പത്തനംതിട്ട: ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷ മൂല്യനിർണയത്തിനുള്ള പ്രതിഫലം നൽകാതെ ആറുമാസം പൂർത്തിയാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പ്ലസ് വൺ, പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിടുമ്പോഴും പ്രായോഗിക പരീക്ഷ മുതലുള്ള പരീക്ഷകളുടെയും മൂല്യനിർണയത്തിന്റെയും പ്രതിഫലമാണ് തടഞ്ഞുവെച്ചത്. ഏപ്രിൽ, മേയ് മാസങ്ങളിൽ സംസ്ഥാനത്തുടനീളം 80 ക്യാമ്പുകളിലായി നടന്ന കേന്ദ്രീകൃത മൂല്യനിർണയത്തിന്റെ പ്രതിഫലവും മുഴുവൻ നൽകിയിട്ടില്ല. 30.4 കോടിയുടെ സ്ഥാനത്ത് കേവലം 8.9 കോടി മാത്രമാണ് 80 ക്യാമ്പുകളിലേക്ക് അനുവദിച്ചത്.
അതിനാൽ ഭൂരിഭാഗം അധ്യാപകർക്കും പ്രതിഫലം കിട്ടിയിട്ടില്ല. ഫെബ്രുവരിയിൽ നടന്ന പ്ലസ് ടു പ്രായോഗിക പരീക്ഷയുടെ വേതനം, ഈ പരീക്ഷയുമായി ബന്ധപ്പെട്ട് ജില്ല മേധാവിമാർക്കുള്ള യാത്രാബത്ത, മാർച്ചിൽ നടന്ന ഒന്നും രണ്ടും വർഷ പരീക്ഷജോലിക്കുള്ള വേതനം, ഈ പരീക്ഷകളുടെ ഉത്തരസൂചിക തയാറാക്കുന്നവർക്ക് നൽകുന്ന യാത്രാബത്ത, ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന പ്ലസ് വൺ, പ്ലസ്ടു മൂല്യനിർണയ വേതനം, ജൂണിൽ നടന്ന പ്ലസ് ടു സേ - ഇംപ്രൂവ്മെന്റ് പരീക്ഷ വേതനം, ഉത്തര സൂചിക തയാറാക്കലു മായി ബന്ധപ്പെട്ട യാത്രാബത്ത, ജൂലൈയിൽ നടന്ന സേ - ഇംപ്രൂവ്മെന്റ് പരീക്ഷ മൂല്യനിർണയ വേതനം എന്നിവയും ഇതുവരെ നല്കാൻ കഴിഞ്ഞിട്ടില്ല. സെപ്റ്റംബറിൽ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ തുടങ്ങുകയാണ്. അത് കഴിഞ്ഞ് ഒക്ടോബറിൽ മൂല്യനിർണയം തുടങ്ങും. പരീക്ഷ മൂല്യനിർണയവുമായി ബന്ധപ്പെട്ട വേതനം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപക മേഖലയിലെ സംഘടനകൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.