പത്തനംതിട്ട: പപ്പടത്തിന്റെ പേരിൽ ഇനിയൊരു ലഹള വേണ്ട. കായംകുളത്തിനടുത്ത് കരിയീലക്കുളങ്ങരയിൽ പപ്പടം വിളമ്പിയില്ലെന്ന കാരണത്താൽ വിവാഹസദ്യ കൂട്ടയടിയിൽ കലാശിച്ചതിൽ പിന്നെ പപ്പടത്തിന്റെ കാര്യത്തിൽ പ്രത്യേകമൊരു ജാഗ്രതയുണ്ട്.
ആഘോഷങ്ങളിൽ പപ്പടത്തിലാണ് വിപ്ലവം നടക്കുന്നത്. ഓണസദ്യ കേമമാക്കാനും ജാഗ്രതക്ക് ഒട്ടും കുറവുവരുത്താതെ പപ്പടങ്ങൾ വിപണിയിലുണ്ട്. സദ്യയുടെ ശബ്ദമായ പപ്പടവും പരിപ്പുകറിയും ഒന്നിച്ചാൽ മാത്രമേ മലയാളിയുടെ മനസ്സും വയറും നിറയുകയുള്ളൂ.
പത്തനംതിട്ടക്കാർക്ക് ആറന്മുള വള്ളസദ്യക്കാലം മുതൽ തന്നെ പപ്പട പ്രിയമേറും. ഉത്രട്ടാതി വള്ളസദ്യ കഴിയും വരെ കാച്ചിയ പപ്പടത്തിന്റെ മണം അടുക്കള വിട്ടുപോകില്ല. മാവിൽ കുഴച്ച വലുതും ചെറുതുമായവക്ക് പുറമെ പല നിറത്തിലും രൂപത്തിലും പപ്പടങ്ങൾ വിപണിയിലുണ്ട്. ചക്ക, ബീറ്റ്റൂട്ട്, ഉള്ളി, വെളുത്തുള്ളി, മുളക്, മസാല, ജീരകം തുടങ്ങിയ ചേർത്ത വിവിധതരത്തിലെ പപ്പടങ്ങൾ ലഭ്യമാണ്.
പരമ്പരാഗത പപ്പട തൊഴിലാളികൾക്ക് ഓണം ചാകരയാണ്. ഇപ്പോൾ നൂറെണ്ണത്തിന് 120 രൂപവരെ ഈടാക്കുന്നുണ്ട്. വലിയ പപ്പടത്തിന് 140 രൂപയുമുണ്ട്. 100 എണ്ണത്തിന് 100 രൂപ പപ്പടവും വിപണിയിലുണ്ട്. പപ്പടത്തിന്റെ ഗുണനിലവാരം അനുസരിച്ച് നിരക്ക് മാറി വരുമെന്ന് വ്യാപാരികൾ പറയുന്നു. 150രൂപവരെ മുൻ വർഷങ്ങളിൽ വില വർധിച്ചിട്ടുണ്ട്.
ആവശ്യക്കാർ ഏറിയതോടെ പപ്പടങ്ങൾ നിർമിച്ച് വീടുകളിലെത്തി വിൽപന നടത്തുന്നവരുമുണ്ട്. വീട്ടുകാർക്കും ലാഭമായതിനാൽ കടയിലെത്തി പപ്പടം വാങ്ങുന്നവർ കുറയുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.12 പപ്പടത്തിന് 20 രൂപക്കും കടകളിൽ വിൽപന നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.