ചരിത്രവും വർത്തമാനവും ഇഴചേർന്ന കുരുക്കുകളിലാണ് പൊന്തൻപുഴ നിവാസികളുടെ ജീവിതം. ഇവിടെ സംരക്ഷിത വനം സ്വകാര്യ വ്യക്തികളുടെ കൈയിലാണ്. ജനവാസമേഖല, വനമെന്ന് വനംവകുപ്പ് വാദിക്കുന്നു. ഈ വിരോധാഭാസത്തിന് കാരണം വനംവകുപ്പിന്റെ നടപടികളാണ്. ഇപ്പോൾ കാടേത്? നാടേത്? എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിന് ഉത്തരം നൽകാൻ വനം-റവന്യൂ അധികൃതർക്ക് കഴിയുന്നില്ല. ഇരു വകുപ്പുകളും പരസ്പരം പഴിചാരുന്നു. കാടെന്നോ, നാടെന്നോ തീർപ്പായിട്ടില്ലെങ്കിലും വനനിയമങ്ങളാൽ ഇവിടുത്തുകാരെ വരിഞ്ഞുമുറുക്കുകയാണ് വനംവകുപ്പ്. സംരക്ഷിത വനമേഖലക്ക് ഒരുകിലോമീറ്റർ ചുറ്റളവിൽ നിർമാണ വിലക്ക് ഏർപ്പെടുത്തിയ സുപ്രീംകോടതി നിർദേശം അറിഞ്ഞ പൊന്തൻപുഴക്കാർ നിസ്സഹായരാണ്. അതും ഇനി ഇവർക്ക് പുതിയ കുരുക്കാവും. പൊന്തൻപുഴക്കാർ അകപ്പെട്ട കുരുക്കുകളെക്കുറിച്ച് മാധ്യമം പരമ്പര 'കാടും നാടുമല്ലാതെ പൊന്തൻപുഴ' ഇന്നുമുതൽ...
നാട് കാടായതിങ്ങനെ
ഐക്യകേരള സർക്കാർ നിലവിൽവന്ന ഉടൻ മുഴുവൻ ജനവാസമേഖലകളെയും വനപരിധിക്ക് പുറത്താക്കി പുതിയ സെക്ഷൻ നാല് നോട്ടിഫിക്കേഷൻ ഇറക്കി. 1958 മേയ് മാസത്തിൽ നിലവിൽവന്ന പുതിയ നോട്ടിഫിക്കേഷൻ പ്രകാരം രണ്ട് ചതുരശ്ര മൈൽ ആയി വന അതിർത്തി നിജപ്പെടുത്തി. ഇതു കൃത്യം 1771 ഏക്കറാണ്. വനത്തിനുചുറ്റും ജണ്ടകൾ സ്ഥാപിച്ചു. വിശദമായ അതിർത്തിവിവരണം നോട്ടിഫിക്കേഷനിൽ നൽകി. വിലപ്പെട്ട ഈ രേഖകൾ ഉപയോഗിച്ചുവേണം വനംവകുപ്പ് വലിയകാവ് വനം സംരക്ഷിക്കാൻ. വിശേഷിച്ചും സ്വകാര്യ വ്യക്തികൾ സംഘടിതമായി സർക്കാറിനോട് കേസ് പറയുന്ന സാഹചര്യത്തിൽ ഈ രേഖകൾ അമൂല്യമാണ്. പക്ഷേ, നോട്ടിഫിക്കേഷൻ സർവേ സ്കെച്ച് കാണാനില്ലെന്നാണ് ഇപ്പോൾ വനം വകുപ്പ് പറയുന്നത്. അതോടെ നാടും കാടെന്ന വാദം വനംവകുപ്പ് ഉയർത്തിത്തുടങ്ങി.
വനംവകുപ്പ് ഓഫിസുകളിലും വിവിധ കലക്ടറേറ്റുകളിലും സർവേ ഓഫിസുകളിലും ആർകൈവ്സിലും അന്വേഷിച്ചിട്ടും 1958 നോട്ടിഫിക്കേഷൻ പ്രകാരമുള്ള സ്കെച്ച് ലഭ്യമായിട്ടില്ലെന്ന് റാന്നി ഡി.എഫ്.ഒയും വനം പി.സി.സി.എഫ്മാരും പറയുന്നു. ഇതേകാര്യം വനംമന്ത്രി നിയമസഭയിൽ ആവർത്തിക്കുകയും ചെയ്യുന്നു.
