പത്തനംതിട്ട: ചുവപ്പുനാടകളിൽ കുരുങ്ങിയ ജില്ല ജയിൽ നിർമാണത്തിന് വീണ്ടും ജീവൻ വെക്കുന്നു. പദ്ധതിയുടെ രണ്ടാംഘട്ട നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിരുന്നു. രണ്ടാം ഘട്ട നിർമാണത്തിനാവശ്യമായ സാമ്പത്തികാനുമതി തിരുവനന്തപുരത്തെ ചീഫ് എൻജിനീയറുടെ ഓഫിസിൽനിന്ന് ലഭിച്ചു.
അഞ്ചു കോടിക്ക് മേലുള്ള സർക്കാർ പദ്ധതികൾക്ക് പ്രത്യേക അനുമതി ആവശ്യമുണ്ട്. അടുത്ത മാസം (ഒക്ടോബർ) അവസാന ആഴ്ച്ചയോടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിന് മുന്നോടിയായി കോൺക്രീറ്റ് ഉറപ്പിന്റെ പഠന റിപ്പോർട്ടും ആദ്യഘട്ടത്തിലെ അഗ്നിസുരക്ഷാ അനുമതി പത്രവും ലഭിക്കണം. കോൺക്രീറ്റ് പഠന റിപ്പോർട്ട് ഗവ. എൻജിനീയറിങ് കോളജ്, അല്ലെങ്കിൽ സർക്കാർ അനുമതിയുള്ള ഏജൻസികളിൽ നിന്നുവേണം ലഭിക്കാൻ.
അഗ്നിശമന സേനാ വകുപ്പിന്റെ റീജനൽ ഓഫിസിൽ നിന്നാണ് അഗ്നിസുരക്ഷാ ലൈസൻസ് ലഭിക്കേണ്ടത്. ഇതിനുള്ള കാര്യങ്ങൾ കരാറുകാരനുമായി ബന്ധപ്പെട്ട് അതിവേഗം നടക്കുന്നു. മാറിയ അഗ്നി സുരക്ഷാ നടപടികൾ പ്രകാരമാണ് പുതിയ അനുമതി പത്രത്തിന് അപേക്ഷ നൽകിയത്. 2019ലെ കെട്ടിട നിർമാണ അനുമതിയിൽ നിന്നും അഗ്നിസുരക്ഷാ നടപടികളിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ നടപടികൾ വൈകിയിരുന്നു. രണ്ടാംഘട്ട നിർമാണത്തിനുള്ള സാങ്കേതികാനുമതി ലഭിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും പ്രവർത്തനങ്ങൾ ഇഴഞ്ഞത് പദ്ധതി വൈകുന്നതിന് കാരണമായി.
ആഭ്യന്തരവകുപ്പിൽനിന്ന് 6.98 കോടി രൂപ നേരത്തേ ലഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ പണികൾ ആരംഭിക്കുമെന്നായിരുന്നു ജയിൽ അധികൃതർ പറഞ്ഞിരുന്നത്. പക്ഷേ, പിന്നീട് സാങ്കേതികാനുമതി ലഭിക്കാൻ മൂന്നുമാസത്തോളം താമസിച്ചു. അതിനാൽ വീണ്ടും പണികൾ മാസങ്ങളോളം നീണ്ടുപോയി. രണ്ടു കോടിക്കുമുകളിൽ ചെലവുള്ള പദ്ധതിയായതിനാൽ എറണാകുളം നീതിന്യായ വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. 2019 മാർച്ചിലാണ് പുതിയ ജില്ല ജയിൽ കെട്ടിടത്തിന് തറക്കല്ലിട്ടത്. സീവേജ് പ്ലാന്റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തിൽ പ്ലാൻ മാറ്റേണ്ടിവന്നു. ചുട്ടിപ്പാറയുടെ അടിവാരത്തുള്ള ജയിലിന്റെ സ്ഥലം പാറകൾ നിറഞ്ഞതാണ്. ഇതാണ് പ്ലാൻ മാറ്റാൻ കാരണം.
