പത്തനംതിട്ട: എട്ടുവർഷമായിട്ടും ഭരണസിരാകേന്ദ്രത്തിൽ പണിപൂർത്തീകരിക്കാനാകാതെ ജില്ല പ്ലാനിങ് ഓഫിസ് കെട്ടിടം. കലക്ടറേറ്റ് വളപ്പിൽ എട്ടുവർഷം മുമ്പാണ് ആറുനിലയുടെ പണി തുടങ്ങിയത്.
ആറുനില കെട്ടിടത്തിലാണ് പുതിയ പ്ലാനിംഗ് ഓഫീസ്, താഴത്തെ നിലയും തൊട്ടു മുകളിലത്തെ നിലയുടെ പകുതിയും പാർക്കിങ്, തുടർന്നുള്ള മൂന്നു നിലകൾ ഓഫീസുകൾ, ആറാം നില കോൺഫറൻസ് ഹാൾ എന്നിങ്ങനെയാണ് വിഭാവനം ചെയ്തത്. രണ്ടുവർഷം കൊണ്ട് പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കാടുകയറിയ കെട്ടിടം ഇപ്പോൾ തെരുവ് നായകളുടെയും മരപ്പട്ടികളുടെയും താവളമാണ്.
പെയിന്റടിച്ച കെട്ടിടത്തിന്റെ ചുവരുകളിൽ പായൽ കയറി. പ്രവൃത്തി ദിവസങ്ങളിൽ ഇവിടം പാർക്കിങ് കേന്ദ്രവുമാകും. വൈദ്യുതീകരണവും റൂഫിങുാ അവസാനഘട്ട മിനുക്ക് പണികളുമാണ് ബാക്കി. പൊതുമരാമത്ത് ബിൽഡിങ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. 8.25 കോടിയുടെ പദ്ധതിയായിരുന്നു ഇത്. അവസാനഘട്ട പണികൾക്കായി നാലുകോടി രൂപയുടെ അധിക എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. ഇതിനകം 8.10 കോടി രൂപ ചെലവായി. നിർമ്മാണ സാമഗ്രികൾക്ക് വില വർധിച്ചതും ജി.എസ്.ടി 12 മുതൽ 18 ശതമാനം വരെ ഉയർന്നതും കാരണം ഭരണാനുമതി തേടാതെ പൊതുമരാമത്ത് അധികൃതർ റിവൈസ്ഡ് പ്ലാൻ എടുത്തിരുന്നു. പണിഘട്ടമായി തീർക്കാതെ ഒന്നിച്ച് ചെയ്യണമെന്ന് സർക്കാർ നിർദേശം കൂടി നൽകിയതോടെ കാലതാമസം നേരിട്ടു.
പ്ലാനിങ് വിഭാഗത്തിന്റെ ഓഫിസുകൾ കലക്ടറേറ്റിലും മിനിസിവിൽ സ്റ്റേഷനിലുമായാണ് പ്രവർത്തിക്കുന്നത്. ഇവ രണ്ടും ഒരുകെട്ടിടത്തിലാക്കിയാൽ സൗകര്യങ്ങളേറെയാണ്. നിലവിൽ പ്ലാനിങ് ഓഫിസ്, ടൗൺ ആൻഡ് കൺട്രി പ്ലാനിങ്, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ വിഭാഗങ്ങൾ കലക്ടറേറ്റിലും രണ്ട് വിഭാഗങ്ങൾ മിനി സിവിൽ സ്റ്റേഷനിലുമാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.