പത്തനംതിട്ട: നഗരസഭ ഒന്നാം വാർഡിൽ വെട്ടിപ്രം-തോന്ന്യാമല റോഡിൽ തോണിക്കുഴി ഭാഗത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ മലയിടിച്ച് മണ്ണെടുത്ത് കൊണ്ടുപോകുന്നതു മൂലം റോഡ് സഞ്ചാരയോഗ്യമല്ലാതായി.
വീതികുറഞ്ഞ റോഡിലൂടെ വലിയ ടോറസുകളിൽ മണ്ണ് കടത്തിക്കൊണ്ടു പോകുന്നതിനാൽ റോഡ് ചളിക്കളമായി മാറി. തോണിക്കുഴി ഭാഗത്ത് ഇറക്കവും വളവുകളുമുള്ള റോഡായതിനാൽ ഇരുചക്ര വാഹനങ്ങൾ റോഡിലെ ചളിയിൽ വീണ് അപകടത്തിൽപെടുന്നു. റോഡിലൂടെ കാൽനടപോലും ബുദ്ധിമുട്ടാണ്. മണ്ണെടുത്തതുമൂലം റോഡിൽ അടിഞ്ഞുകൂടിയ മണ്ണും ചളിയും നീക്കണമെന്ന് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും വസ്തു ഉടമയും മണ്ണെടുക്കുന്ന കരാറുകാരനും തയാറായിട്ടില്ല.
ഇതുമൂലം നാട്ടുകാരും വാഹന യാത്രക്കാരും ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു. മഴക്കാലത്ത് ചളിയും ചൂടുകാലത്ത് പൊടിശല്യവും കാരണം പ്രദേശവാസികൾക്ക് വീടിനുള്ളിൽപ്പോലും ഇരിക്കാനാവാത്ത അവസ്ഥയാണ്. വർഷങ്ങളായി തകർന്നുകിടന്ന വെട്ടിപ്രം-തോന്ന്യാമല റോഡ് എം.എൽ.എ ഫണ്ടിൽനിന്ന് 10 കോടി രൂപ മുടക്കി ആധുനിക രീതിയിൽ ടാർ ചെയ്തിട്ട് ഒരു വർഷമാകുന്നതേയുള്ളൂ.
മലയിടിക്കാൻ വലിയ യന്ത്രങ്ങളും ടോറസ് പോലുള്ള വലിയ വാഹനങ്ങളും കൊണ്ടുവരുന്നതുമുലം റോഡ് നശിക്കുന്ന അവസ്ഥയാണ്. അധികൃതർ ഇടപെട്ട് റോഡിലെ ചളിയും മണ്ണും നീക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.