കേസിൽ ഉൾപ്പെട്ട വനഭൂമിയുടെ രേഖയാണ് ഇങ്ങനെ കാണാതെപോയത്. വലിയകാവ് വനം കേസിൽ സർക്കാറിന് പരാജയം സംഭവിച്ചതിന്റെ കാരണം ഇതൊക്കെത്തന്നെ. വനത്തിന്റെ രേഖകൾ എങ്ങും കണ്ടെത്താൻ കഴിയാത്തവിധം നശിപ്പിക്കപ്പെട്ടു, അഥവ ഒളിപ്പിക്കപ്പെട്ടു. ഇത്തരം കള്ളക്കളികൾ ഇവിടെ നടക്കും കാരണം ഇത് വനംവകുപ്പാണ്. വനംവകുപ്പിൽ എന്തും നടക്കും. ചോദിക്കാൻ ആരുമില്ല.
മല്ലപ്പള്ളി: ഭൂമി സ്വന്തംപേരിൽ അല്ലെന്ന കാരണത്താൽ ദുരിതങ്ങൾ മാത്രം അനുഭവിക്കുകയാണ് പൊന്തൻപുഴയിലെ 1200 കുടുംബങ്ങൾ. ഇത് അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. വിദ്യാഭ്യാസ വായ്പയെടുക്കാൻ കഴിയാതെ പലരുടെയും പഠനം മുടങ്ങി. കാർഷികവായ്പ എടുക്കാൻ കഴിയുന്നില്ല. കൃഷി സബ്സിഡി, വിള ഇൻഷുറൻസ് എന്നിവ ലഭിക്കില്ല. സ്വന്തം വസ്തു ക്രയ-വിക്രയം ചെയ്യാനുള്ള അവകാശം 1986 മുതൽ മരവിപ്പിക്കപ്പെട്ടു. പട്ടയമില്ലാത്ത ഭൂമി ആയതിനാൽ നിലവിലെ വനം കേസിൽ കർഷകർ ഉൾപ്പെട്ടതായി വനംവകുപ്പ് ആരോപിക്കുന്നു. അതേസമയം, വനം കേസിൽ കൃഷിഭൂമി ഉൾപ്പെട്ടിട്ടില്ലെന്ന് വനംവകുപ്പ് കോടതിയിൽ പറയുന്നു.
തലമുറകളായി തങ്ങൾ താമസിച്ചുവരുന്ന ഭൂമി വനഭൂമിയാക്കിയത് വനംവകുപ്പിലെ ചില കുബുദ്ധികളാണെന്നാണ് കുടുംബങ്ങൾ കരുതുന്നത്. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ മറ്റുള്ളവർക്ക് നഷ്ടപരിഹാരം ലഭിക്കുമ്പോൾ പട്ടയമില്ലാത്തതിനാൽ ഇവിടുത്തെ പാവപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം പോലുമില്ല. വീട് വെക്കുന്നതിന് വൈദ്യുതി കണക്ഷൻ എടുക്കാനും അനുവാദം നൽകുന്നില്ല. അനുമതിക്കു കൂടുതൽ പണം കെട്ടിവെക്കേണ്ടിയും വരുന്നു. കെട്ടിടം നിർമിച്ചാൽ താൽക്കാലിക നിർമാണത്തിനുള്ള നമ്പർ മാത്രമേ കിട്ടുകയുമുള്ളൂ. നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ കഴിയില്ല. വെട്ടിയാൽ വനംവകുപ്പ് ഉടനെ കേസെടുക്കുന്ന അവസ്ഥയാണ്. നിയമപരമായ അവകാശത്തെ നിഷേധിച്ച് ഇവിടുത്തെ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ് വനംവകുപ്പും മറ്റ് അധികൃതരും. കടുത്ത മനുഷ്യാവകാശ ലംഘനമാണ് വനംവകുപ്പിൽനിന്ന് ഇവർ അനുഭവിക്കുന്നത്. വനഭൂമിയാണെങ്കിൽ ഒഴിഞ്ഞുതരാൻ തയാറാണെന്ന് ഈ കുടുംബങ്ങൾ പറയുന്നുണ്ട്. എന്നാൽ, വനഭൂമിയാണെന്ന് സ്ഥിരീകരിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. നിയമപരമായ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട ഈ കുടുംബങ്ങളെ അധികാരികൾ വഞ്ചിക്കുകയാണ്. പ്രഖ്യാപനങ്ങൾ മാത്രം മുറക്ക് നൽകുന്നുമുണ്ട്.
