പത്തനംതിട്ട: ഇടവിട്ട അവധി ദിനങ്ങളുടെ ആലസ്യം മുതലെടുത്ത് ഈ മാസം ആറു മുതൽ ജില്ലയിൽ നടന്നത് വ്യാപക വയൽനികത്തലും കുന്നിടിക്കലും. മലയോര ജില്ലയിൽ അഴിഞ്ഞാടുന്ന മണ്ണുമാഫിയക്ക് നേരെ റവന്യൂവകുപ്പ് കൂടി കണ്ണടച്ചതോടെ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉടലെടുക്കുന്നത്. പത്തനംതിട്ട നഗരസഭയിൽ ഉൾപ്പെടെ ജില്ലയിലെ തദ്ദേശ സ്ഥാപന അധികൃതരെക്കൂടി വിലയ്ക്കെടുത്താണ് അവധി ദിവസങ്ങളിൽ നിയമലംഘനങ്ങൾ നടന്നത്. ചില സ്ഥലങ്ങളിൽ ഗുണ്ടസംഘങ്ങളെ രംഗത്തിറക്കി നാട്ടുകാർക്കെതിരെയും ഭീഷണി ഉയർത്തുന്നുണ്ട്. ജില്ല ആസ്ഥാനത്ത് കലക്ടറേറ്റിന് സമീപം വരെ കുന്നിടിച്ച് വയൽ നികത്തിയിട്ട് തങ്ങളിതൊന്നും അറിഞ്ഞില്ലെന്ന സമീപനമാണ് റവന്യൂ വകുപ്പിന്. അതേസമയം, ജില്ലയിലെ വ്യാപക മണ്ണ് ഖനനം കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ഈ മാസം ആറിന് പെസഹ അവധി മുതൽ 22ന് ചെറിയ പെരുന്നാൾ അവധിവരെ ഇടവിട്ട അവധി ദിവസങ്ങളിൽ സർക്കാർ വകുപ്പുകളാകെ അവധിയിലായിരുന്നു. കൂടുതൽ ജീവനക്കാരുള്ള റവന്യൂ വകുപ്പിലാകട്ടെ ജില്ലക്ക് പുറത്തുള്ള നിരവധി പേർ ജോലി നോക്കുന്നുണ്ട്. ഇവരെല്ലാം അവധിയിലായിരുന്നു. ഇക്കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മണ്ണ് മാഫിയ സജീവമായി രംഗത്തിറങ്ങിയത് ജില്ല ആസ്ഥാനം കൂടി ഉൾപ്പെട്ട പത്തനംതിട്ട നഗരസഭയിലായിരുന്നു. ഇവിടെ വലിയ തോതിലാണ് കുന്നിടിച്ചതും വയൽ നികത്തിയതും.
കലക്ടറേറ്റ് പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ് ജങ്ഷന് സമീപം, മുമ്പ് പത്തനംതിട്ട വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ കൊടുത്ത വയൽ ഏകദേശം നികത്തി കഴിഞ്ഞു. ഇതിനു സമീപം മറ്റൊരു വയലും രണ്ടാഴ്ചക്കിടെ നികത്തിയെടുത്തു. ഇവിടെ 24 മണിക്കൂറും മണ്ണ് അടിച്ചിട്ടും നഗരസഭയോ റവന്യൂ വകുപ്പോ തിരിഞ്ഞുനോക്കിയില്ല. മണ്ണടിക്കുന്നത് നഗരസഭയിലെ ഏറ്റവും ഉന്നതരെ വരെ വിളിച്ചറിയിട്ടും നോക്കാമെന്ന മറുപടി മാത്രമാണ് ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. നികത്തിയെടുത്ത വയലിലാണ് മണ്ണ് കടത്തുന്ന ലോറികൾ ഇപ്പോൾ പകൽ നിർത്തിയിടുന്നത്. ജില്ല സ്റ്റേഡിയത്തിന് സമീപവും വയൽ നികത്തുന്നുണ്ട്.
