പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗിയുടെ മരണം ചികിത്സാ പിഴവെന്ന് ആരോപണം. പന്തളം ചേരിക്കൽ സ്വദേശിനി ശ്യാമളയാണ് (60) മരിച്ചത്. മരണം ആശുപത്രി അധികൃതരുടെ പിഴവ് കാരണമാണെന്ന് ഭർത്താവും മകളും ആരോപിച്ചു. എന്നാൽ ഇതിനെതിരെ സി.പി.എം അനുഭാവികളായ ബന്ധുക്കൾ രംഗത്തു വന്നത് തർക്കത്തിന് ഇടയാക്കി.
അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്യാമളക്ക് ഹ്യദയ സംബന്ധമായ തകരാർ കണ്ടെത്തിയതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ആറ് ദിവസം മുമ്പ് റഫർ ചെയ്തു. ബുധനാഴ്ച വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഐ. സി. യു വിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ ചെവിക്കൊണ്ടില്ലെന്ന് ഹൈക്കോടതി അഭിഭാഷക കൂടിയായ മകൾ യാമി സേതുകുമാർ പറഞ്ഞു. വ്യാഴാഴ്ച പുലർച്ച ശ്യാമളയുടെ നില വഷളാവുകയും രാവിലെ 11 ഓടെ മരണപ്പെടുകയുമായിരുന്നു. ആശുപത്രി അധികൃതർ ചികിത്സ നൽകുന്നതിൽ കാട്ടിയ അലംഭാവമാണ് മാതാവിന്റെ മരണ കാരണമെന്ന് അഡ്വ. യാമി സേതു കുമാർ പത്തനംതിട്ട പൊലീസിൽ മൊഴി നൽകി. ശ്യാമളയുടെ ഭർത്താവ് കോൺഗ്രസ് അനുഭാവിയാണെന്ന് പറയുന്നു.
സംഭവമറിഞ്ഞ് ആന്റോ ആന്റണി എം.പിയും കോൺഗ്രസ് നേതാക്കളും ആശുപത്രിയിൽ എത്തിയതോടെ ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് മരണപ്പെട്ട ശ്യാമളയുടെ സഹോദരനടക്കം സി.പി.എം അനുഭാവികളായ ചില ബന്ധുക്കളും രംഗത്തെത്തിയത് ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനും ബഹളത്തിനും ഇടയാക്കി.
ആന്റോ ആന്റണി സ്ഥലത്തെത്തിയതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. കുടുംബാംഗങ്ങൾ വിവരം അറിയിച്ചിട്ടാണു സ്ഥലത്തെത്തിയതെന്ന് ആന്റോ ആന്റണി പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പു ലക്ഷ്യമിട്ടാണ് എംപി എത്തിയതെന്നാണു സി.പി.എം പ്രവർത്തകരായ ബന്ധുക്കളുടെ ആരോപണം. ചികിൽസാ പിഴവെന്ന ആരോപണം ശരിയല്ലെന്നും ഗുരുതരമായ ഹൃദ്രോഗബാധയാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. പരാതിയെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.