പന്തളം: വേനൽക്കാലം കടുത്തതോടെ കരുത്താർജിച്ച് പഴവിപണി. ചൂടുകാലത്തോടൊപ്പം റമദാൻ നോമ്പുകൂടി വന്നതോടെ മുൻ വർഷത്തെക്കാൾ വലിയ കച്ചവടമാണ് പഴവിപണിയിൽ. തണ്ണിമത്തനു തന്നെയാണ് ആവശ്യക്കാർ കൂടുതൽ. 25 മുതലാണു തണ്ണിമത്തന് വില വരുന്നത്. മഞ്ഞനിറത്തിലുള്ള തണ്ണിമത്തനുകളും ഇത്തവണ കൂടുതലായി വിറ്റഴിക്കപ്പെടുന്നുണ്ട്. മുന്തിരി, ഓറഞ്ച്, ആപ്പിൾ, മാമ്പഴം എന്നിവക്കും ആവശ്യക്കാർ ഏറെയാണ്.
മാമ്പഴങ്ങളിൽ തന്നെ അൽഫോൻസ, സിന്ദൂര തുടങ്ങിയവും ഓറഞ്ചിൽ സാധാരണ ഓറഞ്ച്, സിട്രസ് ഓറഞ്ച്, ജുർത്തക്കാൽ ഓറഞ്ച് തുടങ്ങിയ ഇനങ്ങളും മുന്തിരിയിൽ തന്നെ കുരുവുള്ളതും കുരുവില്ലാത്തതുമായി പച്ച, കറുത്ത മുന്തിരികൾ തുടങ്ങി ഓരോ പഴങ്ങളുടെയും വ്യത്യസ്ത ഇനങ്ങൾ വിപണിയിലെത്തിയ സമയമാണ് ഇപ്പോൾ. ഡ്രാഗൺ ഫ്രൂട്ട്, ഷമാം, അനാർപോലെയുള്ള പഴങ്ങൾക്കും ഏറെ ആവശ്യക്കാരുണ്ട്. പ്രധാനമായും ജ്യൂസിനാണ് ഇവ ഉപഭോക്താക്കൾ വാങ്ങുന്നത്.
എപ്പോഴും ഡിമാൻഡുള്ള ഏത്തപ്പഴം ഏറെ വിറ്റുപോകുന്നുണ്ട്. 35-40 രൂപയാണ് വില. പഴങ്ങൾക്കു പുറമെ നോമ്പുകാലത്തെ പ്രധാനികളായ ഈത്തപ്പഴത്തിന്റെ വിപണിയും സജീവമാണ്. കിലോക്ക് 150 മുതൽ ആയിരത്തിലേറെ രൂപ വില വരുന്ന ഈത്തപ്പഴങ്ങളുണ്ട് വിപണിയിൽ. കശുവണ്ടി, ബദാം, ഉണക്ക മുന്തിരി എന്നിവക്കും ആവശ്യക്കാർ കൂടുതലാണ്.
വഴിയോരക്കച്ചവടത്തിലും ഇപ്പോൾ പൊടിപൊടിക്കുന്നത് പഴം വിൽപനയാണ്. തണ്ണിമത്തൻ, മാമ്പഴം, മുന്തിരി എന്നിവയാണ് പ്രധാനമായും വഴിയോരങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. വേനൽമഴയിലെ ഏറ്റക്കുറച്ചിലുകളും പൊതുവെയുള്ള സാമ്പത്തിക പ്രതിസന്ധിയും വിപണിയെ ബാധിക്കുന്നുണ്ടെന്നു കച്ചവടക്കാർ പറയുന്നു. അതേസമയം, ചൂട് വർധിക്കുകയും അവധിക്കാലവും ആയതിനാൽ ഇനിയും പഴം വിപണി കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.