ചുങ്കപ്പാറ: ശക്തമായ മഴ പെയ്യാൻ തുടങ്ങിയാൽ കോട്ടാങ്ങൽ പഞ്ചായത്തിലെ ചുങ്കപ്പാറ-കോട്ടാങ്ങൽ പ്രദേശങ്ങൾ ഭീതിയിലാകും. കാരണം തലക്കുമീതെയുള്ളത് ക്വാറിയിലെ ജലബോംബ്. മഴ പെയ്ത് ക്വാറിയിൽ സംഭരിച്ചിരിക്കുന്ന ജലത്തിന്റെ അളവ് കൂടിയാൽ അല്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചാൽ ചുങ്കപ്പാറ ദുരിതഭൂമിയാകാൻ സാധ്യതയേറെ.
കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിൽ കോട്ടാങ്ങൽ പഞ്ചായത്തിലെ ആകോലി മലയിൽ പ്രവർത്തിക്കുന്ന ക്വാറി നാടിന് പേടിസ്വപ്നമായി മാറിയിരിക്കുന്നു. ചുങ്കപ്പാറ ടൗണിന്റെ തൊട്ടുമുകളിലാണ് പാറമട.
ഭയാനകം
കനത്ത മഴയിൽ തണ്ണീർത്തടങ്ങൾ നിറഞ്ഞ് പരിധിയിൽ കൂടുതൽ വെള്ളം ഉയർന്നാൽ കവിഞ്ഞ് ഒഴുകുകയോ, സംരക്ഷണ ഭിത്തികൾക്ക് തകരാർ സംഭവിച്ച് വെള്ളം പുറത്തേക്ക് ഒഴുകാനോ ഇടയായാൽ പ്രദേശം പൂർണമായും ഇല്ലാതാകും. ഇത് ഉരുൾപൊട്ടുന്നതിനെക്കാൾ ഭയാനകമാകും. സംഭരണശേഷിയിൽ കൂടുതൽ ജലം ഉണ്ടാകാതിരിക്കാൻ മഴ സമയത്ത് ഉരപ്പുകുഴിതോടുവഴി വൻതോതിൽ വെള്ളം തുറന്നു വിടുകയാണ്. മൂന്നുതവണ ഇത് ചുങ്കപ്പാറ ടൗണിൽ വെള്ളം കയറുന്നതിന് കാരണമായിട്ടുണ്ട്.
ഇരുട്ടിവെളുത്തപ്പോൾ വെള്ളത്തിൽ
2018ലെ മഹാപ്രളയത്തിൽപോലും വെള്ളം കയറാത്ത ചുങ്കപ്പാറയിൽ 2021ലും 2022ലും ഇരുട്ടിവെളുത്തപ്പോഴേക്കും വെള്ളത്തിനടിയിലായി. 115 ലേറെ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. ഓരോ വ്യാപാരികൾക്കും ഉണ്ടായത് ലക്ഷങ്ങളുടെ കടബാധ്യതയാണ്. അതിൽ നിന്ന് കരകയറാത്ത വ്യാപാരികൾക്ക് ഇപ്പോൾ ഒരു മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ ആശങ്കയിലാക്കും. പിന്നെ സാധനങ്ങൾ കടയിൽനിന്നും മാറ്റേണ്ട ഗതികേടിലാണ്. അന്ന് ഉണ്ടായത് സാമ്പത്തിക നഷ്ടങ്ങൾ മാത്രമായി. ഒരു ജീവഹാനിയും ഉണ്ടാകാതെ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. പ്രകൃതി ദുരന്തങ്ങൾ പല സ്ഥലങ്ങളിലും ഉണ്ടാകുമ്പോഴും ചുങ്കപ്പാറയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. അവിടെ ഉണ്ടാകുന്നത് പ്രകൃതി ദുരന്തങ്ങൾ ആണെങ്കിൽ ചുങ്കപ്പാറയിൽ വൻദുരന്തം ക്ഷണിച്ചു വരുത്തുകയാണ്.
വലിയ പാറകൾ ഒഴുകിയെത്തി
വർഷങ്ങൾക്ക് മുമ്പ് ക്വാറിയിലെ ജലസംഭരണിയിൽനിന്ന് പരിധിയിൽ കൂടുതൽ ജലം ഉയർന്ന് പുറത്തേക്ക് ഒഴുകിയതിനാൽ ചുങ്കപ്പാറ-പൊന്തൻപുഴ റോഡിലേക്ക് പതിച്ചത് വലിയ പാറകളാണ്. ഇവിടെ നടക്കുന്ന പല നിയമ ലംഘനങ്ങളും കണ്ടിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
എന്നാൽ, പ്രകൃതി ദുരന്തത്തേത്തെക്കാൾ വലിയ ദുരന്തത്തിന് കാരണമായേക്കാവുന്ന ജലബോംബ് സ്വന്തം തലക്കുമിതെ ഉണ്ടെന്ന് അറിവുണ്ടായിട്ടും പ്രതികരിക്കാൻ പോലും ആരും തയ്യാറാക്കുന്നില്ല. ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ, ദുരന്തം ഉണ്ടാകും മുൻപ് അത് ഒഴിവാക്കാൻ തയ്യാറാകുന്നില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ ദുരന്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.