പത്തനംതിട്ട: നിർദിഷ്ട ശബരിമല വിമാനത്താവള ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റിൽ ഉടമസ്ഥതതർക്കം നിലനിൽക്കേ, ഭൂമിയുടെ കൈവശക്കാരായ ബിലീവേഴ്സ് ചർച്ചുമായി അനുരഞ്ജനചർച്ച നടത്തി സർക്കാർ. ഭൂമിയുടെ ഉടമസ്ഥത തർക്ക കേസ് കോടതിയിൽ നിലനിൽക്കുകയാണ്. ആദായനികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനാൽ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരിക്കുകയാണ്. അതിനിടയിലാണ് സർക്കാർ ചർച്ച നടത്തിയത്.
സർവേ, മണ്ണ് പരിശോധന അടക്കമുള്ള നടപടികൾ തുടങ്ങുന്നതിന് ബിലീവേഴ്സ് ചർച്ചിെൻറ അനുമതി തേടിയാണ് അവരുമായി ചർച്ച നടത്തിയത്. റവന്യൂ വകുപ്പ് സ്പെഷൽ സെക്രട്ടറി കെ. ബിജുവാണ് ചർച്ചക്ക് ക്ഷണിച്ചത്. ചീഫ് സെക്രട്ടറിയാണ് ചർച്ച നടത്തിയത്. ഭൂമി അളക്കുകയോ മണ്ണ് പരിശോധന നടത്തുകയോ വേണമെങ്കിൽ അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്ന് ഭൂമി ൈകവശംെവക്കുന്ന ബിലീവേഴ്സ് ചർച്ചിെൻറ ഉപ സ്ഥാപനമായ അയന ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധികൾ സർക്കാറിനെ അറിയിച്ചു. വിമാനത്താവളത്തിന് എതിരല്ലെന്നും ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള കേസിലെ നടപടികൾ വേഗത്തിലാക്കണമെന്നും ട്രസ്റ്റ് പ്രതിനിധികൾ ആവശ്യപ്പെട്ടു. സാധ്യതപഠനം നടത്തിയ ലൂയിസ് ബർഗ്ർ കമ്പനിക്ക് അതിനുള്ള അനുമതി നൽകിയിരുന്നുവെന്ന് ട്രസ്റ്റ് പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. അതേ നിലപാടുതന്നെയാണ് സർവേ, മണ്ണ് പരിശോധന എന്നിവയിലുമുണ്ടാവുക. ഉടമസ്ഥതതർക്കത്തിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിനില്ലെന്നും അറിയിച്ചതായാണ് ചർച്ച് അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.
വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് പണം കൊടുത്ത് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. അതിനുശേഷം ആദ്യമായാണ് ചർച്ച് പ്രതിനിധികളുമായി സർക്കാർ നേരിട്ട് ചർച്ച നടത്തുന്നത്. ഉടമസ്ഥാവകാശത്തിൽ ചർച്ചിനെതിരായ സർക്കാറിെൻറ ഹരജി പാലാ കോടതിയുടെ പരിഗണനയിലാണ്. വിമാനത്താവള നിർമാണത്തിന് അടിയന്തരമായി ഇനി വേണ്ടത് കേന്ദ്രാനുമതിയാണ്. കേന്ദ്രാനുമതിക്ക് അപേക്ഷിക്കുംമുമ്പ് ഭൂമി പരിശോധിച്ച് വിമാനത്താവളത്തിന് അനുകൂലമാണെന്ന് ഉറപ്പാക്കണം. ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയതിനാൽ ഭൂമി ഇപ്പോൾ അവരുടെ പക്കലാണ്. ആദായ നികുതി കേസ് തീരണമെങ്കിൽ അതിന് വർഷങ്ങളെടുക്കും. പാലാ കോടതിയിലേത് സിവിൽ കേസാണ്. ചെറുവള്ളിയുടെ കാര്യത്തിൽ സർക്കാർ ഭൂമി കൈയേറിയെന്ന വാദമാണ് സർക്കാർ കോടതിയിൽ ഉന്നയിക്കുന്നത്. ചെറുവള്ളിയിലെ സർക്കാർ ഭൂമി കൈയേറി ഹാരിസൺസ് മലയാളം കമ്പനി കൃഷി നടത്തുകയും അവർ ഭൂമി ബിലീവേഴ്സ് ചർച്ചിെൻറ ഉടമസ്ഥതയിലുള്ള ഗോസ്പൽ ഫോർ ഏഷ്യക്ക് മറിച്ചുവിൽക്കുകയുമായിരുന്നുവെന്നാണ് ഭൂമി ഏറ്റെടുത്തുകൊണ്ട് നേരത്തേ റവന്യൂ സ്പെഷൽ ഓഫിസർ എം.ജി. രാജമാണിക്യം പുറെപ്പടുവിച്ച ഉത്തരവിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.