റാന്നി: ഒരുമാസം മുമ്പ് പമ്പയാറ്റിലെ പെരുന്തേനരുവിയിൽ ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ഗാർഹിക പീഡനമെന്ന് തെളിഞ്ഞതോടെ ഭർത്താവ് അറസ്റ്റിൽ. കൊല്ലമുള ചാത്തൻതറ ഡി.സി.എൽ പടി കരിങ്ങമാവിൽ വീട്ടിൽ കെ.എസ്. അരവിന്ദനെയാണ് (സുമേഷ് -36) വെച്ചൂച്ചിറ പൊലീസ് പിടികൂടിയത്. ഭാര്യ കൊല്ലമുള ചാത്തൻതറ കരിങ്ങമാവിൽ ടെസി (ജെനിമോൾ -31) ഒക്ടോബർ 30ന് ആറ്റിൽചാടി ജീവനൊടുക്കിയിരുന്നു. നിരന്തര ഗാർഹിക പീഡനം നേരിട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
ആത്മഹത്യ പ്രേരണ -ഗാർഹികപീഡന കുറ്റങ്ങൾ എന്നിവ ഇയാളുടെമേൽ ചുമത്തി. തുടർന്ന് ശനിയാഴ്ച രാത്രി പത്തോടെ വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തിൽ വെച്ചൂച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ആറ്റിൽ ചാടിയ സ്ഥലത്തിന് സമീപത്തുനിന്ന് ചെരിപ്പും മൊബൈൽ ഫോണും പാസ്പോർട്ട് സൈസ് ഫോട്ടോയും രണ്ട് ഡെബിറ്റ് കാർഡും പൊലീസ് കണ്ടെത്തിയിരുന്നു. ഭർത്താവ് മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തുന്നത് മാനസികമായി തകർത്തെന്നും മരിക്കാൻ പോകുകയാണെന്നുമുള്ള ടെസിയുടെ ശബ്ദസന്ദേശം അന്വേഷണത്തിൽ വഴിത്തിരിവായി.
റാന്നി ഡിവൈ.എസ്.പി ആർ. ബിനു, വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടർ ബി. രാജഗോപാൽ, എ.എസ്.ഐ റോയ് ജോൺ, സി.പി.ഒമാരായ അൻസാരി, ജോജി, മനോജ് കുമാർ, ശ്യാം മോഹൻ, ജോസൺ പി. ജോൺ, അഞ്ജന എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.