പന്തളം: കരിങ്ങാലി പാടശേഖരത്തിലെ പോത്താലി, നെല്ലിക്കൽ പാടശേഖരങ്ങളിൽ ഇത്തവണയും കർഷകർ കൃഷി ചെയ്തില്ല. 100 ഏക്കറുള്ള പാടശേഖരം 15 വർഷത്തിലേറെയായി തരിശുകിടക്കുകയാണ്.
മുമ്പ് വൃശ്ചിക കാർത്തികക്ക് കൃഷി ഇറക്കി കാലവർഷം തുടങ്ങുന്നതിന് മുമ്പ് കൊയ്തെടുക്കുമായിരുന്നു. ഇവിടെ കൃഷി മുടങ്ങാൻ കാരണം നെല്ലിക്കൽ ബണ്ട് പുനർനിർമിച്ച് ചീപ്പ് സ്ഥാപിക്കാത്തതാണ്. പന്തളം നഗരസഭയിലെ 27, 28, 31 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് പാടശേഖരം.
കൊഴംകൊല്ല മുതൽ നെല്ലിക്കൽ വലിയതോടുവരെയുള്ള ചാൽ ആഴം കൂട്ടുകയും 110 മീറ്ററുള്ള പഴയ ബണ്ട് പുനർനിർമിക്കുകയും മധ്യഭാഗത്ത് 10 മീറ്റർ വീതിയിൽ ചീപ്പ് സ്ഥാപിക്കുകയും ചെയ്താൽ വെള്ളം ആവശ്യമുള്ളപ്പോൾ ചാലിൽനിന്ന് പമ്പ് ചെയ്ത് കൃഷിക്ക് ഉപയോഗിക്കാനും വർഷകാലങ്ങളിൽ അധികജലം ചാലിലേക്ക് ഒഴുക്കിവിടാനും കഴിയും.
ബണ്ട് കം റോഡ് പുനർനിർമിച്ചാൽ കൃഷിക്കാവശ്യമായ വിത്തും വളവും വാഹനങ്ങളിൽ എത്തിക്കാനും കൊയ്ത്തുമെതിയന്ത്രങ്ങൾ പടശേഖരത്തിൽ കൊണ്ടുവരാനും സാധിക്കും. 40 വർഷം മുമ്പ് നിർമിച്ച ബണ്ട് തകർന്നതോടെയാണ് ഇവിടെ കൃഷി നിലച്ചത്.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കരിങ്ങാലി പാടശേഖരത്തിലെ പന്തളം നഗരസഭയിൽപെട്ട ആയിരത്തിൽപരം ഏക്കറിൽ 700 ഏക്കറിൽ താഴെമാത്രമേ കൃഷി ചെയ്യുന്നുള്ളൂ. ബാക്കി തരിശാണ്. ആലപ്പുഴ ജില്ലയിൽനിന്നുള്ള ചിലർ നിലംഉടമകളിൽനിന്ന് പാട്ടത്തിെനടുത്ത് കൃഷി ചെയ്യുന്നതിനാലാണ് തരിശുനിലങ്ങൾ കുറഞ്ഞത്. നെല്ലിക്കൽ ബണ്ട് പുനർനിർമിച്ചാൽ കർഷകർ കൃഷി ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.