തിരുവല്ല: മിന്നലില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തിരുവല്ല റവന്യൂ ടവർ വയറിങ് മുഴുവന്‍ കത്തിനശിച്ചു. കോടതികളുടെയും വിവിധ സര്‍ക്കാര്‍ ഓഫിസുകളുടെയും അഭിഭാഷക ഓഫിസുകളുടെയും പ്രവര്‍ത്തനം അവതാളത്തിലാണ്. ടവറില്‍ മുറിയെടുത്തവർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.
രണ്ടു ദിവസം മുമ്പുണ്ടായ മിന്നലില്‍ റവന്യൂ ടവർ ട്രാന്‍സ്ഫോര്‍മറില്‍നിന്ന് അമിതമായി വൈദ്യുതി പ്രവഹിച്ചാണ് ആറു നില കെട്ടിടത്തിലെ വയറിങ് കത്തിയതെന്ന് പറയുന്നു. എ.സി, കമ്പ്യൂട്ടര്‍, പ്രിന്റര്‍, ഫാന്‍, വയറിങ് എന്നിവ പൂര്‍ണമായും കത്തിനശിച്ചു. കടകളിലുണ്ടായിരുന്ന റെഫ്രിജറേറ്ററുകള്‍, ടി.വി, മിക്സി എന്നിവക്കും കേടുപാട് സംഭവിച്ചു. രണ്ടു ദിവസമായിട്ടും യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിനും കഴിഞ്ഞിട്ടില്ല.
സ്വകാര്യ കെട്ടിടങ്ങളില്‍ ചെറിയ ഒരു പിഴവ് വന്നാല്‍പോലും പരിശോധന നടത്തി ലക്ഷങ്ങള്‍ പിഴയീടാക്കുന്ന വിഭാഗമാണ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്. ഹൗസിങ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റവന്യൂ ടവര്‍ വര്‍ഷങ്ങളായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ എന്‍.ഒ.സിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
രണ്ടു ദിവസമായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഓരോ മുറിയും പരിശോധിക്കുന്നുണ്ട്. മുന്‍സിഫ്, മജിസ്ട്രേറ്റ് സബ് കോടതി തുടങ്ങി മൂന്നു കോടതികള്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ്, ജോയന്റ് ആര്.ടി ഓഫിസ്, എക്സൈസ് ഓഫിസ് തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നു. ഇവരുടെയൊക്കെ വിവരങ്ങൾ ശേഖരിച്ച് വെച്ചിരുന്ന കമ്പ്യൂട്ടറുകള്‍ക്ക് അടക്കം തകരാര്‍ സംഭവിച്ചു. ടവറിനുള്ളില്‍ ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
റവന്യൂ ടവറിനോട് തൊട്ടുചേര്‍ന്നാണ് അഗ്നിരക്ഷാ സേനയുടെ ഓഫിസ്. ഏതാനും വര്‍ഷങ്ങളായി അഗ്നിരക്ഷാസേനയുടെ എന്‍.ഒ.സിയില്ലാതെയാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്.
ലിഫ്റ്റുകള്‍ക്ക് അടക്കം ഫയര്‍ എന്‍.ഒ.സിയില്ല. ലിഫ്റ്റ് ഉള്ളതും ഇല്ലാത്തതും തുല്യമാണ്. ഇതില്‍ കയറുന്നവര്‍ മിക്കവാറും മണിക്കൂറുകളോളം കുടുങ്ങിക്കിടക്കും. നാലു മാസമായി ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.