പത്തനംതിട്ട: സ്വകാര്യ ബസുടമകൾ ഉപവാസ സമരം നടത്തുന്നു. തകർന്ന് താറുമാറായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം എല്ലാ ജില്ല, താലൂക്ക് കേന്ദ്രങ്ങളിലെയും ബസ്സ്റ്റാൻഡുകളിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുമണി വരെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷെൻറ നേതൃത്വത്തിലാണ് ഉപവാസ സമരം.
2020ൽ 66 രൂപ വിലയുണ്ടായിരുന്ന ഡീസലിന് ഇന്ന് 31രൂപ വർധിച്ചു. അതോടൊപ്പം ടയർ, സ്പെയർ പാർട്സ്, ഓയിൽ മുതലായവക്കും വലിയ വർധന ഉണ്ടായിരിക്കുകയാണ്. കോവിഡ് മൂലമുണ്ടായ ലോക്ഡൗണിന് ശേഷം ബസുകളിൽ യാത്രക്കാർ കുറഞ്ഞതും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും തിരിച്ചടിയായി.
തെരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞവർഷം മൂന്ന് ക്വാർട്ടറിലെ റോഡ് നികുതി ഒഴിവാക്കി നൽകിയതൊഴിച്ചാൽ ഒരുവിധ ആനുകൂല്യങ്ങളും സർക്കാർ ഈ മേഖലക്ക് നൽകിയിട്ടില്ല. എന്നാൽ, കോവിഡിെൻറ രണ്ടാം തരംഗത്തെത്തുടർന്നുണ്ടായ ലോക്ഡൗണിനുശേഷം, നികുതിപോലും ഒഴിവാക്കാതെ അടക്കാനുള്ള സാവകാശം നീട്ടിനൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 5000 കെ.എസ്.ആർ.ടി.സി ബസുകൾക്ക് 6000കോടി രൂപയാണ് സർക്കാർ ചെലവഴിച്ചിട്ടുള്ളത്. കോവിഡിന് മുമ്പ് 12,500 സ്വകാര്യ ബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 1000ൽപരം ബസുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. ബാക്കി വരുന്ന 10000ൽ അധികം ബസുകൾ ഇന്നും നിരത്തിലിറക്കാൻ സാധിക്കാത്തവിധത്തിൽ കട്ടപ്പുറത്താണ്. ഈ ബസുകൾ നിരത്തിലിറങ്ങുന്നതിനുതന്നെ ബസൊന്നിന് മൂന്നുലക്ഷം രൂപയോളം ചെലവ് വരും. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ബസുടമകൾ അടച്ചിട്ടുള്ള 1000 കോടിയിലധികം രൂപയുണ്ട്. ഈ ഫണ്ടിൽനിന്ന് പലിശരഹിത വായ്പ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. യാത്രാനിരക്ക് വർധനക്കായി സർക്കാർ നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ കഴിഞ്ഞവർഷം റിപ്പോർട്ട് നൽകിയിട്ടും ഇതേവരെ അതിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. ചെലവിന് ആനുപാതികമായി വിദ്യാർഥികളുടേതടക്കമുള്ള ബസ് ചാർജ് വർധിപ്പിക്കുന്നതിനും കോവിഡ് കാലം കഴിയുന്നതുവരെ ബസുകളുടെ റോഡ് നികുതി ഒഴിവാക്കുന്നതിനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഇപ്പോൾ നിരത്തിലോടുന്ന ബസുകളിൽ മിക്കതിനും ഡീസലടിക്കാൻ പണമില്ലാതെയും ശമ്പളംപോലും ജീവനക്കാർക്ക് കൊടുക്കാനാകാത്ത സ്ഥിതിയുമാണുള്ളത്. 140 കിലോമീറ്ററിലധികം ദൂരത്തിൽ ഓടുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകാതെയുള്ള അവസ്ഥയും നിലനിൽക്കുന്നു.
സർക്കാറിെൻറ ഈ നിഷേധാത്മക സമീപനം കാരണമാണ് ഒരു ബസുടമക്ക് ജീവനൊടുക്കേണ്ടിവന്നത്. അതോടൊപ്പം തന്നെ തൊഴിൽ നഷ്ടപ്പെട്ട നിരവധി തൊഴിലാളികൾ ദാരിദ്ര്യത്തിലും പട്ടിണിയിലുമായി കഴിയുന്നു. ഉപവാസ സമരത്തിെൻറ ഭാഗമായി പത്തനംതിട്ട, റാന്നി ഇട്ടിയപ്പാറ, മല്ലപ്പള്ളി, തിരുവല്ല ,പന്തളം എന്നീ സ്വകാര്യ ബസ് സ്റ്റാൻഡുകളിലും ,അടൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപവും ഉപവസിച്ച് സമരം ചെയ്യുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോ. ജില്ല കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.