റാന്നി: ജണ്ടായിക്കൽ-അത്തിക്കയം റോഡിന്റെ നിർമാണത്തിലുണ്ടായ അപാകതകൾ പരിഹരിച്ച് മൂന്നുമാസത്തിനകം നിർമാണം പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ നിർദേശിച്ചു. റോഡ് സന്ദർശിച്ച ശേഷമാണ് അദ്ദേഹം കരാറുകാരനെ വിളിച്ചുവരുത്തി കർശന നിർദേശം നൽകിയത്.
നാലുകോടി രൂപ ചെലവഴിച്ചാണ് ജണ്ടായിക്കൽ-അത്തിക്കയം റോഡ് നേരത്തേ പുനരുദ്ധരിച്ചത്. എന്നാൽ, നിർമാണത്തിലെ അപാകത മൂലം പല ഭാഗങ്ങളും ഇളകി മാറി റോഡ് സഞ്ചാരയോഗ്യമല്ലാതായി തീർന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി വിഭാഗം റോഡ് സന്ദർശിച്ച് സാമ്പിൾ ശേഖരിച്ച് വിശദ പരിശോധന നടത്തി. തുടർന്ന് അപാകതയുണ്ടായ ഭാഗങ്ങൾ പൊളിച്ചുമാറ്റി പുനരുദ്ധരിക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉത്തരവിടുകയായിരുന്നു.
റോഡ് പുനരുദ്ധരിക്കാൻ ഇളകിയ ഭാഗം പൊളിച്ചുമാറ്റിയെങ്കിലും ഇവിടെ നിർമാണ പ്രവൃത്തികൾ വൈകി. ഇതോടെ യാത്രക്കാർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് ബന്ധപ്പെട്ടവർ വകുപ്പ് മന്ത്രിയുടെയും പൊതുമരാമത്ത് ചീഫ് എൻജിനീയറുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ചീഫ് എൻജിനീയർ നേരിട്ട് സ്ഥല പരിശോധന നടത്തി അടിയന്തരമായി റോഡ് പുനരുദ്ധരിക്കാൻ നിർദേശം നൽകിയത്.
റോഡിന്റെ ലെവൽസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എടുത്ത് ചീഫ് ടെക്നിക്കൽ എക്സാമിനർക്ക് കൈമാറും അവിടന്ന് അനുമതി ലഭിക്കുന്ന മുറക്ക് നിർമാണം ആരംഭിക്കും ഇതിനിടയിൽ റോഡ് പൊളിഞ്ഞ ഭാഗങ്ങളിൽ തകരാറായ പൈപ്പ് ലൈനുകൾ അറ്റപ്പണി ചെയ്യാൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.