മൈലപ്ര: അധിനിവേശത്തിനെതിരായ പോരാട്ടത്തിൽ വീറുറ്റ ചരിത്രം രചിച്ചുകൊണ്ടിരിക്കുന്ന ഫലസ്തീനികളെ പരിചയപ്പെടുത്തുമ്പോൾ സദസ്സിൽ ഐക്യദാർഡ്യത്തിനൊപ്പം കണ്ണീർതുള്ളികളും പൊടിഞ്ഞു. ഫലസ്തീൻ വിഷയം മതപരമല്ലെന്നും രാഷ്ട്രീയ- അധിനിവേശമാണെന്നും ഓർമ്മിപ്പിക്കുന്നതായിരുന്നു അറബിക് നാടക മൽസര വേദിയിൽ ഐരവൺ പി.എസ്.വി.പി.എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. ഇവരാണ് ഹൈസ്കൂൾവിഭാഗം അറബിക് നാടകത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.
നാടകം അരങ്ങേറിയ നാലാംനമ്പർ വേദിയുടെ അസൗകര്യങ്ങൾക്കിടയിലും അവർ ഓരോരുത്തരും ഫലസ്തീൻ പൗരൻമാരായി മാറുകയായിരുന്നു. ‘ഞങ്ങൾ ഇവിടെത്തന്നെ തുടരും’ എന്ന തലക്കെട്ടിലാണ് പത്തംഗം സംഘം നാടകവുമായി എത്തിയത്. രക്തസാക്ഷിത്വത്തിന്റെ ഏറ്റവും ഉത്തുംഗശൃംഗം പിറന്ന മണ്ണിനായുള്ള പോരാട്ടമാണ്. തലമുറകൾ മരിച്ചുവീഴുമ്പോഴും വീണ്ടും പോരാട്ടത്തിലേക്ക് അവർ നീങ്ങുകയാണ്. രക്തസാക്ഷികളായ കുഞ്ഞുങ്ങൾക്കും അമ്മമാർക്കും വീരോചിത യാത്രയയപ്പ് നൽകി അവർ പോരാട്ട കളത്തിലേക്ക് നീങ്ങുന്നു. ഇവിടെ ജനിച്ചു ഈ മണ്ണിനുവേണ്ടി മരിക്കുമെന്ന് ഓരോ ഫലസ്തീനിയും ലോകത്തോടു വിളിച്ചുപറയാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.
അധിനിവേശ ശക്തികൾ ഇല്ലായ്മചെയ്യാൻ എല്ലാ അടവുകളും പയറ്റുമ്പോഴും ഫലസ്തീനികളുടെ വർധിത പോരാട്ടവീര്യം ലോകത്ത് ചർച്ചയാകുന്നു. നിങ്ങൾ കൊന്നുകുഴിച്ചുമൂടുന്നത് വിപ്ലവത്തിന്റെ വിത്താണെന്ന് ഓർമ്മിപ്പിച്ചാണ് 22 മിനിറ്റ് നീണ്ട നാടകം അവസാനിച്ചത്.
പി.എസ്.വി.പി.എം സ്കൂളിലെ ഹൈസ്കൂൾ അറബിക് അധ്യാപകനും തിരുവനന്തപുരം കിളിമാനൂർ സ്വദേശിയുമായ ഹിഷാമുദ്ദീനാണ് നാടകം രചിച്ച് സംവിധാനം ചെയ്തത്. എൽ.പി വിഭാഗം അറബിക് അധ്യാപകൻ ഫൈസൽ എല്ലാസഹായവുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.