പന്തളം: കഴിഞ്ഞ ഒരുവർഷക്കാലം ഭരണവും സമരവും ഒരുപോലെ അരങ്ങേറിയ നഗരസഭയാണ് പന്തളം. തെക്കൻ കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പന്തളത്ത് വിവാദങ്ങൾ ഒഴിയാബാധയായി തുടരുന്നു. പ്രതിപക്ഷവും ഉദ്യോഗസ്ഥരും ചേർന്ന് ഭരണസമിതിയെ വട്ടംകറക്കുകയായിരുന്നു.
മറ്റ് ഇരു മുന്നണികളെയും കുറ്റപ്പെടുത്തുന്ന ബി.ജെ.പിക്ക് അധികാരം ലഭിച്ച പന്തളത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ജനം പ്രതീക്ഷിച്ചത്. എന്നാൽ, ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ ഭരണസമിതിക്ക് കഴിഞ്ഞില്ല.
ഒരുവർഷത്തിനിടെ ചുരുക്കം ദിവസങ്ങളിൽ മാത്രമേ നഗരസഭ സെക്രട്ടറി ഇവിടെ ഉണ്ടായിരുന്നുള്ളൂ. തുടക്കത്തിൽ ഉണ്ടായിരുന്ന സെക്രട്ടറി സ്ഥലംമാറി പോയതോടെയാണ് കഷ്ടകാലം തുടങ്ങിയത്. ആറു മാസത്തോളം സെക്രട്ടറിയില്ലാതെയാണ് നഗരസഭയുടെ പ്രവർത്തനം.
പുതിയ സെക്രട്ടറി നഗരസഭ പാസാക്കിയ ബജറ്റ് വ്യാജമെന്ന് കാണിച്ച് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയതിനെത്തുടർന്ന് പന്തളം നഗരസഭയിലുണ്ടായ രാഷ്ട്രീയ കോലാഹലങ്ങൾ ചെറുതല്ലായിരുന്നു. ഒടുവിൽ സെക്രട്ടറിയെ കട്ടപ്പനയിലേക്ക് സ്ഥലംമാറ്റിയതോടെയാണ് സമരത്തിന് ശമനം വന്നത്. ഒരുവർഷത്തോളം പ്രതിപക്ഷ സമരത്തിന് മുന്നിൽ മൗനം പാലിച്ചെങ്കിലും ഇനി അത്തരം സമീപനമായിരിക്കില്ലെന്നാണ് ചെയർപേഴ്സൻ സുശീല സന്തോഷ് പറയുന്നത്.
ഭരണത്തിന്റെ തുടക്കത്തിലുള്ള പോരായ്മകൾ മാറ്റി പന്തളത്തിന് സമഗ്ര വികസനത്തിനാണ് ഊന്നൽ നൽകുന്നത്.
`33 അംഗ നഗരസഭയിൽ 18 അംഗ ബി.ജെ.പി ഭരണസമിതിയാണ് നഗരസഭ ഭരിക്കുന്നത്. ഒരു സി.പി.എം വിമതന്റെ പിന്തുണയുമുണ്ട്. യു.ഡി.എഫ്-5, എൽ.ഡി.എഫ് -9 എന്നിങ്ങനെയാണ് സീറ്റ്നില.
പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം നഗരസഭ കെട്ടിടവും ബസ് ടെർമിനലും നിർമിക്കുന്നതിന് തടസ്സങ്ങൾ നീങ്ങിയതായി നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് പറഞ്ഞു.
15 കോടിയാണ് ആകെ അടങ്കൽ തുക. പന്തളം നഗരസഭയുടെ സ്ഥലം റവന്യൂ പുറമ്പോക്കിലല്ലെന്നും പഞ്ചായത്തുവകയാണെന്നും വില്ലേജ് രേഖകളിലുള്ളതിനാൽ നഗരസഭക്കുവേണ്ടി ഓഫിസ് മന്ദിരം പണിയുന്നതിന് തടസ്സമില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കലക്ടറുടെ അംഗീകാരത്തോടെ ലാൻഡ് റവന്യൂവിഭാഗം ഡെപ്യൂട്ടി കലക്ടറാണ് ഇക്കാര്യം നഗരസഭ അധികാരികളെ അറിയിച്ചത്. ലാൻഡ് റവന്യൂ കമീഷണറുടെ ഉത്തരവുകൂടി ലഭിച്ചാൽ കെട്ടിടം പണിക്കുള്ള നടപടി ആരംഭിക്കും. മൂന്നുനില മന്ദിരം നിർമിക്കാനാണ് രൂപരേഖ.