പന്തളം, തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി, കോന്നി, വടശ്ശേരിക്കര, ചിറ്റാർ, കിഴക്കൻ മലയോര പ്രദേശങ്ങളിൽ മണ്ണ് -ക്വാറി മാഫിയ ജില്ലയെ കാർന്നുതിന്നിട്ടും ജില്ല ഭരണകൂടം അറിഞ്ഞില്ലെന്ന സമീപനമാണ് സ്വീകരിക്കുന്നത്. വിവിധ പ്രദേശങ്ങളിൽനിന്ന് നാട്ടുകാർ കൂട്ടമായും അല്ലാതെയും നിരവധി പരാതികൾ റവന്യൂ വകുപ്പിന് നൽകിയിട്ടും ഉത്തരവാദപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ല. ഇങ്ങനെ ഒരു സമീപനം ഇതിന് മുമ്പായിട്ടില്ലെന്ന് പരിസ്ഥിതി സംഘടനകളും പറയുന്നു. കലക്ടറേറ്റിന് സമീപംവരെ വ്യാപകമായി വയൽ നികത്തിയിട്ടും തങ്ങൾ അറിഞ്ഞില്ലെന്ന സമീപനം ഉത്തരവാദിത്തത്തിൽനിന്നുള്ള ഓടിമറയലാണെന്ന് സംഘടനകൾ പറയുന്നു. വ്യാപകമായി വയൽ നികത്താൻ അനുമതി നൽകി നാൽപതോളം വിജിലൻസ് കേസുകളിൽപെട്ട അടൂർ മുൻ ആർ.ഡി.ഒയുടെ ഉത്തരവ് പ്രകാരം കലക്ടറേറ്റിന് സമീപം കഴിഞ്ഞ ദിവസം മണ്ണിട്ടതുപോലും തടയാൻ റവന്യൂ ഉന്നതർക്ക് കഴിഞ്ഞില്ല.
ഇവിടെ മണ്ണിട്ടത് വലിയ വിവാദമാകുകയും നടപടി എടുക്കാതെ ലാൻഡ് റവന്യൂ ഡെപ്യൂട്ടി കലക്ടർ ആരോപണത്തിൽപെടുകയും ചെയ്തിരുന്നു. തുടർനടപടികൾക്കായി ഫയൽ സർക്കാറിലേക്ക് അയക്കാതെ എൽ.ആർ ഡെപ്യൂട്ടി കല്കടർ പിടിച്ചുവെച്ചതാണ് വലിയ വിവാദമായത്. ഈ വയലിലാണ് വീണ്ടും മണ്ണിടൽ നടക്കുന്നത്. മണ്ണ്-മണൽ- ക്വാറി മാഫിയയെ നിയന്ത്രിക്കുന്ന വിഷയത്തിൽ കുറച്ചുനാളായി ജില്ല ഭരണകൂടം അമ്പേ പരാജയമാണെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി നേതാക്കളും പലപ്പോഴായി ആരോപണം ഉന്നയിച്ചിരുന്നു.
മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ച ഏഴംകുളം പഞ്ചായത്ത് മൂന്നാം വാര്‍ഡിൽ അവസാനം നാട്ടുകാർക്ക് കൈക്കരുത്ത് കാണിക്കേണ്ടി വന്നു. ഗുണ്ടകളുമായി മണ്ണുമാഫിയ രംഗത്തിറങ്ങിയതോടെ രംഗം വഷളായി സംഘർഷത്തിലേക്കും നീങ്ങി. അവസാനം നാട്ടുകാര്‍ ടിപ്പര്‍ ലോറി അടിച്ചു തകര്‍ത്തതോടെയാണ് മണ്ണ് മാഫിയ സ്ഥലം വിട്ടത്. തൊടുവക്കാട് വേളമുരുപ്പില്‍ അഞ്ചരയേക്കറില്നിന്നാണ് നിര്‍ബാധം മണ്ണു കടത്തുന്നത്. നാട്ടുകാർ ജില്ല ഭരണകൂടത്തിനും ഏഴംകുളം പഞ്ചായത്തിനും പരാതി നൽകി കാത്തിരുന്നു. നടപടി ഇല്ലെന്നായപ്പോൾ സമരവുമായി രംഗത്തിറങ്ങി. ഇവിടെയും ദേശീയപാത ഉപയോഗത്തിനെന്നാണ് തദ്ദേശ സ്ഥാപന അധികൃതരുടെയും മണ്ണ് മാഫിയയുടെയും വാദം. 24 മണിക്കൂറും നടന്ന മണ്ണെടുപ്പിൽ നാട്ടുകാർ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഉപദ്രവിക്കരുതെന്നായി മണ്ണെടുക്കുന്നവര്‍. വീടുവെക്കാൻ 10 ലോഡ് മണ്ണെടുക്കാൻ അനുമതി കിട്ടിയ സ്ഥാനത്താണ് നൂറുകണക്കിന് ലോഡ് കടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീണ്ടും മണ്ണെടുപ്പ് തുടങ്ങിയതോടെ നാട്ടുകാർ തടയുകയായിരുന്നു.
വാഹനം തടഞ്ഞ സി.പി.എം പ്രാദേശിക നേതാക്കളെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതോടെ നാട്ടുകാര്‍ ടിപ്പറുകൾ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. തുടർന്നാണ് അത്രയും ദിവസങ്ങൾ മിണ്ടാതിരുന്ന പൊലീസ് എത്തി നാലു ടിപ്പര്‍ ലോറിയും എക്സ്കവേറ്ററും കസ്റ്റഡിയില്‍ എടുത്തത്. പൊലീസും മണ്ണുമാഫിയയും തമ്മില്‍ അവിശുദ്ധ ബന്ധം നിലനില്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. പൊലീസിന്റെ ഒത്താശയോടെയാണ് കടത്ത്. അടൂര്‍ സ്റ്റേഷനിലെ ഉന്നതനാണ് ഇതിനു പിന്നില്‍ എന്നാണ് ആരോപണവും ഉയർന്നു. അടൂർ താലൂക്കിന്റെ വിവിധ മേഖലകളിൽനിന്ന് കായംകുളത്തെ ദേശീയപാത നിർമാണത്തിനായി വലിയ തോതിൽ മണ്ണ് കടത്തുന്നുണ്ട്. കായംകുളം കേന്ദ്രീകരിച്ച മണ്ണ് മാഫിയയാണ് ഇതിന് പിന്നിൽ.
പത്തനംതിട്ട നഗരസഭ ഒന്നാം വാർഡിൽ പട്ടംകുളം എൽ.പി സ്കൂളിന് സമീപത്തെ വൻ കുന്നിടിച്ച് കടത്തുന്ന മണ്ണാണ് നഗരസഭയിലെ വയലുകളിൽ നിക്ഷേപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നികത്തിയ സെന്റ് പീറ്റേഴ്സിന് സമീപത്തെ വയലുകളിലും പട്ടംകുളത്തെ മണ്ണാണ് എത്തിച്ചത്. ദേശീയപാത നിർമാണത്തിനെന്ന വ്യാജേന രേഖകൾ സംഘടിപ്പിച്ചാണ് സർക്കാറിൽനിന്ന് അനുമതി തരപ്പെടുത്തിയത്. മാസങ്ങൾ കഴിഞ്ഞിട്ടും ഇവിടുത്തെ കുന്നിടിക്കൽ തടയാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ ഇറങ്ങുമ്പോൾ ഉന്നതൻ ഇടപെട്ട് തടയുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനിടെ പട്ടംകുളത്തെ കുന്നിടിക്കൽ നഗരസഭ ഭരിക്കുന്ന സി.