പത്തനംതിട്ട: ജില്ലയിൽ മഴ ശക്തമെങ്കിലും കാറ്റ് വീശാത്തത് ആശ്വാസമാകുന്നു. പന്തളം അപ്പർ കുട്ടനാട് എന്നിവിടങ്ങളിൽ പുഞ്ചപ്പാടങ്ങളിൽ വെള്ളം കയറി കൊയ്ത്തിന് പാകമായ നെല്ല് വൻതോതിൽ നശിച്ചു. വലിയ കാറ്റ് വീശാത്തതിനാൽ കാര്യമായ മറ്റ് കെടുതികളുണ്ടായിട്ടില്ല. സംസ്ഥാനത്ത് വെള്ളിയാഴ്ച ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് കോന്നിയിലാണ്. പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഡാമുകളിലും ജലനിരപ്പ് ഉയർന്നിട്ടുെണ്ടങ്കിലും മൂഴിയാർ ഒഴികെ മറ്റ് ഡാമുകൾ തുറന്നുവിടേണ്ട സാഹചര്യമിെല്ലന്ന് കലക്ടർ അറിയിച്ചു.
അധികമായി മഴ ലഭ്യമായാല്‍ വെള്ളം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വകുപ്പുകളും ജാഗരൂകരായിരിക്കണമെന്ന നിർദേശം കലക്ടർ നൽകിയിട്ടുണ്ട്. അപ്പർ കുട്ടനാട്ടിൽ ആഴ്ചകൾക്കു മുേമ്പ പെയ്ത മഴയിൽ നെൽപ്പാടങ്ങൾ മുങ്ങി കർഷകർ വലിയ ദുരിതത്തിലായിരുന്നു. പിന്നാലെ വീണ്ടും മഴ ശക്തിപ്പെട്ടതോടെ പന്തളം മേഖലയിലും പാടങ്ങളിൽ വെള്ളം കയറി. ഏക്കർ കണക്കിന് പാടത്താണ് കൃഷി നാശമുണ്ടായിരിക്കുന്നത്. അച്ചൻകോവിലാർ ചിലയിടങ്ങളിൽ കരകവിഞ്ഞിട്ടുണ്ട്.
കെ.എസ്.ഇ.ബി കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ ശക്തമായ കാറ്റിലും മഴയിലും ഉണ്ടായ എല്ലാ പ്രശ്നങ്ങളും കെ.എസ്.ഇ.ബി പരിഹരിച്ചതായി യോഗത്തില്‍ അറിയിച്ചു. കോവിഡ് ആശുപത്രികളിലെ ജനറേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാണ് എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നാല്‍ കോവിഡ് രോഗികളെ ഉള്‍പ്പെടെ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും.
വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിലെ കോവിഡ് കെയര്‍ സെൻററുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.
കണ്ണീർപ്പാടമായി കൊയ്യാറായ പാടങ്ങൾ; ദുരിതത്തിൽമുങ്ങി കർഷകർ
പന്തളം: കനത്ത മഴയിൽ കൊയ്യാറായ പാടം മുഴുവൻ വെള്ളത്തിൽ മുങ്ങി. ഒരുവർഷത്തെ കർഷകരുടെ അധ്വാനം പാഴായി. പന്തളം നഗരസഭയിലെ പടിഞ്ഞാറൻ മേഖലകളിലെ 500 ഏക്കറോളം വിശാലമായ കരിങ്ങാലി, ചിറ്റിലപ്പാടം, വാരുകൊല്ല, വലിയ കൊല്ല പാടശേഖരങ്ങളിലാണ് നൂറേക്കറോളം നെല്ല് കൊയ്തെടുക്കാൻ കഴിയാതെ വെള്ളത്തിൽ നശിക്കുന്നത്. മൂന്നുദിവസമായി തുടരുന്ന മഴയിൽ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യവും ഇല്ലാത്തതാണ് ദുരന്തമായത്. 140 ഏക്കറാണ് ചിറ്റിലപ്പാടം.
