പത്തനംതിട്ട: റിങ് റോഡിന്റെ വശങ്ങളിൽ 25 മീറ്റർ വരെ നിർമാണം നടത്താൻ അനുമതി നൽകുന്ന തരത്തിൽ പത്തനംതിട്ട മാസ്റ്റർ പ്ലാൻ തയാറാക്കാൻ കൗൺസിൽ തീരുമാനം. ബുധനാഴ്ചത്തെ യോഗമാണ് തീരുമാനമെടുത്തത്. മാസ്റ്റർ പ്ലാൻ സംബന്ധിച്ച് കമ്മിറ്റിയുടെ തീരുമാനം അന്തിമമാക്കാനാണ് കൗൺസിൽ യോഗം ചേർന്നത്.
25 മീറ്റർവരെ നിർമാണം നടത്തുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ, നിലം നികത്തി ഇതിന് അനുമതി നൽകരുതെന്നും നഗരസഭ മുൻ അധ്യക്ഷൻ അഡ്വ എ. സുരേഷ് കുമാർ പറഞ്ഞു. അടിഭാഗത്ത് പാർക്കിങ് ആവശ്യങ്ങൾക്ക് കൊടുക്കരുത്. അങ്ങനെ വന്നാൽ മണ്ണിട്ട് നികത്താനിടയാകുമെന്നും സുരേഷ് കുമാർ പറഞ്ഞു. പരിസ്ഥിതിക്ക് കോട്ടം ഉണ്ടാകാത്ത തരത്തിൽ 25 മീറ്റർ നീളത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിൽ തെറ്റില്ലെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി പറഞ്ഞു.
ഈ നിർദേശങ്ങൾ സ്വാഗതാർഹമാണെന്ന് കൗൺസിലർമാരായ സിന്ധു അനിൽ, സി.കെ. അർജുൻ, അഖിൽ അഴൂർ എന്നിവർ അഭിപ്രായപ്പെട്ടു. നിലം നികത്താതെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാവുന്നതാണെന്നും ഈ തീരുമാനങ്ങൾ പൊതുജന ചർച്ചക്ക് വിടണമെന്നും നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.