പത്തനംതിട്ട: ജില്ല ആസ്ഥാനത്ത് നഗരമധ്യത്തിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷന് പിന്നിൽ അരയേക്കർ ഭൂമി കാടുപിടിച്ചിട്ട് വർഷങ്ങളായി. കാലപ്പഴക്കത്താൽ ജീർണിച്ച് മേൽക്കൂര നിലംപൊത്തിയ കെട്ടിടങ്ങൾ ക്ഷുദ്രജീവികളുടെയും വിഷപ്പാമ്പുകളുടെയും താവളമാണ്.
ഭിത്തിയിൽ വള്ളിപ്പടർപ്പുകൾ വളർന്നു നിൽക്കുന്നു. ഒറ്റനോട്ടത്തിൽ പ്രേതസിനിമകളുടെ ലോക്കേഷൻപോലെ തോന്നും. മുമ്പ് ഇവിടെ ട്രാഫിക് പൊലീസ് സ്റ്റേഷനും വിശ്രമമുറികളും വെൽഫെയർ സൊസൈറ്റിയും പ്രവർത്തിച്ചിരുന്നു.
കെട്ടിടം പൊളിഞ്ഞു തുടങ്ങിയപ്പോൾ ട്രാഫിക് സ്റ്റേഷൻ സി.ഐ ഓഫിസിന് മുന്നിലേക്ക് മാറ്റി. സൊസൈറ്റി എസ്.പി ഓഫിസിന് സമീപത്തും പ്രവർത്തനം തുടങ്ങി. ഉപയോഗശൂന്യമായ സ്ഥലത്ത് തൊണ്ടിമുതലായി കൊണ്ടിട്ട വാഹനങ്ങളും മറ്റുസാധനങ്ങളും നിറഞ്ഞു. രാത്രി മദ്യപാനികൾ താവളമാക്കിയപ്പോൾ ഷീറ്റുകൊണ്ട് മറച്ചുകെട്ടി സംരക്ഷിച്ചിട്ടുണ്ട്.
സ്വന്തം ഭൂമി കാടുകയറിയിട്ടും താമസിക്കാൻ ക്വാർട്ടേഴ്സില്ലാതെ ലോഡ്ജുകളിൽ തങ്ങേണ്ട ഗതികേടിലാണ് പൊലീസുകാർ. ജില്ലക്ക് പുറത്തുനിന്നുവന്ന് ജോലി ചെയ്യുന്ന പൊലീസുകാർ ഒട്ടേറെയുണ്ട്. ഇവരിൽ മിക്കവരും വാടകവീടുകളിലും ലോഡ്ജുകളിലുമാണ് താമസിക്കുന്നത്. ജില്ല പൊലീസ് മേധാവിക്ക് കുടുംബസമേതം താമസിക്കാൻ കടമ്മനിട്ട റോഡിൽ ക്യാമ്പ് ഹൗസുണ്ട്. എസ്.പി ഓഫിസിന് എതിർവശത്ത് എ.ആർ ക്യാമ്പിനടുത്ത് എസ്.ഐ റാങ്ക് മുതലള്ളവർക്ക് താമസിക്കാൻ നാൽപതോളം ഫാമിലി ക്വാർട്ടേഴ്സുകളുണ്ട്.
കാടുകയറിയ സ്ഥലത്ത് പൊലീസുകാർക്ക് താമസിക്കാൻ ക്വാർട്ടേഴ്സ് നിർമിക്കണമെന്നത് വർഷങ്ങളായ ആവശ്യമാണ്. പത്തനംതിട്ട സ്റ്റേഷനിൽ അടുത്തകാലത്ത് ജോലി ചെയ്ത സി.ഐമാർ ക്വാർട്ടേഴ്സ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഉയർന്ന ഓഫിസർമാർക്ക് നിവേദനം നൽകിയിരുന്നു. പൊലീസ് ഹൗസിങ് കോർപറേഷന്റെ പരിഗണനയിലാണിത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് പദ്ധതി വൈകുന്നത്.
‘നഗരമധ്യത്തിലെ സ്ഥലം പൊലീസുകാരുടെ ക്ഷേമത്തിന് പ്രയോജനപ്പെടുത്തണം. ക്വാർട്ടേഴ്സ് നിർമിച്ചാൽ താമസിക്കാനിടമില്ലാത്ത പൊലീസുകാർക്ക് പ്രയോജനമാകും’. പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.