മൈലപ്ര: കോൽക്കളി വേദിയിൽ ഹൈസ്കൂൾവിഭാഗം ഫലപ്രഖ്യപത്തിന് പിന്നാലെ സംഘർഷം. പരിശീലകന്റെ നേതൃത്വത്തിൽ വേദി കൈയടക്കിയതോടെ ഒരുമണിക്കൂർ മത്സരം തടസ്സപ്പെട്ടു. കോൽക്കളി മൽസരത്തിന്റെ ഫലപ്രഖ്യാപനത്തെ തുടർന്നാണ് സംഘർഷം അരങ്ങേറിയത്.
മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ രണ്ടാംനമ്പർ വേദിയിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4.30 യോടെയാണ് സംഭവം. ഹൈസ്കൂൾ വിഭാഗം കോൽക്കളി ഫലപ്രഖ്യാപനം വന്നയുടനെ ബഹളവുമായി പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വേദിക്ക് മുന്നിലേക്ക് ഇരച്ചെത്തുകയായിരുന്നു. മൈലപ്ര എസ്.എച്ച് ഹയർ സെക്കൻഡറി സ്കൂളാണ് എച്ച്.എസ് വിഭാഗം കോൽക്കളിയിൽ ഒന്നാംസ്ഥാനം നേടിയത്. ഇത് അംഗീകരിക്കില്ലെന്ന് പറഞ്ഞാണ് ബഹളം തുടങ്ങിയത്. മാർത്തോമ്മ സ്കൂളിന്റെ കോൽക്കളി മൽസരത്തിനിടെ വൈദ്യുത തടസമുണ്ടായതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഇതിനിടെ ഹയർസെക്കൻഡറി വിഭാഗം മത്സരാർഥികളെ വേദിയിലേക്ക് വിളിച്ചതോടെ മർത്തോമാസ്കൂളിലെ കോൽക്കളി പരിശീലകനായ യുവാവിന്റെ നേതൃത്വത്തിൽ വേദി കൈയടക്കി. സംഘാടകസമിതി ഭാരവാഹികളുമായി നടന്ന വാക്കേറ്റവും ഉന്തുംതള്ളും കൈയാങ്കളിയുടെ വക്കോളമെത്തി. മർത്തോമായിലെയും എസ്.എച്ചിലെയും അധ്യാപകർ തമ്മിലും വാക്കേറ്റം നടന്നു. സ്ഥലത്തുണ്ടായിരുന്ന നാമമാത്രമായ പൊലിസ് സംഘം വിദ്യാർഥികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിധികർത്താക്കൾക്കെതിരെയും ഭീഷണിയുണ്ടായി. ഇവരെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ മുറിയിലേക്ക് മാറ്റി. വിദ്യാഭ്യാസ ഉപഡയറക്ടറുടെ മുറിയിലേക്കും മീഡിയ റൂമിലേക്കും തള്ളിക്കയറാനും ബഹളക്കാർ ശ്രമിച്ചു. മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തി. സംഘർഷം സൃഷ്ടിച്ച മാർത്തോമ സ്കൂളിന്റെ പരിശീലകനെ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് സ്ഥലത്ത് മാധ്യമപ്രവർത്തകരും പ്രതിഷേധിച്ചു. പിന്നീട് 5.30 ഓടെയാണ് മത്സരം പുന:രാരംഭിച്ചത്. മത്സരം തടസ്സപ്പെട്ടതിന് പത്തനംതിട്ട മർത്തോമാ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുമാണ് ഉത്തരവാദികളെന്നും പരിശീലകനായ യുവാവിനെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയക്ടർ വി.രാജു പത്തനംതിട്ട പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.