കഴിഞ്ഞ ആറുവർഷമായി പത്തനംതിട്ട ജില്ലയിൽ ജയിൽ പ്രവർത്തിക്കുന്നില്ല. പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി ജയിൽ പൊളിച്ചുനീക്കിയതോടെയാണിത്. എന്നാൽ മൂന്നുഘട്ടമായി നിർമാണം ആരംഭിച്ച കെട്ടിടത്തിന്റെ ഒന്നാംഘട്ടം മാത്രമാണ് പൂർത്തിയാക്കാനായത്.
മൂന്നുനിലകളിൽ നിർമിക്കുന്ന ജില്ല ജയിൽ സമുച്ചയത്തിന്റെ ഓരോനിലയും ഒരോഘട്ടമായി പൂർത്തിയാക്കാനായിരുന്നു തീരുമാനം. സബ് ജയിലിൽനിന്ന് ജില്ല ജയിൽ പദവി ലഭിച്ചതിനെ തുടർന്നാണ് പുതിയ ജയിൽ നിർമാണം ആരംഭിച്ചത്. ഒന്നാം ഘട്ടത്തിൽ ലഭിച്ച അഞ്ചരക്കോടി രൂപകൊണ്ട് താഴത്തെ നിലയിലെ നിർമാണങ്ങൾ മുഴുവനും പൂർത്തിയാക്കി. മൊത്തം 200 പേരെ പാർപ്പിക്കുന്നതിനുള്ള സൗകര്യം പുതിയ ജയിൽ കെട്ടിടത്തിലുണ്ടാകും. നിർമാണം പൂർത്തിയായ താഴത്തെ നിലയിൽ 70 പേരെ താമസിപ്പിക്കാനാകും.
രണ്ട് ചെറിയസെല്ലും ഒരു വലിയസെല്ലും ഈ നിലയിലുണ്ട്. വലിയ സെല്ലുകളിൽ 30 പേരെ വീതവും ചെറുതിൽ പത്തുപേരെയും പാർപ്പിക്കാനാകും. കൂടാതെ, അടുക്കളയും ഓഫിസ് മുറികളും ജീവനക്കാർക്കുള്ള മുറികളും താഴത്തെ നിലയിലാണുള്ളത്. എന്നാൽ മുമ്പ് ഇവിടെയുണ്ടായിരുന്ന വനിതാ സെൽ ഇനിയുണ്ടാവില്ല. രണ്ടാംഘട്ടത്തിൽ ചുറ്റുമതിലിന് മുകളിൽ വൈദ്യുതിവേലി, മാലിന്യനിർമാർജന പ്ലാന്റ്, ഒന്നാം നിലയിൽ തടവുകാരെ പാർപ്പിക്കുന്നതിനുള്ള മുറികൾ എന്നിവയാണ് നിർമിക്കുന്നത്.
ഈ ഘട്ടം പൂർത്തിയാകുന്നതോടെ ജയിലിന്റെ പ്രവർത്തനങ്ങൾ തുടങ്ങാം. മുൻവശത്തെ ഭിത്തി പൂർണമായും ഇല്ലാതെയാണ് സെല്ലുകളുടെ നിർമാണം. പകരം കട്ടികൂടിയ ഇരുമ്പുഗ്രിൽകൊണ്ടാണ് മുൻവശം പണിയുന്നത്. ഓരോ സെല്ലിലും ശൗചാലയവുമുണ്ട്. അരഭിത്തി മാത്രം കെട്ടിയുള്ള ശൗചാലയങ്ങളാണിവ. വാർഡന്മാർക്ക് എവിടെനിന്നുനോക്കിയാലും അന്തേവാസികളെ കാണാനാകും. അരികിലുള്ള നിലവിലെ ഗെയ്റ്റ് മതിലിന്റെ മധ്യഭാഗത്തേക്ക് മാറുന്നതോടെ ഇരു ഭാഗത്താകും കെട്ടിടങ്ങൾ വരിക.
