പത്തനംതിട്ട: ജില്ലയിൽ പോസ്റ്റ് മോർട്ടത്തിന് പൊലീസ് സർജൻ ഇല്ല. ഇതിനാൽ അപകടത്തിലും ദുരൂഹ സാഹചര്യങ്ങളിലും മരിക്കുന്നവരുടെ മൃതദേഹവുമായി ബന്ധുക്കൾ സർക്കാർ ആശുപ്രതികൾ കയറിയറങ്ങുന്ന സ്ഥിതിയായിട്ട് കുറച്ചുകാലമായി. ജില്ലയിൽ ഒരു പൊലീസ് സർജനാണുള്ളത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ചെയ്യുന്ന അദ്ദേഹം ഏറെ നാളായി അവധിയിലാണ്. പോസ്റ്റുമോർട്ടം സൗകര്യമുള്ള പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, കോഴഞ്ചേരി ജില്ല ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും പോസ്റ്റുമോർട്ടം നടത്തേണ്ടത് പത്തനംതിട്ടയിലെ ഒരേയൊരു ഡോക്ടറാണ്. കോന്നി മെഡിക്കൽ കോളജ്, റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലൊന്നും ഈ സൗകര്യം ഇല്ല.
ജില്ലയിലെങ്ങും പൊലീസ് സർജന്റെ സേവനം ലഭിക്കാത്തതിനാൽ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് മൃതദേഹവുമായി എത്തിയവർ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയിലേക്ക് കിലോമീറ്ററുകളോളം യാത്ര ചെയ്ത രണ്ടു സംഭവങ്ങളാണ് അടുത്തിടെയുണ്ടായത്. കഴിഞ്ഞ ദിവസം സീതത്തോട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഡ്രൈവർ അനിതയെ ചിറ്റാറിലെ രണ്ട് ആശുപത്രികളിൽ കാണിച്ച ശേഷം സ്ഥിതി ഗുരുതരമെന്ന് കണ്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചു.
മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ പൊലീസ് സർജൻ ഇല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ കൈയൊഴിഞ്ഞു. അനിതയുടെ ബന്ധുക്കൾ അടൂർ, കോഴഞ്ചേരി, തിരുവല്ല ആശുപത്രികളിൽ വിളിച്ച് അന്വേഷിച്ചപ്പോൾ അവിടെയും പൊലീസ് സർജൻ ഇല്ലെന്ന് അറിയിച്ചു. പത്തനംതിട്ടയിലെ പൊലീസ് സർജനാണ് ഇവിടങ്ങളിലും എത്തി പോസ്റ്റുമോർട്ടം ചെയ്യേണ്ടിയിരുന്നത്. ഒടുവിൽ, ബന്ധുക്കൾ ചെങ്ങന്നൂരിലെ ആലപ്പുഴ ജില്ല ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു.
നേരത്തെ നിലയ്ക്കൽ മഞ്ഞത്തോട് ആദിവാസി കോളനിയിൽ കാട്ടാന അടിച്ചുകൊന്നെന്നു സംശയിച്ച ആളുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താൻ ബന്ധുക്കൾ അലഞ്ഞുനടന്നു. ഒടുവിൽ അവർക്കും ചെങ്ങന്നൂർ ഗവ. ആശുപത്രിയിലേക്ക് പോകേണ്ടി വന്നു.
ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിൽ അപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്കെല്ലാം ഇപ്പോഴും ആശ്രയം കോട്ടയം മെഡിക്കൽ കോളജാണ്. ഇവിടേക്കുള്ള യാത്രക്കിടയിൽ ആംബുലൻസുകാരുടെ കെണിയിൽ പെട്ട് നല്ലൊരു വിഭാഗം രോഗികളും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ എത്തിയിരിക്കും. ഇതു കൂടാതെയാണ് ഇപ്പോൾ പോസ്റ്റ്മോർട്ടത്തിനും സൗകര്യമില്ലാത്ത അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.