പി.എമ്മിൽ വലിയ വിവാദമായി തുടരുകയാണ്. പാർട്ടി ലോക്കൽ-ഏരിയ-ജില്ല കമ്മിറ്റികളിൽ പ്രദേശത്തെ നേതാക്കൾ പരാതി നൽകിയിട്ടും ഉചിത നടപടി വന്നിട്ടില്ല. മണ്ണ് കടത്തിലിന് പിന്നിൽ വലിയ സാമ്പത്തിക ആരോപണം ഉയർന്നതോടെ വിഷയം അന്വേഷിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ആവശ്യപ്പെട്ടു. അനധികൃത മണ്ണെടുപ്പ് തടയണമെന്നും അദ്ദേഹം ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. നഗരസഭ ഉന്നതൻ ഉൾപ്പെട്ട ഏരിയ-ജില്ല കമ്മിറ്റികളിൽ കുന്നിടിക്കലിന് പിന്നിലെ വിവിധ ആരോപണങ്ങൾ ചൂടേറിയ ചർച്ചക്കും വഴിവെച്ചു. പ്രദേശത്തെ സി.പി.എം പ്രതിനിധിയായ നഗരസഭ കൗൺസിലർ ഉൾപ്പെടെ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതികൾ നൽകിയിരുന്നു. അതേസമയം, പട്ടംകുളത്തെ പ്രതിഷേധം തണുപ്പിക്കാൻ മണ്ണുമാഫിയയുമായി അടുത്ത് നിൽക്കുന്ന ചില സി.പി.ഐ കൗൺസിലർമാരെ ഉപയോഗിച്ച് പണം വിതരണവും വാഗ്ദാനങ്ങളും നൽകിയിട്ടുണ്ട്. ഇവിടെനിന്ന് ഇപ്പോഴും നൂറുകണക്കിന് ലോഡ് മണ്ണാണ് കടത്തുന്നത്. ഈ ലോറികൾ ദേശീയപാതക്ക് വേണ്ടി മാത്രമാണോ മണ്ണ് കൊണ്ടുപോകുന്നതെന്ന് പരിശോധിക്കാൻ കുന്നിടിക്കാൻ അനുമതി നൽകിയ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് സംവിധാനമില്ല. പത്തനംതിട്ട റിങ് റോഡിൽ മണ്ണ് കടത്തുന്ന ടോറസുകൾ വലിയ ഗതാഗതപ്രശ്നവും സൃഷ്ടിക്കുന്നുണ്ട്. ഇവ തുടർച്ചയായി ഓടുന്നത് മൂലം റോഡുകളും തകർന്നു തുടങ്ങി.
വെള്ളപ്പൊക്കമുണ്ടായാൽ പെട്ടെന്ന് തന്നെ പമ്പയാറ്റിൽനിന്ന് വെള്ളം കയറുന്ന റാന്നിയിൽ വയൽ നികത്തലും മണ്ണെടുപ്പും വ്യാപകമാണ്. റാന്നി ബൈപാസിൽ കഴിഞ്ഞ അവധി ദിവസങ്ങളിൽ നിലംനികത്തിയെടുത്തു. പുതിയ കടകളുടെ നിർമാണമാണ് ലക്ഷ്യം. ചെറുതോതിൽ മണ്ണിട്ട് ആദ്യം ഷെഡ് കെട്ടിയാണ് താൽക്കാലിക കടകൾ പ്രവർത്തിക്കുന്നത്. രാത്രി കേന്ദ്രീകരിച്ച് ബാക്കി കൂടി നികത്തി പിന്നീട് കെട്ടിട നിർമാണം തുടങ്ങുകയാണ് ചെയ്യുന്നത്. അവധി ദിവസങ്ങളിലാണ് ഇത്തരം നിർമാണങ്ങൾ നടക്കുന്നത്. ചെട്ടിമുക്കിൽ നിരവധി താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ട് ഉയർത്തി കഴിഞ്ഞു. റവന്യൂ- പൊലീസ് അധികൃതരുടെ ഒത്താശയോടെയാണ് ഇവിടെയും മണ്ണ് മാഫിയ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.