പന്തളം: വർഷങ്ങൾക്ക് ശേഷമായിരുന്നു പലരും ആ കാഴ്ചകൾ കാണുന്നത്. സന്തോഷം കൊണ്ട് അവരുടെ കണ്ണുകൾ തിളങ്ങി. ആഹ്ലാദത്തോടെ കടൽ വെള്ളത്തിലേക്കും ഇറങ്ങി. യാത്രയുടെ ആനന്ദ നിമിഷങ്ങൾ അവർ ആവേശ പൂർവം ആഘോഷമാക്കുകയും ചെയ്തു.
പന്തളം ബ്ലോക്ക് പഞ്ചായത്തും തുമ്പമൺ സാമൂഹിക ആരോഗ്യ കേന്ദ്രം സെക്കന്ററി പാലിയേറ്റീവും നേതൃത്വത്തിൽ ഒരുക്കിയ യാത്രയാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആനന്ദ നിമിഷങ്ങൾ പകർന്നത്. ശനിയാഴ്ചയാണ് 40 രോഗികളെയും കൂട്ടിരിപ്പുകാരെയും കൂട്ടി മെഡിക്കൽ ഓഫീസറും ആരോഗ്യ പ്രവർത്തകരും ചേർന്ന് ആലപ്പുഴ കൃഷ്ണപുരം കൊട്ടാരം, കൊല്ലം അഴീക്കൽ ബീച്ച് എന്നിവിടങ്ങളിലേക്ക് യാത്ര പോയത്.
അഴീക്കൽ ബീച്ചിൽ തിരമാലകൾ കാലുകൾ നനച്ചപ്പോൾ മനസ്സുകളിൽ ആനന്ദത്തിന്റെ തിരതല്ലുന്നത് മുഖത്ത് പ്രതിഫലിച്ചിരുന്നു. പലരും രാവിലെ ഒമ്പതോടെ തുമ്പമൺ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് യാത്ര തിരിച്ചത്. ഉച്ചഭക്ഷണം ഓച്ചിറയിലെ ഹോട്ടലിൽ ആണ് ഒരുക്കിയത്. വൈകുന്നേരം അഞ്ചോടെ തിരിച്ചെത്തി.
വിനോദ യാത്രയുടെ ഫ്ലാഗ് ഓഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ നിർവഹിച്ചു. തുമ്പമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബി. എസ് അനീഷ്മോൻ, തുമ്പമൺ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഗീത റാവു, പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം ശ്രീവിദ്യ, തുമ്പമൺ മെഡിക്കൽ ഓഫീസർ ആൻസി മേരി എന്നിവർ സംസാരിച്ചു.
തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെ സെക്കന്ററി പാലിയേറ്റിവിൽ നിലവിൽ പരിചരിച്ചു വരുന്ന രോഗികൾ ആണ് യാത്രയിൽ ഉണ്ടായിരുന്നത്.ഹെൽത്ത് സൂപ്പർവൈസർ ബിമൽ ഭൂഷൻ, തെക്കേക്കര ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജു, ആരോഗ്യവകുപ്പിലെ ആശുപത്രി ജീവനക്കാരായ വിനോദ്കുമാർ, ജോളി മാത്യു , മഞ്ജു മാധവൻ, ഷമീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.