പത്തനംതിട്ട: നഗരസഭ വക ഹാജി സി. മീര സാഹിബ് സ്മാരക ബസ്സ്റ്റാൻഡ് സമുച്ചയത്തിന്റെ ആധുനികവത്കരണത്തിനായി തയാറാക്കിയ ഡി.പി.ആറിന് ചൊവ്വാഴ്ച ചേർന്ന നഗരസഭ കൗൺസിൽ അംഗീകാരം നൽകി. മൂന്ന് ഘട്ടങ്ങളിലായി നിർമാണം പൂർത്തീകരിക്കാനാണ് കൗൺസിൽ ഉദ്ദേശിക്കുന്നത്. നിലവിലുള്ള കെട്ടിടത്തിന്റെയും യാർഡിന്റെയും പൂർണമായ ഉപയോഗം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾക്കാണ് പ്രാഥമിക പരിഗണന.
നിലവിൽ തകർന്ന യാർഡ് നിർമാണത്തിനായുള്ള സാങ്കേതിക അനുമതി ഈ ആഴ്ച തന്നെ സർക്കാറിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ വെയിറ്റിങ് സ്പേസുകൾ ആകർഷകമായ വാണിജ്യ കിയോസ്ക്കുകൾ നിർമിച്ച് ഉപയോഗിക്കും. ഇതിലൂടെ കൈയേറ്റങ്ങളും അനാകർഷകങ്ങളായ ഇറക്കുകളും ഒഴിവാക്കാനാകും. ബസ്സ്റ്റാൻഡ് പരിസരം മനോഹരമാക്കാൻ ലാൻഡ് സ്കേപ്പിങ് ചെയ്യും. ഇതിന്റെ ഭാഗമായി തണൽമരങ്ങളും ഇരിപ്പിട സൗകര്യങ്ങളും ഉണ്ടാകും. നൂറിലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ വിശാലമായ പാർക്കിങ് കേന്ദ്രവും ബസ്സ്റ്റാൻഡിൽ ഉണ്ടാവും.
ബസ്സ്റ്റാൻഡ് ടെർമിനലിലേക്ക് എത്താൻ എല്ലാ പാര ട്രാൻസിറ്റ് സംവിധാനങ്ങളും ഒരുക്കും. ബസ് സ്റ്റാൻഡിനു സമീപം ഒരുഡസൻ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്താൻ ഡി.പി.ആർ വിഭാവനം ചെയ്യുന്നു. ബസ്സ്റ്റാൻഡ് ടെർമിനലിലേക്ക് വരുന്നതിനും തിരികെ പോകുന്നതിനും വാഹനങ്ങൾക്ക് ക്യൂ സിസ്റ്റം ഉണ്ടാകും. കാൽനട യാത്രക്കാർക്ക് ടെർമിനലിലേക്ക് പ്രത്യേക പാതയും ക്രമീകരിച്ചിട്ടുണ്ട്. യാർഡിന് പുറത്തുള്ള സ്ഥലം സായാഹ്ന വിശ്രമ ഉല്ലാസ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിർദേശങ്ങളും ഡി.പി.ആറിൽ ഉണ്ട്.
ആധുനിക ടോയ്ലെറ്റ് സംവിധാനങ്ങളും ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങളും ലിഫ്റ്റുകളും പുതിയ രൂപകൽപനയുടെ പ്രത്യേകതകളാണ്. പ്രാരംഭ നിർമാണ ഘട്ടത്തിൽ ഉണ്ടായിരുന്ന പോരായ്മകൾ പരിഹരിച്ച് കെട്ടിടത്തിന്റെ പൂർണ ഉപയോഗം ഉറപ്പു വരുത്താൻ വിശദമായ പഠനമാണ് നടത്തിയത്.
മൂന്നും നാലും നിലകൾ രണ്ടാം ഘട്ടമായാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. മൂന്നാം നില പൂർണമായും ഓഫിസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും. ജില്ല കേന്ദ്രത്തിലെ നിരവധി സർക്കാർ ഓഫിസുകൾ സ്ഥലപരിമിതിമൂലം നഗരസഭ അതിർത്തിക്കപ്പുറത്തേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് ഈ തീരുമാനം. നാലാം നിലയിൽ ഓഡിറ്റോറിയവും കോൺഫറൻസ് ഹാളും നിർമിക്കും. ആയിരം പേർക്ക് ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കുന്ന തരത്തിലാണ് പദ്ധതിയുടെ രൂപകൽപന.
എന്നാൽ, ഓഡിറ്റോറിയത്തിലെ ഇരിപ്പിടങ്ങൾ മൂന്നു ഭാഗങ്ങളായി തിരിക്കാൻ കഴിയും വിധമാണ് നിർമാണം. അതിനാൽ കുറച്ച് ഇരിപ്പിടങ്ങൾ മാത്രം ആവശ്യമായി വരുന്ന പരിപാടികൾക്ക് അതിനാവശ്യമായ നിലയിൽ ഓഡിറ്റോറിയം ക്രമീകരിക്കുവാനും കഴിയും. ഓഡിറ്റോറിയത്തിന് സമീപമാണ് കോൺഫറൻസ് ഹാൾ നിർമിക്കുന്നത്. ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്ന നിർമാണം പൂർണമായും ശിശു- ഭിന്നശേഷി സൗഹൃദമാക്കും.
പത്തു കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്കായി കെ.യു.ആർ.ഡി.എഫ്.സിയെ സമീപിക്കാൻ കൗൺസിൽ തീരുമാനിച്ചതായി ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.
പത്തനംതിട്ട മാസ്റ്റർപ്ലാനിന്റെ ഭാഗമായി ജില്ല അസി. ടൗൺപ്ലാനർ നടത്തിയ പഠനങ്ങളുടെ കൂടി അടിസ്ഥാനത്തിൽ തയാറാക്കിയ ഡി. പി.ആറിനാണ് ഇന്നലെ ചേർന്ന കൗൺസിൽ അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.