ഇതിൽ 115 ഏക്കറോളം കൊയ്തെടുത്തിട്ടുണ്ട്. കൊയ്ത നെല്ല് കരയിൽ കൂട്ടിയിട്ടിരിക്കുകയാണ്. ചിറ്റിലപ്പാടത്ത് മാത്രം 25 ഏക്കറോളം ഇനി കൊയ്യാനുണ്ട് . കൊയ്തെടുത്ത നെല്ല് നനയാതെ സംഭരിക്കുന്നതിനുള്ള സൗകര്യവും കർഷകർക്കില്ല. മഴ കനത്തതോടെ സപ്ലൈകോ സംഭരിക്കുന്നില്ല. പ്രതികൂല കാലാവസ്ഥ കാരണം ഇത്തവണ കൃഷിയിറക്കാൻ ഒരുമാസം താമസിച്ചത് കാരണമാണ് വേനൽ മഴക്കുമുേമ്പ കെയ്തെടുക്കാൻ കഴിയാതെ പോയത്. ഐരാണിക്കുടി വലിയ തോട്ടിലേക്കാണ് വെള്ളം അടിച്ചുവിടേണ്ടത്. രണ്ടുവർഷം മുമ്പ് തോട് ആഴംകൂട്ടിയിരുന്നു. 40ൽ 30 ഏക്കറോളം കൊയ്തു. ഇനി കൊയ്യാനുള്ള പത്തേക്കറിൽ ആറേക്കറോളം വെള്ളം കയറിയതിനാൽ കൊയ്തെടുക്കാൻ പ്രയാസമാണ്. സമീപത്തെ നൂറേക്കർ വലിയ കൊല്ലാക്കൽ കൊയ്ത്ത് തുടങ്ങിയില്ല. ഇവിടെ കൊയ്ത്തുയന്ത്രം ഇറക്കാൻ പറ്റാത്തവിധം വെള്ളത്തിലാണ്. വെള്ളിയാഴ്ച രാവിലെ നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് പാടശേഖരങ്ങൾ സന്ദർശിച്ചു. കുളനട പഞ്ചായത്തിലെ വെട്ടുവേലി പാടത്തും നെൽകൃഷി വെള്ളത്തിലായി.
20 ഏക്കറോളം നെൽകൃഷിയാണ് ഇവിടെ ഏഴുപേർചേർന്ന് നടത്തിയത്. മോശമല്ലാത്ത വിളവുമുണ്ടായി. കൊയ്ത്തിന് കൃഷിക്കാർ തയാറെടുക്കുന്നതിനിടെയാണ് മഴ. കൊയ്ത്തിനിറങ്ങിയ യന്ത്രം പാടത്ത് പുതഞ്ഞതോടെ കൊയ്ത്ത് മുടങ്ങി. എക്സ്കവേറ്റർ ഉപയോഗിച്ച് യന്ത്രം കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. തുടർന്ന്, അന്തർ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കുറെ കൊയ്തെടുത്തു. എന്നാൽ, മെതിച്ച് ഉണക്കിയെടുക്കാൻ കഴിയാതായി. ഇതോടെ, പ്രതിദിനം ആയിരം രൂപ കൂലി കൊടുത്തു നടത്തിയ കൊയ്ത്തും നഷ്ടക്കണക്കായി. ഇതേതുടർന്ന് പകുതിയോളം നെല്ല് കൊയ്തെടുക്കാതെ ഉപേക്ഷിക്കുകയായിരുന്നു. മാന്തുക ആനന്ദഭവനം കവിരാജ്, നന്ദനം വരദരാജൻ നായർ, ഇല്ലത്തെക്കേതിൽ മത്തായി, മിനിഭവനം ശിവൻപിള്ള, കോടംപറമ്പിൽ ബിജു, അനിൽ ഉമ്മൻ, ജോണി എന്നിവരാണ് കൃഷിയിറക്കിയത്.
കരയോട് ചേർന്നായതിനാൽ മത്തായിയുടെ രണ്ടേക്കറോളം ഭാഗത്തെ നെല്ല് മാത്രമാണ് യന്ത്രമുപയോഗിച്ച് കൊയ്തെടുക്കാൻ കഴിഞ്ഞത്. 25 വർഷത്തിലേറെ തരിശുകിടന്നതാണ് ഈ പാടശേഖരം. മൂന്നുവർഷം മുമ്പാണ് അന്നത്തെ ഗ്രാമപഞ്ചായത്ത് അംഗം കെ.ആർ. ജയചന്ദ്രൻ മുൻകൈയെടുത്ത് നെൽകൃഷി ആരംഭിച്ചത്. ആദ്യതവണതന്നെ നൂറുമേനി വിളവാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും തുടർച്ചയായി പെയ്ത മഴയിൽ നെല്ല് മറിഞ്ഞുവീണെങ്കിലും കൊയ്തെടുക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, ഈ വർഷം മഴ കർഷകരെ പൂർണമായും ചതിച്ചു. 12 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. വിള ഇൻഷുറൻസും കൃഷിക്കാർക്ക് ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.