പന്തളം: മതേതര സ്നേഹത്തിന്റെ സ്മാരകമായ കല്ലറയിൽ പമ്പൂരേത്ത് ചാണ്ടപ്പിള്ള കത്തനാരെന്ന് സമൂഹം അംഗീകരിച്ച വൈദികന് അന്ത്യവിശ്രമം. 75 വർഷം മുമ്പ് കത്തനാരുടെ ഹൈന്ദവരായ സുഹൃത്തുക്കൾ കാരയ്ക്കാട് സെന്റ് ജോസഫ് കത്തോലിക്ക പള്ളിമുറ്റത്ത് പണിതതാണ് കല്ലറ. ഏപ്രിൽ 10ന് കത്തനാരുടെ മരണത്തിന് 75 വർഷം തികഞ്ഞപ്പോൾ കുടുംബാംഗങ്ങളും ഇടവകക്കാരും പ്രത്യേക പ്രാർഥനയും കുർബാനയും നടത്തി.
ഒരു ക്രിസ്ത്യൻ പുരോഹിതന്റെ കല്ലറ ഹൈന്ദവ സഹോദരങ്ങൾ പണികഴിപ്പിച്ചത് മതമൈത്രിയുടെ പ്രതീകമായി ഇന്നും നിലകൊള്ളുന്നു. കാലം ഇത്ര പിന്നിട്ടിട്ടും പുതിയ തലമുറ ആ സ്നേഹത്തിന് മുന്നിൽ നമിക്കുന്നു.
പുതിയ പള്ളി പണിയാൻ പഴയ കല്ലറ മാറ്റിസ്ഥാപിച്ചപ്പോൾ അതിൽ ഇടവകക്കാർ കത്തനാരുടെ പേരിനൊപ്പം ഹൈന്ദവരായ കൂട്ടുകാർ സ്നേഹ, ബഹുമാന പുരസരം പണിതതെന്ന് കൊത്തിവെക്കാനും മറന്നില്ല. വൈദിക വൃത്തിക്കൊപ്പം സമൂഹ നന്മയാക്കായി പ്രവർത്തിച്ച കുളനട ഉള്ളന്നൂർ പമ്പൂരേത്ത് ചാണ്ടപ്പിള്ള കത്തനാർക്കുവേണ്ടിയാണ് 1949 ഏപ്രിൽ പത്തിന് സുഹൃത്തുക്കൾ കല്ലറയൊരുക്കിയത്. പുതിയ പള്ളി പണിയാൻ 2023 ഏപ്രിൽ 10ന് കല്ലറ മാറ്റിസ്ഥാപിച്ചപ്പോൾ പള്ളിയോടുചേർന്ന് ആദ്യ സ്ഥാനത്തുതന്നെ പുതിയ കല്ലറ തീർത്തു. ആചാരപ്രകാരം ബിഷപ് സാമുവേൽ മാർ ഐറേനിയോസിന്റെ കാർമികത്വത്തിലായിരുന്നു കത്തനാരുടെ ഭൗതികാവശിഷ്ടം പുതിയ കല്ലറയിലേക്ക് മാറ്റിയത്.
ശ്രീമൂലം പ്രജാസഭയിൽ വോട്ടവകാശമുണ്ടായിരുന്ന പുരോഹിതൻ, നിവർത്തന പ്രക്ഷോഭത്തിന്റെ മുന്നണി പോരാളി, മാന്തുക ഗവ. യു.പി സ്കൂൾ സ്ഥാപകൻ, പരുമല തിരുമേനിയുടെ സെക്രട്ടറി, കത്തോലിക്ക സഭയുടെ പുനരൈക്യ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖൻ, മാർ ഇവാനിയോസിന്റെ സംരക്ഷകൻ, കാരക്കാട് സെന്റ് ജോസഫ് കത്തോലിക്ക ഇടവകയുടെ പ്രഥമ വികാരി, സരസകവി മൂലൂർ എസ്. പത്മനാഭ പണിക്കർ, മഹാകവി പന്തളം കേരള വർമ തുടങ്ങിയവരുടെ ഉറ്റമിത്രം തുടങ്ങി ഒട്ടേറെ സവിശേഷതകളുടെ ഉടമയായിരുന്നു ചാണ്ടപ്പിള്ള കത്തനാർ.
കുളനടയിൽ സർക്കാർ ആശുപത്രി തുടങ്ങാൻ നേതൃത്വം നൽകിയതും ചന്ത സ്ഥാപിക്കാൻ മുൻകൈയെടുത്തതും അച്ചനാണെന്ന് ചെറുമകനും മൃഗസംരക്ഷണ വകുപ്പ് ജോയന്റ് ഡയറക്ടറുമായ കെ.എ. ജോണും ഇദ്ദേഹത്തിന്റെ സഹോദരപുത്രനായ അഡ്വ. കെ.സി. ജോസും പറഞ്ഞു. പമ്പൂരേത്ത് വീട്ടിൽ ഉമ്മുമ്മന്റെ രണ്ടാമത്തെ മകനായി 1870 ഏപ്രിലിൽ ജനിച്ച കത്തനാർ 1949 ഏപ്രിൽ 10ന് 79ാം വയസ്സിലാണ് നിര്യാതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.