പന്തളം: പന്തളം നഗരസഭ ഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ബി.ജെ.പി സംസ്ഥാന- ജില്ല ഘടകങ്ങൾ വിളിച്ചുകൂട്ടിയ അനുരഞ്ജന ചർച്ചയിൽനിന്ന് നഗരസഭ ചെയർപേഴ്സൻ ഉൾപ്പെടെ 11 കൗൺസിലർമാർ വിട്ടുനിന്നു. ബി.ജെ.പി വിളിച്ചുകൂട്ടിയ ചർച്ചയിൽനിന്നും വിട്ടുനിൽക്കാൻ ആർ.എസ്.എസിന്റെ ഒരുവിഭാഗം ഇവർക്ക് നിർദേശം നൽകിയതായാണ് അറിയുന്നത്. കഴിഞ്ഞദിവസം ആർ.എസ്.എസ് ജില്ല നേതൃത്വം നഗരസഭയിലെ സംഭവവികാസങ്ങൾ പന്തളത്തെ പ്രാദേശിക നേതൃത്വത്തോട് ആരാഞ്ഞിരുന്നു.
വിവാദ വിഡിയോ പകർത്തിയ കൗൺസിലറുടെമേൽ തട്ടിക്കയറുകയും ചെയ്തതായി പറയപ്പെടുന്നു. തുടർന്നാണ് വെള്ളിയാഴ്ച രാവിലെ പത്തനംതിട്ടയിൽ ബി.ജെ.പി ജില്ല ഘടകം സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം പ്രശ്നപരിഹാരത്തിന് എല്ലാ കൗൺസിലർമാരെയും വിളിച്ചുകൂട്ടിയത്. നഗരസഭയിലെ പാർലമെന്‍ററി പാർട്ടി ലീഡർ കെ.വി. പ്രഭ, ബി.ജെ.പി ഏരിയ പ്രസിഡന്‍റും കൗൺസിലറുമായ സൂര്യ എസ്. നായർ ഉൾപ്പെടെ ഏഴുപേർ യോഗത്തിൽ പങ്കെടുത്തു. മുമ്പ് നഗരസഭയിൽ ഭരണപ്രതിസന്ധിക്കിടയാക്കിയ നിരവധി വിഷയങ്ങൾ സംസ്ഥാന- ജില്ല കമ്മിറ്റികൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടും ആരും ഗൗരവമായി എടുത്തില്ലെന്നായിരുന്നു വെള്ളിയാഴ്ചത്തെ യോഗത്തിൽനിന്ന് വിട്ടുനിന്ന കൗൺസിലർമാരുടെ പ്രതികരണം.
ചെയർപേഴ്സൻ, ഡെപ്യൂട്ടി ചെയർപേഴ്സൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങി 11 കൗൺസിലർമാരാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ഒരുവിഭാഗം കൗൺസിലർമാരെ മാറ്റിയത് ഭരണസമിതിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കും. പാർട്ടി പ്രാദേശിക ഘടകത്തിലെ പ്രശ്നപരിഹാരത്തിന് ഇറങ്ങിയ ബി.ജെ.പി ജില്ല നേതൃത്വത്തിന് അനുരഞ്ജനം ഉണ്ടാക്കാൻ കഴിയാത്ത അവസ്ഥയാണ്. ചെയർപേഴ്സൻ സുശീല സന്തോഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സമരങ്ങൾ കൊടുമ്പിരിക്കൊള്ളുമ്പോൾ ഭരണസമിതിയിലെ വിഭാഗീയത പരിഹരിക്കാൻ ബി.ജെ.പി നേതൃത്വം പത്തനംതിട്ടയിലാണ് ഒത്തുതീർപ്പ് ചർച്ച യോഗം വിളിച്ചത്. ഭരണസമിതിയിലെ 18 കൗൺസിലർമാർ പങ്കെടുക്കുന്ന ആദ്യഘട്ട ചർച്ചയും തുടർന്ന് സംഘടന ചുമതല ഉള്ളവരുടെ രണ്ടാം ഘട്ട ചർച്ചയുമായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനായി സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പത്തനംതിട്ടയിൽ എത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി വിളിച്ച ചർച്ചയിൽ പങ്കെടുക്കാതിരുന്ന കൗൺസിലർമാരുടെ ഭാവി ചോദ്യചിഹ്നമായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.