ചിറ്റാർ: ഗവിയിൽ മൊബൈൽ ഫോൺ സിഗ്നൽ -ഇന്റർനെറ്റ് ലഭ്യതക്കായി ബി.എസ്.എൻ.എൽ ടവറിന്റെ അടിത്തറ പൂർത്തീകരിച്ച് ടവർ നിർമാണം തുടങ്ങി. ബി.എസ്.എൻ.എൽ 2ജി, 3ജി സർവിസുകൾ ഇപ്പോൾ ആരംഭിക്കും. ആറുമാസത്തിനകം 4ജിലേക്ക് മാറും. ഇതോടെ ഏതാണ്ട് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പൊന്നമ്പലമേട് ഉൾപ്പെടെ മൊബൈൽ-ഇന്റർനെറ്റ് ലഭ്യമാകും.
150ഓളം തൊഴിലാളി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. രണ്ട് കെ.എസ്.ആർ.ടി.സി സർവിസ് ഒഴിച്ചാൽ ദൈനംദിന ആവശ്യങ്ങൾക്കുപോലും ഇവിടത്തുകാർക്ക് പുറത്തുകടക്കുക ബുദ്ധിമുട്ടാണ്.
മൊബൈൽ സിഗ്നൽ ലഭിക്കാത്തതിനാൽ, കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസവും ഗവിയിൽ അപ്രായോഗികമായിരുന്നു.മൊബൈൽ സിഗ്നൽ തേടി ഉൾവനത്തിലെ മലമുകളിലേക്ക് കയറിയ കുട്ടികൾ വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് അന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ടെലി കമ്യൂണിക്കേഷൻ സംവിധാനങ്ങളുടെ അപര്യാപ്തതയിൽ കെ.എസ്.ഇ.ബിയിലും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷനിലും ശബരിമല തീർഥാടനസമയത്ത് കൊച്ചുപമ്പയിൽ എത്തുന്ന ഉദ്യോഗസ്ഥരും പ്രയാസം അനുഭവിച്ചിരുന്നു.
‘ഗവിയിൽ മൊബൈൽ കവറേജ് ലഭ്യമാക്കുന്നതിന് ടെലിഫോൺ ഉപദേശക സമിതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ഗവി ട്രൈബൽ സ്കൂളിൽ കമ്പ്യൂട്ടറുകളും പ്രിന്ററും അനുബന്ധ ഉപകരണങ്ങളും ഫർണിച്ചറും വാങ്ങുന്നതിനും എം.പി ഫണ്ടിൽനിന്ന് പണം അനുവദിച്ചിരുന്നു' –ആന്റോ ആന്റണി എം.പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.