എൽ.ഡി.എഫിെൻറ കേരള സംരക്ഷണ യാത്രക്ക് കോന്നിയിൽ നൽകിയ സ്വീകരണത്തിൽ കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു (ഫയൽചിത്രം)
പത്തനംതിട്ട: അഞ്ച് നിയമസഭ മണ്ഡലങ്ങളും സ്വന്തമാക്കി യു.ഡി.എഫിെൻറ ശക്തികേന്ദ്രത്തെ ചുവപ്പണിയിക്കാൻ പാർട്ടിയെ സജ്ജമാക്കിയ പ്രിയ നേതാവിെൻറ വേർപാടിൽ തേങ്ങി മലയോര ജില്ല. പാർട്ടി നേതാവിനൊപ്പം ഭരണാധികാരി എന്ന നിലയിലെ കരുതലും ജില്ലക്ക് മറക്കാനാകുന്നതല്ല. കോടിയേരി അവസാനമായി ജില്ലയിൽ എത്തിയത് തിരുവല്ലയിൽ ആർ.എസ്.എസുകാർ കൊലപ്പെടുത്തിയ രക്തസാക്ഷി സന്ദീപിെൻറ കുടുംബത്തിന് സഹായം നൽകാനായിരുന്നു. കൊലപാതകത്തിനുശേഷം വീട് സന്ദർശിക്കാനും ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ച് കുടുംബസമ്മേതം അദ്ദേഹം എത്തിയിരുന്നു. സന്ദീപിന്റെ കുഞ്ഞിനെ മാറോടുചേർത്ത് ആ കുടുംബത്തെ ആശ്വസിപ്പിക്കുന്ന ദൃശ്യം ഏവരെയും കണ്ണീരണിയിപ്പിക്കുന്നതായിരുന്നു. അന്ന് ആ വീട്ടിൽനിന്ന് ഇറങ്ങിയ ഉടനെ ഈ കുടുംബത്തെ സി.പി.എം ഏറ്റെടുത്തുവെന്ന് കോടിയേരി പറഞ്ഞു. ജില്ലയിൽ എല്ലാ പാർട്ടി പ്രവർത്തകരിൽനിന്നും ഇതിന് ആവശ്യമായ ഫണ്ട് സമാഹരണത്തിനും ഉടൻ തീരുമാനമായി. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷ്യംവെച്ചതിനെക്കാൾ തുക സമാഹരിച്ചു. . സന്ദീപിെൻറ ഭാര്യക്ക് ജോലി ഉറപ്പാക്കാനുള്ള നടപടിക്കും അദ്ദേഹം മറന്നില്ല.
ശബരിമലയിൽ സുരക്ഷ പ്രശ്നം നേരിട്ട് മനസ്സിലാക്കാനും ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ കോടിയേരി എത്തിയിരുന്നു. അന്ന് പമ്പ മുതൽ സന്നിധാനംവരെ ഒരു പ്രയാസവും കൂടാതെ കയറി.
അന്ന് പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി എല്ലാ സുരക്ഷ സംവിധാനങ്ങളും ഉറപ്പാക്കിയാണ് മലയിറങ്ങിയത്. പമ്പയിലും ശബരമലയിലും ഹോൾ ബോഡി സ്കാനർ സ്ഥാപിച്ചതും കോടിയേരിയുടെ നിർദേശപ്രകാരമായിരുന്നു. റാന്നിയിൽ ഡിവൈ.എസ്.പി ഓഫിസ് അനുവദിച്ചത് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോഴാണ്. ചിറ്റാർ പൊലീസ് സി.ഐ ഓഫിസ് അനുവദിച്ചതും ആ കാലത്താണ്. ഈ ഓഫിസ് ഉദ്ഘാടന വേദിയിലാണ് സീതത്തോടിന് പുതിയ ഫയർ സ്റ്റേഷൻ അദ്ദേഹം പ്രഖ്യാപിച്ചത്.
റാന്നിയുടെ ടൂറിസം മേഖലക്കും സമഗ്രമായ സംഭാവനകളാണ് കോടിയേരി നൽകിയത്. പെരുന്തേനരുവി, മണിയാർ, ആങ്ങമൂഴി ടൂറിസം പദ്ധതിക്ക് കോടിയേരിയുടെ സഹായമുണ്ടായി. കോടിയേരിയുടെ നിർദേശപ്രകാരമാണ് ശബരിമല വനമേഖലയിലെ ആദിവാസി ഊരുകളിൽ ഭക്ഷ്യക്കിറ്റുകൾ എത്തിക്കുന്ന പദ്ധതിക്ക് സി.പി.എം തുടക്കംകുറിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.