പന്തളം: പന്തളം ബ്ലോക്ക് ഓഫിസിന്റെ നവീകരിച്ച കെട്ടിടം ശനിയാഴ്ച ഉച്ചക്ക് 2.30ന് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ അധ്യക്ഷത വഹിക്കും. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് പ്രകാശനവും നടക്കും. ജെൻഡർ വികസനത്തിനും സ്ത്രീശക്തീകരണം ഏകോപിപ്പിക്കുന്നതിനും ജെൻഡർ റിസോർസ് സെന്ററും ആരംഭിക്കും. കുളനട, ആറന്മുള, മെഴുവേലി പന്തളം തെക്കേക്കര, തുമ്പമൺ എന്നീ അഞ്ച് പഞ്ചായത്തുകളാണ് പന്തളം ബ്ലോക്ക് പരിധിയിൽ വരുന്നത്.
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീശക്തീകരണ കേന്ദ്രം നിർമിച്ചപ്പോൾ ചോർന്നൊലിച്ച് കേടുപാട് സംഭവിച്ച പഴയ കെട്ടിടത്തിൽനിന്ന് ബ്ലോക്ക് ഓഫിസിനെ സ്ത്രീ ശാക്തീകരണ കേന്ദ്രത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റി. പൊളിച്ചു കളയുന്നതിന് ആലോചിച്ചിരുന്ന ഈ കെട്ടിടം 2023-24 വാർഷിക പദ്ധതിയിൽ 35 ലക്ഷം രൂപ വകയിരുത്തി നവീകരിച്ചത്. പല ഭാഗത്തായി പ്രവർത്തിച്ചിരുന്ന ഓഫിസുകൾ ശനിയാഴ്ച മുതൽ ഈ കെട്ടിടത്തിലേക്ക് മാറും. അഞ്ച് പഞ്ചായത്തുകളുടെ തൊഴിലുറപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട ജോലികൾ നിർവഹിക്കുന്ന വിവിധ ഓഫിസുകൾ, ജില്ല, മഹിളാപ്രധാൻ ഏജന്റുമാരുടെ ജോലികൾ മോണിറ്ററിങ് ചെയ്യുന്ന ജി.ഇ.ഒയുടെ ഓഫിസ്, വ്യവസായ വികസന ഓഫിസ് എന്നിവയും ഈ കെട്ടിടത്തിലേക്ക് മാറും. 1966 സെപ്റ്റംബർ അഞ്ചിനാണ് പഴയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത്. 1967 നവംബർ അഞ്ചിന് അന്നത്തെ ആലപ്പുഴ കലക്ടറായിരുന്ന എം. ദണ്ഡപാണിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ആലപ്പുഴ ജില്ലയിൽ ഉൾപ്പെട്ട മുളക്കഴ, വെണ്മണി, കുളനട മെഴുവേലി, ആറന്മുള എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുത്തിയാണ് 1965ൽ കുളനട ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസ് രൂപവത്കരിച്ചത്.
എന്നാൽ, 1983ല് പത്തനംതിട്ട ജില്ല രൂപവത്കരിച്ചപ്പോൾ ആലപ്പുഴ ജില്ലയിൽ ഉൾപ്പെട്ട മുളക്കഴ, വെണ്മണി പഞ്ചായത്തുകൾ കുളനട ബ്ലോക്കിൽനിന്ന് ഒഴിവാക്കി. പിന്നീട് മെഴുവേലി, കുളനട, ആറന്മുള എന്നീ മൂന്ന് പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു പിന്നീട് കുളനട ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫിസ് ആരംഭിച്ചത്. 2010ൽ കുളനട, പന്തളം ബ്ലോക്കുകളെ സംയോജിപ്പിച്ച് പന്തളം ബ്ലോക്ക് പഞ്ചായത്ത് രൂപവത്കരിക്കുകയും ഇപ്പോൾ നവീകരിച്ച കെട്ടിടം പന്തളം ബ്ലോക്ക് പഞ്ചായത്ത് ഓഫിസായി പ്രവർത്തിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.