കാട് നാട്ടുകാരുടേതായത് ഇങ്ങനെ
ഒരുപ്രദേശം സർക്കാർ ഏറ്റെടുത്ത് വനമായി പ്രഖ്യാപിക്കുന്ന ആദ്യനടപടി വനനിയമം സെക്ഷൻ നാല് അനുസരിച്ച നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയാണ്. 1905ലാണ് വലിയകാവ് റിസർവിന്റെ സെക്ഷൻ നാല് നോട്ടിഫിക്കേഷൻ തിരുവിതാംകൂർ ദിവാനായിരുന്ന ടി. മോഹൻറാവു പുറപ്പെടുവിച്ചത്. ആറേമുക്കാൽ ചതുരശ്ര മൈൽ (ഏകദേശം 4320 ഏക്കർ) സ്ഥലമാണ് ആ നോട്ടിഫിക്കേഷനിൽ ഉൾപ്പെട്ടത്.
വളരെയേറെ ജനവാസ മേഖലകൾ ഈ നോട്ടിഫിക്കേഷനിൽ ഉൾപ്പെട്ടിരുന്നു. മാത്രമല്ല ഭൂമി തങ്ങൾക്ക് തിരുവിതാംകൂർ മഹാരാജാവായ മാർത്താണ്ഡവർമ 'നീട്ടു', അഥവ ചെമ്പോലയിലെ കൽപന, പ്രകാരം കരമൊഴിവായി തന്നതാണെന്നും അതു വനമായി വിജ്ഞാപനം ചെയ്യാൻ സർക്കാറിന് അധികാരം ഇല്ലെന്നും ചൂണ്ടിക്കാട്ടി ഏഴുമറ്റൂർ രാജകുടുംബം സർക്കാറുയി കേസായി.വ്യവഹാരങ്ങൾ നിലനിൽക്കത്തന്നെ ഈ ഭൂമി ഏഴുമറ്റൂർ കോവിലകം തറയിൽ ഉമ്മനും തുടർന്നു പരിപ്പിൽ ഈറ്റതോട്ടത്തിൽ കുടുംബത്തിലെ ചെറിയത് ജോസഫിനും ഉടമ്പടിവഴി കൈമാറി.
അയാൾ നിരവധിപേർക്ക് അത് വീതംവെച്ച് ആധാരങ്ങൾ രജിസ്റ്റർ ചെയ്തുനൽകി. അങ്ങനെ 283 വ്യക്തികൾ അടങ്ങുന്ന ഒരുസംഘം സർവസന്നാഹങ്ങളോടുംകൂടി വലിയകാവ് വനഭൂമിക്കുവേണ്ടി കോടതി വ്യവഹാരം നടത്തുകയാണ്. ഇതിനിടയിൽ ജനവാസ മേഖലകളെ വനത്തിൽനിന്ന് ഒഴിവാക്കുന്നതിനുള്ള നടപടി വനം വകുപ്പ് കാലാകാലങ്ങളിൽ കൈക്കൊണ്ടിരുന്നു. 1924 കാലത്ത് അങ്ങനെ വനപരിധിക്ക് പുറത്തായ പ്രദേശമാണ് ഇന്നത്തെ വലിയകാവ് മേഖലയിലെ പെരുമ്പെട്ടി വില്ലേജിൽ ബ്ലോക്ക് 34 ൽപെട്ട റീസർവേ 194, 195, 196 ഭൂമികൾ.
തയാറാക്കിയത്: ടി.ഐ. സലീം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.