ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ മിന്നല്‍ പരിശോധന; 22 വ്യാപാരികള്‍ക്കെതിരെ കേസ്

പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 22 വ്യാപാരികൾക്കെതിരെ കേസെടുത്ത് 64,000 രൂപ പിഴ ഈടാക്കി.

ലീഗൽ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകൾ ഇല്ലാത്ത പാക്കറ്റുകൾ വിൽപനക്ക് പ്രദർശിപ്പിച്ചതിന് ബേക്കറി, സൂപ്പർ മാർക്കറ്റുകൾ, ഇലക്ട്രോണിക് ഉപകരണ സ്ഥാപനങ്ങൾ തുടങ്ങി ഒമ്പത് സ്ഥാപനങ്ങള്‍ക്ക് 35,000 രൂപയും പാക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന വില തിരുത്തിയതിന് 5000 രൂപയും യഥാസമയം മുദ്ര പതിക്കാതെ അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് 12 വ്യാപാരികളിൽനിന്ന് 24000 രൂപയുമാണ് പിഴ ഈടാക്കിയത്.

പിഴ ഒടുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. മുദ്ര പതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപന നടത്തുക, നിർമാതാവിന്‍റെ വിലാസം, ഉൽപന്നം പാക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വിൽപന വില തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകൾ വിൽപന നടത്തുക, എം.ആര്‍.പിയെക്കാൾ അധിക തുക ഈടാക്കുക, വില തിരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഒന്നിന് ആരംഭിച്ച പരിശോധന വരുംദിവസങ്ങളിലും തുടരും. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടു വരെ രണ്ട് സ്‌ക്വാഡുകളാണ് ജില്ലയൊട്ടാകെ പരിശോധന നടത്തുന്നത്.

അസി. കണ്‍ട്രോളര്‍ കെ.ജി. സുജിത് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ആര്‍. അതുല്‍, കെ. അഭിലാഷ്, എ. അബ്ദുൽ ഖാദർ, എസ്.എസ്. വിനീത്, യു. അല്ലി, ആര്‍.വി. രമ്യ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ താലൂക്കുകളില്‍ നടന്ന പരിശോധനയില്‍ ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്‍റുമാരായ രാജീവ് കുമാര്‍, സജികുമാര്‍, സുനില്‍കുമാര്‍, സന്തോഷ്‌കുമാര്‍, ബിജി ദേവസ്യ, ഹരികുമാര്‍, നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - rade-Legal Metrology Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.