പത്തനംതിട്ട: അഞ്ചുവയസ്സുള്ള ആൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കൊടുമൺ പൊലീസ് പിടികൂടി. മാവേലിക്കര തെക്കേക്കര പുന്നമൂട് വലിയ തേക്കെത്തിൽ വീട്ടിൽനിന്ന് അങ്ങാടിക്കൽ വടക്ക് സിയോൺകുന്ന് വാഴവിള മുരുപ്പേൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന സുരേഷാണ് (43) അറസ്റ്റിലായത്. ഒക്ടോബറിലെ പൂജവെപ്പ് ദിവസം കുട്ടിയെ ഇയാളുടെ വീട്ടിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി വായ് പൊത്തിപ്പിടിച്ചശേഷം ഉപദ്രവിച്ചു.
അടുത്ത ദിവസങ്ങളിലും ഇത് ആവർത്തിച്ചു. വീട്ടിൽ പറഞ്ഞാൽ കൊല്ലുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. അസ്വസ്ഥത തോന്നിയതുകാരണം മാതാപിതാക്കൾ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ചു. ആശുപത്രിയിൽനിന്ന വിവരം ലഭിച്ചതിനെത്തുടർന്ന് വനിത പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ദേഹോപദ്രവത്തിനും ഭീഷണി പ്പെടുത്തിയതിനും പ്രകൃതിവിരുദ്ധ പീഡനത്തിനും പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഇയാൾ താമസിക്കുന്ന വീടിന് സമീപത്തുനിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
ഫോട്ടോ കാണിച്ച് കുട്ടി തിരിച്ചറിഞ്ഞശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തുകയും ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പന്തളം പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.