പത്തനംതിട്ട: വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷം തുടങ്ങിയതോടെ രാവിലെയും വൈകീട്ടും നിരത്തുകളിൽ വാഹനങ്ങളുടെ വൻ തിരക്കാണ്. കുരുന്നു കുട്ടികളടക്കം വാഹനങ്ങളിലും കാൽനടയായും സ്കൂളിലേക്ക് സഞ്ചരിക്കുമ്പോൾ വളരെ സൂക്ഷിക്കേണ്ടതുണ്ട്. ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്നും റോഡിൽ വാഹനമിറക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകുന്നു.
സ്കൂള്‍ തുറക്കലിന് മുമ്പ് തന്നെ വിദ്യാർഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ ജില്ലയിലെ എല്ലാ സ്കൂള്‍ വാഹനങ്ങളുടെയും പരിശോധന മോട്ടോർ വാഹന വകുപ്പ് പൂർത്തിയാക്കിയിരുന്നു. ഇതോടൊപ്പം എല്ലാ ദിവസങ്ങളിലും സ്കൂൾ പരിസരങ്ങളിലും പ്രധാന റോഡുകളിലുമടക്കം വാഹന പരിശോധന തുടരുന്നുണ്ട്.
സ്കൂള്‍ മേഖലയില്‍ പരമാവധി മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റ് റോഡുകളില്‍ 50 കിലോമീറ്ററുമായി വാഹന വേഗം നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നുണ്ടോ എന്നതടക്കം പരിശോധന നടന്നുവരുന്നുണ്ടെന്നും സ്കൂൾ വാഹനങ്ങളും മറ്റ് വാഹന ഡ്രൈവർമാരും റോഡിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ കൾശനമായി പാലിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകുന്നു
സ്കൂൾ ബസുകളിൽ സുരക്ഷിത യാത്രക്ക് നിർദേശങ്ങൾ
- കയറുന്നതിനും ഇറങ്ങുന്നതിനും സാധനങ്ങള്‍ എടുത്തുനല്‍കാനും വാഹനത്തിന്റെ പിന്നിലൂടെ റോഡ് കുറുകെ കടക്കാനും ചെറിയ കുട്ടികളെ ആയമാർ സഹായിക്കണം. വാതിലുകളുടെ എണ്ണത്തിനു തുല്യമായ ആയമാർ എല്ലാ സ്കൂള്‍ ബസിലും വേണം
- വാതിലുകള്‍ക്ക് പൂട്ടുകളും ജനലുകള്‍ക്ക് ഷട്ടറുകളും വേണം. ജനലുകളില്‍ താഴെ നീളത്തില്‍ കമ്പികള്‍ ഘടിപ്പിച്ചിരിക്കണം
- സീറ്റിങ് ശേഷിക്കനുസരിച്ചു മാത്രമേ വാഹനത്തില്‍ കുട്ടികളെ യാത്രചെയ്യാൻ അനുവദിക്കാവൂ. കുട്ടികൾ സുരക്ഷിതമായി ഇറങ്ങുകയും കയറുകയും ചെയ്തുവെന്നും ഡോർ അടച്ചുവെന്നും ഉറപ്പാക്കിയ ശേഷമേ വാഹനം മുമ്പോട്ട് പോകാവൂ
- സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നവർ വെള്ള ഷർട്ടും കറുപ്പ് പാന്റ്സും തിരിച്ചറിയല്‍ കാർഡും ധരിക്കണം. മറ്റ് വാഹനങ്ങളില്‍ ഡ്രൈവർ കാക്കിനിറത്തിലെ യൂണിഫോം ധരിക്കണം
- സുസജ്ജമായ പ്രഥമശുശ്രൂഷ കിറ്റ് എല്ലാ സ്കൂള്‍ വാഹനത്തിലുമുണ്ടെന്ന് സ്കൂള്‍ അധികാരികള്‍ പരിശോധിച്ച് ഉറപ്പുവരുത്തം
- സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവർമാരുടെ രീതികള്‍ കുട്ടികളെ സ്വാധീനിക്കാനിടയുണ്ട്. അതിനാല്‍ മാതൃകാപരമായി തന്നെ വാഹനങ്ങള്‍ ഓടിക്കണം. ദുശ്ശീലങ്ങളുള്ളവരെ ഡ്യൂട്ടിക്കായി നിയോഗിക്കരുത്. ഇവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുതെന്നും ഉറപ്പുവരുത്തണം.
