളായ കുരമ്പാല മന്നംനഗറിൽ പെരുമ്പുളിക്കൽ അമരാവതിയിൽ അബുകുമാറിന്‍റെയും മീന പി. കുറുപ്പിന്‍റെയും മക്കളായ ദേവ് ദത്ത് പിള്ള, ദേവ നാഥ് പിള്ള എന്നിവരാണ് കഷ്ടവഴികൾ താണ്ടി ഉറ്റവരുടെയടുത്ത് എത്തിയത്.
ഖാർകിവിൽ ഏഴുദിവസം ബങ്കറിൽ താമസിച്ച ഇവർ കൂട്ടുകാർക്കൊപ്പം മെട്രോ തുരങ്കത്തിലൂടെ നടന്ന് റെയിൽവേ സ്റ്റേഷനിൽ എത്തുകയും അവിടെനിന്ന് കിയവ് പട്ടണംവഴി ട്രെയിൻ മാർഗം പോളണ്ടിനടുത്തുള്ള ലിവിവ് റെയിൽവേ സ്റ്റേഷനിൽ എത്തുകയുമായിരുന്നു. യുദ്ധം തുടങ്ങിയനാൾ മുതൽ നിക്കോലൈവിൽ റോഡിൽ യുക്രെയ്ൻ സൈന്യം ഉപരോധം സൃഷ്ടിച്ചതോടെ നാട്ടിൽ തിരികെയെത്താൻ സാധിക്കില്ലെന്ന ഭയപ്പാടിലായിരുന്നു ഇരുവരും. കഴിഞ്ഞ ഡിസംബർ മൂന്നിനാണ് പഠനത്തിനായി യുക്രൈനിൽ എത്തിയത്. കുട്ടികൾ ആറാം തീയതി രാത്രി ഡൽഹിയിലും ചൊവ്വാഴ്ച അർധരാത്രിയിൽ വീട്ടിലുമെത്തി.
അടൂര്‍: മുഹമ്മദ് അജാസും കൂട്ടുകാരായ ആറുപേരും യുദ്ധഭൂമിയിൽനിന്ന് നാട്ടിലെത്തി. മണ്ണടി ഷാജഹാന്‍ മന്‍സിലില്‍ ഷാജഹാന്‍റെയും നിസയുടെയും മകന്‍ മുഹമ്മദ് അജാസും കൂട്ടുകാരുമാണ് അവരവരുടെ വീട്ടിലെത്തിയത്. റഷ്യയുടെ അതിര്‍ത്തിയായ കിഴക്കന്‍ യുക്രെയ്ന്‍ ഖാര്‍കിവ് നാഷനല്‍ മെഡിക്കല്‍ സര്‍വകലാശാല കോളജിലെ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ് അജാസ്. സെര്‍പിനിയയിലെ ഫ്ലാറ്റിലായിരുന്നു താമസം. അതിര്‍ത്തിയില്‍ വന്‍ സ്ഫോടനത്തോടെയുള്ള ഷെല്ലാക്രമണം തുടങ്ങിയപ്പോഴാണ് ഭൂഗര്‍ഭ അറയിലേക്ക് താമസം മാറ്റിയത്.
വേണ്ടത്ര ഭക്ഷണവും കുടിവെള്ളവുമില്ലാതെ ബിസ്കറ്റും ബ്രെഡും മാത്രം കഴിച്ച് എട്ട് ദിവസം ഭൂഗര്‍ഭ അറയില്‍ ഭയത്തോടെയും ആശങ്കയോടെയും താമസിച്ച് ഒടുവില്‍ നാട്ടില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഭൂഗര്‍ഭ അറയിലൂടെ മൂന്ന് മണിക്കൂര്‍ നടന്നാണ് തങ്ങള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതെന്ന് മുഹമ്മദ് അജാസ് 'മാധ്യമ'ത്തോട് പറഞ്ഞു.
വെള്ളം മാത്രം കുടിച്ചായിരുന്നു യാത്ര. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞില്ല. കാലാവസ്ഥ മൈനസ് രണ്ട്-നാല് ഡിഗ്രി ക്രമത്തിലായിരുന്നു-കൊടും തണുപ്പ്. കാലിന് നല്ല പെരുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു. ട്രെയിനില്‍ കയറാന്‍ ഏറെ ബുദ്ധിമുട്ടി. യുക്രെയ്ന്‍കാരെ കയറ്റിയിട്ടു മാത്രമെ ഇന്ത്യക്കാരെ കയറ്റിയുള്ളു. ട്രെയിനില്‍ നല്ല തിരക്കായിരുന്നു. 22 കി.മീറ്റര്‍ നിന്ന് യാത്ര ചെയ്ത് ലിവീവില്‍ എത്തി. ഇടക്കിടെ ട്രെയിന്‍ നിര്‍ത്തി. നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് എല്ലാവരും കുനിഞ്ഞിരുന്നു. താമസ സ്ഥലത്തും യാത്രക്കിടയിലും ഷെല്ലുകള്‍ ഭീകരശബ്ദത്തോടെ പൊട്ടുന്നത് കേള്‍ക്കാമായിരുന്നു. പെണ്‍കുട്ടികള്‍ക്കായിരുന്നു ഏറെ ബുദ്ധിമുട്ട്. മൂത്രമൊഴിക്കാൻപോലും അവര്‍ക്ക് സൗകര്യം ലഭിച്ചില്ല. പിന്നീട് ഡല്‍ഹിയിലേക്കും അവിടെനിന്ന് കൊച്ചിയിലേക്കും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.