പത്തനംതിട്ട: എലിപ്പനി ബാധിച്ച് കൊടുമണ്ണിൽ രണ്ടുപേർ കൂടി മരിച്ചതോടെ ജനം ഭീതിയിൽ. ആരോഗ്യമന്ത്രിയുടെ നാട്ടിലാണ് എലിപ്പനി മരണം സംഭവിച്ചത്. ശനിയാഴ്ച പെരിങ്ങനാട്ട് സ്വദേശി എലിപ്പനി ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് കൊടുമണിൽ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകൾ കൂടി മരിച്ചത്. ആങ്ങമൂഴിയിൽ ഒരു വയസ്സുകാരി പനി ബാധിച്ചു മരിച്ചതും കഴിഞ്ഞ ദിവസമാണ്. എന്നാൽ, ഇതിൽ ഇതുവരെ ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം വന്നിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കുകയും പേരിനുമാത്രമാവുകയും ചെയ്ത സാഹചര്യമാണ് ജില്ലയിൽ എങ്ങും നിലനിൽക്കുന്നത്.
മഴക്കാലമായതോടെ ജില്ലയിൽ വ്യാപകമായി പനി പടർന്നുപിടിക്കുകയാണ്. ഇതിനകം നിരവധിപേർക്ക് ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിത്യേന നിരവധിപേർ ചികിത്സതേടി എത്തുന്നു. എലിപ്പനി ബാധിച്ചവരിൽ അധികവും തൊഴിലുറപ്പ് തൊഴിലാളികളാണ്. എലിപ്പനി പ്രതിരോധ മരുന്ന് വിതരണം മാത്രം പലയിടത്തും നടന്നിട്ടുണ്ട്. എന്നാൽ, മിക്കവരും ഇത് കഴിച്ചിട്ടില്ല.
മരുന്ന് കഴിക്കാൻ പലരും മടിക്കുകയാണ്. ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നില്ല. ജില്ല ആസ്ഥാനം ഉൾപ്പെടെ മിക്ക പ്രദേശങ്ങളിലും മാലിന്യം കുമിഞ്ഞ് കൂടിക്കിടക്കയാണ്. മാലിന്യം നിറഞ്ഞ് കൊതുകും എലിയും പെറ്റുപെരുകുകയാണ്. ശുചീകരണം പ്രഹസനമായി മാറുന്നതായി ആക്ഷേപമുണ്ട്.
മലിനജലവുമായി സമ്പര്‍ക്കമുണ്ടാകുന്ന എല്ലാവരും മുന്‍കരുതലായി പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. എലിപ്പനി പ്രതിരോധത്തിനായി ഡോക്സി സൈക്ലിന്‍ ഗുളികയാണ് കഴിക്കുന്നത്. എലിയുടെയും മറ്റു മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന പ്രത്യേക ബാക്ടീരിയ മനുഷ്യനില്‍ പ്രവേശിച്ചുണ്ടാക്കുന്ന രോഗമാണ് എലിപ്പനി.
രോഗാണു അകത്തുകടന്നാല്‍ ഏകദേശം അഞ്ചുമുതല്‍ 15 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങളുണ്ടാകും. ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഡെങ്കിപ്പനിയും പടർന്നുപിടിക്കയാണ്. പ്രധാനമായും തോട്ടം മേഖലകളിലാണ് ഡെങ്കിപ്പനി പിടിപെട്ടിട്ടുള്ളത്. കോന്നി, അരുവാപ്പുലം, ചിറ്റാർ, സീതത്തോട്, കലഞ്ഞൂർ, കൊക്കാത്തോട്, പ്രമാടം, കൊടുമൺ തുടങ്ങിയ ഇടങ്ങളിൽ ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പത്തനംതിട്ട: എലിപ്പനി ബാധിച്ച് ജില്ലയിൽ മൂന്നുപേർ മരണത്തിന് കീഴടങ്ങിയിട്ടും ജില്ലക്കാരിയായ ആരോഗ്യമന്ത്രി അനങ്ങാപ്പാറ നയം തുടരുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ആരോപിച്ചു. മഴക്കാലമായതോടെ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചിട്ടും മരുന്നോ മറ്റ് സൗകര്യങ്ങളോ ഒരുക്കുന്നതിൽ മന്ത്രിയും ആരോഗ്യവകുപ്പും പരാജയപ്പെട്ടു.
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഒ.പിയിൽ മണിക്കൂറുകളോളം ക്യൂവാണ്. കൂടുതൽ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ആശുപത്രികളിൽ വിന്യസിപ്പിക്കണം. തദ്ദേശ വാർഡുകളിൽ മഴക്കാലത്തിന് മുമ്പുള്ള ശുചീകരണത്തിന് അനുവദിച്ചിട്ടുള്ള 10,000 രൂപ ഒന്നിനും തികയുന്നില്ല. തുക വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ ചെവിക്കൊണ്ടിട്ടില്ല. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഒരു വാർഡിൽ 25,000 രൂപ ശുചീകരണത്തിന് അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.