ഫെബ്രുവരിയോടെ പന്തളത്ത് ഗതാഗത പരിഷ്കാരം പൂർണമായും നടപ്പാക്കും. വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷനേടുന്നതിന് സമഗ്ര പ്രോജക്ടുകൾ തയാറാക്കും. ആധുനികരീതിയിൽ പന്തളം പബ്ലിക് മാർക്കറ്റ് നവീകരിക്കും.
ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. വരുംദിവസങ്ങളിൽ വഴിയോരക്കച്ചവടക്കാരെ പൂർണമായും ഒഴിപ്പിക്കും. നഗരസഭയുടെ എല്ലാ സ്ഥലത്തും വഴിവിളക്ക് സ്ഥാപിച്ചു.
നഗരസൗന്ദര്യവത്കരണം ഉടൻ തുടങ്ങും. ഫെബ്രുവരി 15നകം മാലിന്യസംസ്കരണ യൂനിറ്റ് യാഥാർഥ്യമാക്കും. വെള്ളപ്പൊക്കം രൂക്ഷമായി നേരിടുന്നതിനാൽ രണ്ട് ഫൈബർ ബോട്ടുകൾ വാങ്ങാൻ നഗരസഭ തീരുമാനിച്ചു. വരും വർഷങ്ങളിൽ പന്തളത്ത് സമഗ്രവികസനം നടപ്പാക്കുമെന്നും ചെയർപേഴ്സൻ സുശീല സന്തോഷ് പറഞ്ഞു.
സുശീല സന്തോഷ് (ചെയർപേഴ്സൻ, പന്തളം നഗരസഭ)
പന്തളം നഗരസഭ ഭരണം സമ്പൂർണ പരാജയമാണെന്ന് നഗരസഭ എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ ലസിത നായർ പറയുന്നു. കഴിഞ്ഞ ഒരുവർഷം നഗരസഭയിൽ ഒരു വികസനപ്രവർത്തനവും നടന്നിട്ടില്ല. ബി.ജെ.പിയിലെ ഗ്രൂപ്പ് രാഷ്ട്രീയവും പടലപ്പിണക്കവും ഭരണത്തെ കാര്യമായി ബാധിച്ചു.
നഗരസഭ പിരിച്ചുവിടണം എന്ന സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഭരണം തുടരാൻ ബി.ജെ.പിക്ക് ധാർമികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്.ഗതാഗത പരിഷ്കാരം പോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നില്ല. മാലിന്യനിർമാർജനം പൂർണ പരാജയമാണ്. നഗരസഭയിലെ താൽക്കാലിക നിയമനങ്ങളിലും അഴിമതിയാണ്. വഴിവിളക്ക് സ്ഥാപിക്കുന്നതിലും വൻ അഴിമതിയാണ് നടക്കുന്നത്.
നഗരസഭയിലെ പി.എം.വൈ ഭവനപദ്ധതിയുടെ ആറാം ഡി.പി.ആർ പൂർത്തീകരിക്കാത്തതിനാൽ അടുത്തഘട്ടം പദ്ധതി നഷ്ടമായി. പന്തളം പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനം നിലച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല. കോവിഡ്പ്രതിരോധം താളം തെറ്റി.
റോഡിന് ഇതര ഫണ്ടിന്റെ 24 ശതമാനം കോവിഡ് പ്രതിരോധത്തിന് ചെലവഴിക്കാമെന്ന ഗവൺമെൻറ് നിർദേശവും നടപ്പാക്കിയിട്ടില്ല. ജനറൽ വിഭാഗത്തിൽ വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള ഫണ്ട് വിതരണവും നടന്നിട്ടില്ല.
ലസിത നായർ (എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.