2018-ൽ സബ് ജയിൽ പൊളിച്ചതിന്റെ ഭാഗമായി തടവുകാരെ മറ്റുജയിലുകളിലേക്ക് മാറ്റിയിരുന്നു. ജില്ലയിൽ നിന്നുള്ള പ്രതികളെയും ജയിപ്പുള്ളികളെയും മാവേലിക്കര, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ജയിലുകളിലേക്ക് അയക്കുകയാണിപ്പോൾ. പൊലീസ്, വനംവകുപ്പ്, എക്സൈസ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്ന് വിവിധ കേസിൽ പ്രതിയായി റിമാൻഡിലാകുന്നവർ ഇതിൽപ്പെടും. 13 കോടതികളിൽ നിന്നുള്ള റിമാൻഡ് പ്രതികളെയും മറ്റുജില്ലകളിലേക്ക് അയക്കുകയാണിപ്പോൾ ചെയ്യുന്നത്.
ആദ്യഘട്ടം പൂർത്തിയായി മൂന്ന് വർഷം കഴിഞ്ഞിട്ടും ജില്ലാ ജയിലിന്റെ രണ്ടാംഘട്ട നിർമ്മാണം ഇതുവരെയും തുടങ്ങിയില്ല. ഒന്നാംനില പൂർത്തിയായപ്പോൾ 5.5 കോടി രൂപ ചെലവായി. രണ്ടും മൂന്നും നിലകളുടെ നിർമാണത്തിനായി 12.5 കോടി രൂപയുടെ എസ്റ്റിമേറ്റും ഒരുക്കിയിട്ടുണ്ട്. എന്നാൽ ഏഴ് കോടി രൂപ മാത്രമാണ് ശേഷിക്കുന്ന പണികൾക്കായി അനുവദിച്ചത്. ഇത് പ്രതിസന്ധിക്ക് കാരണമായി. തുടക്കത്തിൽ ആകെ 13.8 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്.
കെട്ടിടത്തിന്റെ നിർമാണത്തിനായി 2018 ആഗസ്റ്റിലാണ് ജില്ല ജയിലിന്റെ പ്രവർത്തനം നിലച്ചത്. മാസങ്ങൾക്ക് ശേഷം 2019 മാർച്ചിലാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. തടവുകാരെ മാവേലിക്കര, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ജയിലുകളിലേക്ക് മാറ്റുകയും ചെയ്തു.
മൂന്ന് നിലകളിലായി 19 ഇരട്ടസെല്ലും 17 സിംഗിൾ സെല്ലുമാണുള്ളത്. ഒരു ഇരട്ട സെല്ലിൽ പത്തുപേരെയും ഒരു സിംഗിൾ സെല്ലിൽ അഞ്ചുപേരേയും പാർപ്പിക്കാം. 13 കോടതികളിൽ നിന്ന് റിമാൻഡ് ചെയ്യുന്നവരെ ഇവിടെയാണ് പാർപ്പിക്കുന്നത്.
ജയിൽ കെട്ടിടം : 82 സെന്റിൽ
വിസ്തീർണം : 5,269 ചതുരശ്ര അടി
നിർമാണ ചുമതല: പി.ഡബ്ല്യൂ.ഡി ബിൽഡിങ്സ് വിഭാഗത്തിന്
ഇരട്ട സെല്ല് : 19, സിംഗിൾ സെല്ല് : 17
താഴത്തെ നിലയിൽ : അഞ്ച് ഡബിൾ സെല്ല്, നാല് സിംഗിൾ സെല്ല്
ഒന്നാം നിലയിൽ : ഏഴ് ഡബിൾ, ആറ് സിംഗിൾ സെല്ല്
രണ്ടാം നിലയിൽ : ഏഴ് ഡബിൾ സെല്ല്, ഏഴ് സിംഗിൾ സെല്ല്
പുതിയ കെട്ടിടത്തിൽ 200 തടവുകാരെ ഒരേസമയം പാർപ്പിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.