മല്ലപ്പള്ളി: താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലും മല്ലപ്പള്ളി ടൗണിലും ടിപ്പർ ലോറികൾ മരണപ്പാച്ചിൽ നടത്തുന്നതിനാൽ കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഭീതിയിൽ. അമിത ലോഡുമായാണ് ടിപ്പറുകൾ തിരക്കേറിയ റോഡുകളിലൂടെ പായുന്നത്. സൈഡ് ബോഡിയിൽ കവിഞ്ഞും വലിയ പാറക്കല്ലുകളുമായി പോകുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്.
ടിപ്പറുകളിൽ നിന്നും നിരവധി തവണ പാറക്കല്ലുകളും മറ്റും തെറിച്ച് വീണിട്ടുണ്ട്. ബുധനാഴ്ച മല്ലപ്പള്ളി - തിരുവല്ല റോഡിൽ അമിത ലോഡുമായി പോയ ടിപ്പറിൽനിന്നും മെറ്റലും ചളിയും റോഡിൽ വീണ് നിരന്നു കിടക്കുകയായിരുന്നു.
നിയമം ലംഘിച്ചുള്ള ടിപ്പറുകൾ മത്സരയോട്ടം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകുകയാണ്. എന്നാൽ, ഇപ്പോഴും അധികൃതർ ഇതൊന്നും കണ്ടില്ലെന്ന നിലപാടിൽ തന്നെയാണ്. മല്ലപ്പള്ളി, ആനിക്കാട്, എഴുമറ്റൂർ, കോട്ടാങ്ങൽ പഞ്ചായത്തുകളിലാണ് ടിപ്പറുകൾ മത്സരയോട്ടവും മരണപ്പാച്ചിലും നടത്തുന്നത്. പല റോഡുകളും തമ്മിൽ യോജിക്കുന്ന ഭാഗത്ത് വിതി കുറവായതിനാൽ ഇതൊന്നും ശ്രദ്ധിക്കാതെ ടിപ്പർ ലോറികൾ കയറി വരുന്നത് അപകട സാധ്യത വർധിപ്പിക്കുകയാണ്.
സ്കൂൾ സമയങ്ങളിൽ റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്തിട്ട് സമയം കഴിയുമ്പോൾ പിന്നെ അമിത വേഗത്തിലാണ് നിരത്തിലൂടെ പായുന്നത്. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് അധികൃതരുടെ മുന്നിലൂടെ വരെ ടിപ്പറുകൾ പോകുന്നത്. ലോഡുമായി പോകുന്ന ടിപ്പറുകൾ ലോഡ് മൂടി കൊണ്ടുപോകണമെന്ന നിയമം പലരും പാലിക്കാറില്ല. പലയിടത്തും ലോഡ് അനുസരിച്ച് കമീഷൻ വ്യവസ്ഥയിലാണ് കൂലി എന്നതിനാൽ മത്സരയോട്ടമാണ് റോഡുകളിൽ.
തലങ്ങും വിലങ്ങും ടിപ്പറുകൾ പായുന്നതിനാൽ പ്രധാന ജങ്ഷനുകളിൽ പോലും റോഡ് മുറിച്ച് കടക്കുന്നതിനു പോലും കാൽനടയാത്രക്കാർ ഏറെ നേരം കാത്തു നിൽക്കണം. അധികൃതരുടെ കൺമുന്നിലൂടെയാണ് ഈ നിയമ ലംഘനം നടക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.