ഓണാഘോഷം കഴിഞ്ഞു; കോവിഡ് കളം കൈയടക്കുന്നു

പത്തനംതിട്ട/പന്തളം: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മലയാളി നിയന്ത്രണങ്ങളില്ലാതെ ഓണം ആഘോഷിച്ചതിന് പിന്നാലെ നിയന്ത്രിച്ച് നിർത്തിയ കോവിഡ് വീണ്ടും കളം കൈയടക്കുന്നു. സാമൂഹിക അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയുമുള്ള ഓണാഘോഷം കോവിഡിനെ വീണ്ടും വിളിച്ചുവരുത്തി. ഓണം കഴിഞ്ഞതോടെ കോവിഡ് ബാധിതരുടെ എണ്ണം ജില്ലയിൽ വർധിക്കുകയാണ്.

ഓണത്തിനുമുമ്പ് ദിനംപ്രതി 40-50 പേർക്ക് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്ന കോവിഡ് ഇപ്പോൾ 90- 100ലേക്ക് എത്തി. മുമ്പ് 50ൽ താഴെ തളർത്തിയിട്ട വൈറസിന്‍റെ തിരിച്ചുവരവ് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കി.

ജില്ല - ജനറൽ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും രോഗികൾ കൂടുതലായി എത്തുന്നുണ്ട്. പന്തളത്ത് മുമ്പത്തെക്കാളും ഇരട്ടിയിലധികം പേർക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിക്കുന്നത്.

കൂടുതൽ പരിശോധന നടത്തിയാൽ രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കും. പനിബാധിതരുടെ എണ്ണവും ഓണത്തിനുശേഷം കുതിച്ചുയർന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനിക്ക് ആശുപത്രികളിൽ ചികിത്സതേടി എത്തിയവർ ആയിരത്തിനു മുകളിലാണ്. ഓണത്തിനുമുമ്പ് ഇത് 500ൽ താഴെയായിരുന്നു.

കോവിഡ് നിയന്ത്രണവിധേയമായിരുന്നെങ്കിലും മുഖാവരണവും സാനിറ്റൈസറും ആറുമാസത്തേക്കുകൂടി നീട്ടി സർക്കാർ ആഗസ്റ്റ് ആദ്യവാരം ഉത്തരവിറക്കിയിരുന്നു. എന്നാൽ, പൊതുസ്ഥലങ്ങൾ, ബസുകൾ, ഓണാഘോഷ പരിപാടികൾ നടന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മുഖാവരണം ധരിക്കാൻ ഭൂരിഭാഗംപേരും തയാറായില്ല. ഓണക്കാലത്തുമാത്രം വ്യാപകമായ തിരക്ക് അനുഭവപ്പെട്ടിരുന്നു.ഓണത്തിനു വ്യാപാര സ്ഥാപനങ്ങളിലും വൻ തിരക്കായിരുന്നു. ചിലയിടങ്ങളിൽ സാനിറ്റൈസർ പോലുമില്ലായിരുന്നു. സാനിറ്റൈസറുണ്ടായിരുന്ന ഇടങ്ങളിൽ ഉപഭോക്താക്കൾ അതുപയോഗിക്കാനും തയാറായില്ല.ആറുമാസത്തേക്കു മുഖാവരണം നിർബന്ധമാക്കിയെങ്കിലും പരിശോധന നടത്താൻ ടീമിനെ നിയോഗിച്ചിരുന്നില്ല. നടപടിയില്ലാതായതോടെ ആളുകൾ മുഖാവരണം ധരിക്കാൻ മടിച്ചു. കോവിഡ് പൂർണമായും ഇല്ലാതായെന്ന മട്ടിലാണ് പെരുമാറ്റം.

Tags:    
News Summary - Onam is over Covid is spreading again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.