പത്തനംതിട്ട: കോവിഡ് മഹാമാരിയിൽ മലയോരമേഖല ഏറെ ദുരിതം കൊണ്ട് വലഞ്ഞ ഒരു വർഷമാണ് കടന്നുപോയത്. നാടിനെ വിറപ്പിച്ച് വനം വകുപ്പ് വാച്ചറുടെ ജീവനെടുത്ത കാട്ടാനയും ജനവാസ മേഖലയിൽ മാസങ്ങളോളം ഭീതി പരത്തി ഒടുവിൽ മരണത്തിന് കീഴടങ്ങിയ കടുവയുടെ സാന്നിധ്യവും വനംവകുപ്പിെൻറ കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ പി.പി. മത്തായിയുടെ മരണവും കഴിഞ്ഞ വർഷം മലയോരമേഖലയെ സംഭവബഹുലമാക്കി.
മത്തായിയുടെ വിയോഗത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും ഒടുവിൽ നേരറിയാൻ സി.ബി.ഐയുടെ രംഗപ്രവേശവും 2020 ൽ മലയോരം കണ്ടു.ഫെബ്രുവരി 26ന് റാന്നി വനം ഡിവിഷനിൽ പെട്ട പെരുന്തേനരുവി ഭാഗത്തുനിന്നും രാത്രി മറുകരയിലെ വെച്ചൂച്ചിറ പഞ്ചായത്തിലെ കട്ടിക്കൽ ഭാഗത്തെത്തിയ കാട്ടാന പുലർച്ച സ്വന്തം പുരയിടത്തിൽ ടാപ്പിങ് നടത്തിക്കൊണ്ടിരുന്ന ഗൃഹനാഥനെ ആക്രമിച്ചതോടെയാണ് ജനവാസ മേഖലയിൽ കാട്ടാന എത്തിയ വിവരം നാടിനെ നടുക്കുന്നത്.
പിന്നീട് അവിടെനിന്നും നാറാണംമൂഴി മടന്തമൺ ഭാഗത്തെത്തിയ കാട്ടാനയെ കാട്ടിലേക്ക് മടക്കി അയക്കാനെത്തിയ സംഘത്തോെടാപ്പമെത്തിയ ളാഹ സ്വദേശി ഫോറസ്റ്റ് വാച്ചർ ആഞ്ഞിലിമൂട്ടില്‍ എ.എസ്. ബിജുവിനെ (41) ദാരുണമായി കൊലപ്പെടുത്തി.
മേയ് മാസം ആദ്യം വടശ്ശേരിക്കര മണിയാർ ഭാഗത്തുനിന്നും കൂട്ടിൽ കെട്ടിയിരുന്ന പശുവിനെ കടുവ പിടിച്ചുകൊണ്ടുപോകുന്നത് വീട്ടുകാർ കണ്ടതോടെയാണ് വടശ്ശേരിക്കര, പെരുനാട് പഞ്ചായത്തുകൾ കടുവാപ്പേടിയിൽ ആകുന്നത്.
കോന്നി തണ്ണിത്തോട് മേടപ്പാറയിൽ ടാപ്പിങ് തൊഴിലാളിയെ കൊല ചെയ്ത കടുവയാണ് ഈ പ്രദേശത്ത് എത്തിയതെന്ന നിഗമനം കൂടിയായതോടെ വനംവകുപ്പിെൻറ റാപ്പിഡ് ഫോഴ്സും കുങ്കി ആനയും മയക്കുവെടി വിദഗ്ധരുമൊക്കെ പെരുനാട്ടിലെയും വടശ്ശേരിക്കരയിലെയും തോട്ടം മേഖലകൾ അരിച്ചുപെറുക്കാൻ തുടങ്ങി. തോട്ടം തൊഴിലാളികളും നാട്ടുകാരുമൊക്കെ പല സ്ഥലങ്ങളിൽ വെച്ചും കടുവയെ കണ്ടിട്ടും അത് കടുവയെപ്പോലെ ഇരിക്കുന്ന പട്ടിയാണെന്നായിരുന്നു വകുപ്പ് അധികൃതരുടെ നിഗമനം.
പിന്നീട് ജൂൺ ആദ്യം വടശ്ശേരിക്കര അരീക്കക്കാവിനു സമീപം ശരീരമാകെ മുള്ളൻപന്നിയുടെ മുള്ളു തറച്ച് പട്ടിണി കിടന്ന് ചത്ത നിലയിൽ കടുവയെ കണ്ടെത്തിയതോടെയാണ് നാട്ടിൽ സമാധാന ജീവിതം സാധ്യമായത്.വനത്തിൽ സ്ഥാപിച്ച സി.സി ടി.വി കാമറ നശിപ്പിച്ചുവെന്ന പേരിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാർ കുടപ്പനക്കുളം പി.പി. മത്തായി എന്ന പൊന്നുവിനെ സ്വന്തം വീട്ടിലെ കിണറ്റിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് മത്തായിയുടെ കുടുംബം മരണത്തിന് പിന്നിൽ വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ച് രംഗത്തുവന്നു.
പിന്നീട് കേരളമെമ്പാടും ശ്രദ്ധിക്കപ്പെടും വിധം മത്തായിയുടെ കുടുംബവും നാട്ടുകാരും ചേർന്ന് നടത്തിയ പ്രതിഷേധ സമരങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കുമൊടുവിൽ സംഭവത്തിെൻറ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതോടെ വിവാദങ്ങൾക്ക് താൽക്കാലിക വിരാമമുണ്ടായി.ചരിത്രത്തിലാദ്യമായി ഒരു മണ്ഡല മകരവിളക്കുകാലത്ത് ശബരിമലയിൽ തീർഥാടകരുടെ എണ്ണം നിയന്ത്രിക്കുകയും നിരത്തുകളിൽ പോലും തീർഥാടകരെയോ തീർഥാടക വാഹനങ്ങളെയോ കാണാതാകുന്നത് ഇക്കടന്നു പോകുന്ന വർഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.