- സ്കൂളിന്റെ പേരും ഫോണ്‍ നമ്പറും വാഹനത്തിന്റെ ഇരുവശത്തും പ്രദർശിപ്പിക്കണം. പിറകില്‍ ചൈല്‍ഡ് ലൈൻ (1098), പോലീസ്, ആംബുലൻസ്, ഫയർഫോഴ്സ്, മോട്ടോർവാഹന വകുപ്പ് ഓഫിസ്, സ്കൂള്‍ പ്രിൻസിപ്പല്‍ എന്നിവരുടെ നമ്പറുകളും വേണം.
നടക്കുന്നവരെയും കരുതണം
സ്കൂളിലേക്ക് നടന്നുപോകുന്ന ഒരുപാട് കുട്ടികളുണ്ട്. അവരുടെ സുരക്ഷക്ക് വാഹനം ഉപയോഗിക്കുന്നവർ പൂർണമായ ജാഗ്രത പാലിക്കുന്നതോടൊപ്പം നടന്നുപോകുന്ന കുട്ടികളെയും പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതിന് അധ്യാപകരും രക്ഷിതാക്കളും പൂർണ പിന്തുണ നൽകണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകുന്നു.
- കുട്ടികൾ വലത് വശം ചേർന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കുക
- റോഡിൽ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണെന്ന് ബോധ്യപ്പെടുത്തുക
- റോഡിൽ നിരന്ന് നടക്കാതെ വരിവരിയായി നടക്കുക
- കുട്ടികളെ കൈപിടിച്ച് നടത്തുമ്പോൾ അവരെ വലത്തേ അറ്റം നടത്തുക. കുട്ടികൾ നമ്മുടെ കൈയിൽ പിടിക്കുന്നതിനെക്കാൾ സുരക്ഷിതമാണ് നാം അവരുടെ കൈയിൽ പിടിച്ച് നടത്തുന്നത്
- കൊച്ചുകുട്ടികളാന്നെങ്കിൽ നമ്മുടെ പെരുവിരൽ കുട്ടിക്ക് പിടിക്കാൻ കൊടുക്കുകയും മറ്റ് വിരലുകൾകൊണ്ട് നാം കുട്ടിയുടെ കൈചേർത്ത് പിടിക്കുകയും ചെയ്യുക
- അപരിചിതരുടെ വാഹനങ്ങളിൽ ഒരിക്കലും ലിഫ്റ്റ് ആവശ്യപ്പെടുകയില്ലെന്നും അപരിചിതർ ലിഫ്റ്റ് വാഗ്ദാനം ചെയ്താൽ നിരസിക്കണമെന്നും ബോധ്യപ്പെടുത്തുക.
വാഹനത്തിന്റെ വിവരങ്ങൾ വീട്ടിലിരുന്നറിയാം
സ്കൂൾ ബസ് വീട്ടിൽനിന്ന് പുറപ്പെടുന്നത് മുതൽ രക്ഷാകർത്താക്കൾക്ക് ആധിയാണ്. പിന്നെ കുട്ടികൾ വീട്ടിലെത്തിയാലേ അത് മാറൂ. എന്നാൽ, ജി.പി.എസ് സംവിധാനം ഉപയോഗിച്ച് തന്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് വിദ്യാവാഹൻ എന്ന ഒരു ആപ് തന്നെ സജ്ജമാക്കിയിട്ടുണ്ട്. പ്ലേ സ്റ്റോറിൽനിന്ന് വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺ ചെയ്യാം.
- മൊബൈൽ നമ്പർ ഉപയോഗിച്ച് വിദ്യാവാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം
- മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ റജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതറാണ്
- ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം
- ലൊക്കേറ്റ് ചെയ്യേണ്ട വാഹനത്തിന്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തന്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം
- വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്റെലൊക്കേഷൻ, എത്തിച്ചേരുന്ന സമയം എന്നിവ എം.വി.ഡി/സ്കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം
- ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോൺ മുഖാന്തരം വിളിക്കാം
- വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കിൽ ഡ്രൈവറെ വിളിക്കാൻ സാധിക്കില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.