പന്തളം: തട്ട ഒരിപ്പുറം ക്ഷേത്രത്തിന് സമീപം വീടിന് തീപിടിച്ചു. ഇടമാലിയിൽ വേമ്പനാട്ട് പടിഞ്ഞാറ്റതിൽ ജഗദമ്മയുടെ വീടിനാണ് തീപിടിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ജഗദമ്മയും സഹോദരിയും മകനുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. സംഭവ സമയത്ത് ഇവരാരും വീട്ടിൽ ഉണ്ടായിരുന്നില്ല. അടൂർനിന്ന് സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ രണ്ട് യൂനിറ്റും പത്തനംതിട്ടയിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ അജിത് കുമാറിന്‍റെ നേതൃത്വത്തിൽ ഒരു യൂനിറ്റും സ്ഥലത്തെത്തി തീയണച്ചു.
റഫ്രിജറേറ്ററിന്‍റെ കംപ്രസർ ചൂടായി തീ പിടിച്ചതാണെന്ന് ഫയർഫോഴ്സ് അറിയിച്ചു. മുറിക്കുള്ളിൽ ഉണ്ടായിരുന്ന മണ്ണെണ്ണ പാത്രം മറിഞ്ഞുവീണ് അടുക്കളയിൽ പടരുകയും റഫ്രിജറേറ്ററിന്‍റെ ഭാഗത്ത് ഉണ്ടായ തീ ആളിപ്പടരുകയും ചെയ്തു.
ചെറിയ തോതിൽ പൊട്ടിത്തെറികൾ ഉണ്ടായത് അഗ്നിശമന പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കി. റഫ്രിജറേറ്റർ പല കഷണങ്ങളായി ചിതറി. തൊട്ടടുത്ത മുറിയിൽ രണ്ട് പാചകവാതക സിലിണ്ടറുകൾ ഉണ്ടായിരുന്നെങ്കിലും തീ അവിടേക്ക് പടരാതിരുന്നത് അപകടം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.