പന്തളം: പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിൽനിന്ന് കുട്ടികളുടെ എണ്ണം വിദ്യാഭ്യാസ വകുപ്പിന് നൽകേണ്ട ആറാം പ്രവൃത്തി ദിനമായ തിങ്കളാഴ്ച വാഗ്ദാന പെരുമഴയുമായി അധ്യാപകരും സ്കൂൾ അധികൃതരും. കുട്ടികൾ കുറഞ്ഞാൽ ഡിവിഷൻ കുറഞ്ഞു ജോലി പ്രതിസന്ധിയിലാകും എന്നതിനാലാണ് അധ്യാപകരുടെ നെട്ടോട്ടം. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനു മുമ്പ് വിദ്യാർഥികളുടെ എണ്ണം സ്കൂളുകളിൽനിന്ന് നൽകണമെന്നായിരുന്നു സർക്കാർ നിർദേശം.
സ്കൂളുകളിൽ ഡിവിഷൻ കൂട്ടി അധ്യാപക തസ്തിക വർധിപ്പിക്കാനും ജോലി സംരക്ഷിക്കാനുമുള്ള ഓട്ടത്തിൽ അധ്യാപകർക്കൊപ്പം കുടുംബാംഗങ്ങളുമുണ്ട്. എൽ.പി സ്കൂളുകളിൽ 30 വിദ്യാർഥികളിൽ കൂടുതലുണ്ടെങ്കിലേ ഒരു ഡിവിഷൻകൂടി അനുവദിക്കൂ. ആറു മുതൽ എട്ടു വരെ ക്ലാസുകളിൽ ഡിവിഷൻ തിരിക്കണമെങ്കിൽ 35 വിദ്യാർഥികൾ വേണം. അന്തർസംസ്ഥാന തൊഴിലാളികളുടെ മക്കളുടെ പ്രായം തെളിയിക്കുന്ന രേഖകൾ തിരഞ്ഞും സ്കൂളിൽ ചേർത്താലുള്ള ഗുണങ്ങൾ വിവരിച്ചും അധ്യാപകർ സജീവമാണ്. പന്തളത്ത് വിവിധ സ്കൂളുകളിലായി പത്തിലേറെ അന്യസംസ്ഥാന വിദ്യാർഥികളും പഠിക്കുന്നുണ്ട്.
അധ്യാപക സംഘടനയും ഇടപെട്ടിട്ടുണ്ട്. 25,000 രൂപയും വിദ്യാർഥിക്കു സൈക്കിളുമാണ് അധ്യാപകരുടെ വാഗ്ദാനം. പുതുതായി ചേരുന്ന കുട്ടികൾക്കു പന്തളത്തെ ഒരു സ്കൂളിൽനിന്നുള്ള വാഗ്ദാനം സൈക്കിളാണ്. പുതിയ കുട്ടികൾക്കു സഞ്ചരിക്കാൻ സൗജന്യ ബസ് സൗകര്യം ലഭിക്കും. ഇത് ആവശ്യമില്ലാത്തവർക്കാണ് സൈക്കിളിന്റെ ഓഫർ. ഈ സ്കൂളിൽ 114 കുട്ടികൾ ചേർന്നു. 10 കിലോമീറ്റർ ചുറ്റളവിൽ വരെ സ്കൂൾ ബസിൽ സൗജന്യ യാത്രയും ഉറപ്പു നൽകുന്നുണ്ട്. ഇപ്പോൾ എയ്ഡഡ് സ്കൂളുകളിലെ കുട്ടികളെയും ഉന്നംവെച്ചു തുടങ്ങിയതോടെ ജോലി പോകുമെന്ന ആശങ്കയിൽ മറ്റു സ്കൂളൂകളിലെ അധ്യാപകരും വാഗ്ദാനങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.