പെരുമ്പെട്ടി: വന്യമൃഗങ്ങൾ നിരന്തരം കൃഷിയിടത്തിൽ ശല്യമുണ്ടാക്കുന്നത് തടയാൻ പത്തടി ഉയരത്തിൽ സംരക്ഷണവേലി നിർമിച്ച് കർഷകൻ. പെരുമ്പെട്ടി കൂനംമാങ്കൽ രാജേഷാണ് തന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ പാടശേഖരത്തിൽ സംരക്ഷണമറ തീർത്തത്. പ്രളയത്തിൽ ഓരുവെള്ളം കയറി കൃഷി നശിച്ചതിന് പിന്നാലെ കാട്ടുപന്നിയുടെ കടന്നുകയറ്റത്തിലൂടെ നിരന്തരം നഷ്ടമുണ്ടാകുന്നത് തടയാനാണ് വേലികെട്ടി സുരക്ഷ സംവിധാനം ഒരുക്കിയത്.
പാടത്തിന് ചുറ്റും കരിങ്കല്ലിൽ അസ്തിവാരം നിർമിച്ച് അതിന് മുകളിൽ അഞ്ചടി ഉയരത്തിൽ ഇരുവശത്തും സിമന്റ്കട്ട ഉപയോഗിച്ച് മതിൽ തീർത്തിരിക്കുകയാണ്. മറുവശങ്ങളിൽ ഉയരത്തിൽ മതിൽ അതിനുമുകളിൽ നാലടി ഉയരത്തിൽ ഇരുമ്പുവലയും സ്ഥാപിച്ചിട്ടുണ്ട്.
ഉടമക്ക് ഉള്ളിലേക്ക് പ്രവേശിക്കാൻ വാതിലുമുണ്ട്. ചുറ്റുമതിൽ നിർമാണത്തിന് 1.30 ലക്ഷം രൂപയും ഇരുമ്പുവേലി മൂന്നടി സ്ഥാപിക്കാൻ 15,000 രൂപയും ചെലവായി. ഇപ്പോൾ പറമ്പിന്റെ ഒരുഭാഗത്ത് വേനൽക്കാല പച്ചക്കറികൃഷിയാണ്. പെരുമ്പെട്ടിയുടെ തനതു വിളയായ പെരുമ്പട്ടി കപ്പ കൃഷി ചെയ്യുകയാണ് ലക്ഷ്യം.
ഓരങ്ങളിലും ചുറ്റിനും ഏത്തവാഴയും നട്ടിട്ടുണ്ട്. സംരക്ഷണവേലി ഉയരത്തിലുള്ളതിനാൽ ഏത്തവാഴക്ക് കാറ്റ് പിടിക്കില്ലെന്ന വിശ്വാസത്തിലാണ് രാജേഷ്. മുമ്പ് ചെറിയ വേലികളും ഷീറ്റുമറയും നിർമിച്ച് കൃഷിയിടം സംരക്ഷിക്കാൻ കർഷകർ ശ്രമിച്ചിരുന്നുവെങ്കിലും കാട്ടുപന്നി ഇവയെല്ലാം കുത്തിമറിച്ചിട്ടു.
ഇതോടെയാണ് ബലവത്തായതും ഉയരക്കൂടുതലുള്ളതുമായ സംരക്ഷണമറ നിർമിക്കാൻ തീരുമാനിച്ചത്. ജില്ല പഞ്ചായത്തിന്റെ പദ്ധതിയിൽ ഇത്തരത്തിലൊരു നിർദേശമുണ്ടായിരുന്നു. മതിൽ നിർമിക്കുന്ന കർഷകർക്ക് സബ്സിഡിയും വാഗ്ദാനം ചെയ്തിരുന്നു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും സംരക്ഷണവേലി നിർമാണത്തിന് പദ്ധതി വിഹിതം നീക്കിവെക്കാനും നിർദേശം നൽകിയിരുന്നു. എന്നാൽ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് മാത്രമാണ് പദ്ധതി ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.