പന്തളം: വെള്ളിയാഴ്ച രാത്രി പുഴിക്കാട്, ചെറമുടിയിൽ, വാടകവീട്ടിൽ തലക്കടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ കൊല നടത്തിയ യുവാവിനെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാതെ പൊലീസ് കുഴയുന്നു. ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ മുളക്കുഴ, അരീക്കര പാറപ്പുറത്ത് സുരേഷിന്റെ ഭാര്യ സബിത എന്ന സജിതയെയാണ് (42) കൊലപ്പെടുത്തിയ ശേഷം ഒപ്പം താമസിച്ച തിരുവനന്തപുരം, വെള്ളറട സ്വദേശി ഷൈജു (34) കടന്നുകളഞ്ഞത്.
പന്തളം, പുഴിക്കാട് ഉൾപ്രദേശത്തിൽ ഇരുവരും എത്തിച്ചേർന്നു എന്നതും ഇവർക്ക് വാടകവീട് ക്രമീകരിച്ചു കൊടുത്തതും ആരാണെന്ന് ആർക്കും അറിഞ്ഞുകൂടാ. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ പൂഴിക്കാട് സ്വദേശിയുടെ വീട്ടിലാണ് ഇരുവരും താമസിച്ചുവന്നിരുന്നത്. വാടക ഓൺലൈൻ വഴിയാണ് അടച്ചിരുന്നത്രേ. വീട്ടുടമ ബംഗളൂരുവിൽ ആണെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി താമസക്കാരായ ഇരുവർക്കും അയൽവാസികളുമായി നാട്ടുകാരുമായോ സമ്പർക്കമില്ല. ഇടക്കിടക്ക് ബഹളം കേൾക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പ്ലംബിങ് തൊഴിൽ ചെയ്യുന്നു എന്നാണ് ചിലരോട് പറഞ്ഞിരുന്നുവെന്നും പൊലീസ് പറഞ്ഞു. വീട് പരിശോധനയിൽനിന്ന് പൊലീസ് കണ്ടെത്തിയ ഷൈജുവിന്റെ വിലാസത്തിൽ അന്വേഷണം നടത്തിയപ്പോൾ അവിടെ ഇത്തരത്തിൽ ഒരാളില്ലെന്നാണ് പൊലീസിന് ലഭിച്ച സന്ദേശം. കൊലപാതകത്തിനുശേഷം മൊബൈൽ ഫോൺ ഓഫ് ചെയ്ത് ബൈക്കിന്റെ താക്കോലുമായാണ് യുവാവ് കടന്നത്. ഫേസ്ബുക്കിലൂടെ ഇരുവരും പരിചയപ്പെട്ട് ഒപ്പം കൂടുകയായിരുന്നുവെന്നും അടുത്തിടെ വേറൊരു യുവതിയുമായി ഫോണിൽ സംസാരിച്ചത് സജിത ചോദ്യം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആരുമായി കൂടുതൽ അടുപ്പം ഇല്ലാത്തതും ഫോൺ ഓഫാക്കിയതും മൂലം ഷൈജുവിലേക്ക് എത്തിച്ചേരാൻ പൊലീസിന് കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.