പന്തളം: കെ.ഐ.പി കനാലിൽ ചോർച്ചയുണ്ടായി വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറുന്നത് ദുരിതമാകുന്നു. കർഷകരുടെയടക്കം നിരന്തര ആവശ്യപ്രകാരമാണ് കല്ലട ജലസേചന പദ്ധതിയുടെ കുരമ്പാല ഭാഗത്ത് കനാൽ തുറന്നത്. എന്നാൽ, വ്യാപക ചോർച്ചയുണ്ടാകുന്നതിനാൽ നാട്ടുകാർ ആശങ്കയിലാണ്.
കുരമ്പാല ജംഗ്ഷന് സമീപം പെരുമ്പുളിക്കൽ റോഡിൽ പലസ്ഥലത്തും കനാൽ ചോരുന്നതിനാൽ വെള്ളക്കെട്ടായി മാറി. കുരമ്പാല പെരുമ്പുളിക്കൽ ഭാഗത്തെ വിവിധ പ്രദേശങ്ങളിൽ ഉപകനാലുകളിലും വ്യാപകമായി ചോർച്ചയുണ്ട്. ചോർച്ച ശക്തിയായതോടെ സമീപകാലത്ത് നിർമാണം പൂർത്തിയാക്കിയ ഗ്രാമീണ റോഡുകളിൽ പലതും തകർന്നനിലയിലാണ്. കുരമ്പാല, പെരുമ്പുളിക്കൽ റോഡിലും വെള്ളം ഒഴുകുന്നു. ഈ ഭാഗങ്ങളിൽ പുരയിടങ്ങളിലും കൃഷി സ്ഥലങ്ങളിലും വെള്ളം കയറി.
ഉപകനാലുകളിലുടെ എത്തുന്ന വെള്ളവും പലയിടങ്ങളിലും കവിഞ്ഞൊഴുകുന്നുണ്ട്. കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടതുമൂലം വൻതോതിൽ മാലിന്യങ്ങളും ഒഴുകിയെത്തുന്നുണ്ട്. വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായ വൃത്തിയാക്കലിനോ തകർന്നുപോയ ഉപകനാലിന്റെ ഭാഗങ്ങൾ പൂർവ സ്ഥിതിയിലാക്കുന്നതിനോ അധികൃതർ തയാറായിട്ടില്ല. കെ.ഐ.പി സബ് സെക്ഷൻ ഓഫിസ് അടൂരിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ജീവനക്കാരില്ലാത്തതുകാരണം ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.