പന്തളം: റേഷൻ കടകളിൽ നേരിട്ടെത്താൻ പ്രയാസമുള്ളവരുടെ വീടുകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുനൽകാൻ സർക്കാർ ആവിഷ്കരിച്ച ‘ഒപ്പം’ പദ്ധതി ഏപ്രിലിൽ ജില്ലയിൽ തുടങ്ങിയേക്കും. ഇതുസംബന്ധിച്ച് യോഗം ഉടൻചേരും. ഓരോ മാസവും 10ാം തീയതിക്കകം റേഷൻ വീട്ടിലെത്തിക്കലാണ് ലക്ഷ്യം. ഓട്ടോകളിലാണ് സാധനങ്ങൾ എത്തിക്കുക. ഇതിനായി ജില്ലയിൽ ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ വൈകാതെ രൂപവത്കരിക്കും. പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കാൻ എല്ലാ യൂനിയനുകളുടെയും സഹായവും അധികൃതർ തേടിയിട്ടുണ്ട്.
കിടപ്പുരോഗികൾ, അവശതയനുഭവിക്കുന്നവർ, ഒറ്റക്ക് കഴിയുന്ന വയോധികർ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് റേഷൻ വീട്ടിലെത്തിച്ചുനൽകുക. ജില്ലയിൽ ശാരീരിക അവശതയുള്ള 3000 പേരുടെ പട്ടിക തയാറാക്കി, അതിൽനിന്ന് റേഷൻകടയിലെത്താൻ ബുദ്ധിമുട്ടുള്ളവരെ തെരഞ്ഞെടുത്തുകൊണ്ടിരിക്കുകയാണ്.
ജില്ല സപ്ലൈ ഓഫിസറുടെ മേൽനോട്ടത്തിൽ താലൂക്ക് സപ്ലൈ ഓഫിസർമാരാണ് ഒപ്പം പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.ഇ-പോസ് മെഷീനിൽ മാന്വൽ ട്രാൻസാക്ഷൻ മുഖേനയാകും റേഷൻ ധാന്യവിതരണം. റേഷനൊപ്പം കൈപ്പറ്റ് രസീത് കൂടി ഓട്ടോ ഡ്രൈവറുടെ പക്കൽ നൽകും. റേഷൻ കടയുടെ തൊട്ടടുത്ത ഓട്ടോ സ്റ്റാൻഡിൽനിന്നുള്ള ഡ്രൈവർമാരെയാകും പദ്ധതിക്കായി തെരഞ്ഞെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.