പത്തനംതിട്ട: വേനൽമഴ ശക്തമായതോടെ ജില്ലയിൽ പനിയും മറ്റ് മഴക്കാല രോഗങ്ങളും പടരുന്നു. ഒരാഴ്ചക്കിടെ വിവിധ സർക്കാർ ആശുപത്രികളിൽ പനിബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 2000 കവിഞ്ഞു. കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റവും മഴക്കാലവും പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ താപനില ഇപ്പോൾ 29 ഡിഗ്രിയായി കുറഞ്ഞിട്ടുണ്ട്. കോഴഞ്ചേരി ജില്ല ആശുപത്രിയിലും ജനറൽ, താലൂക്ക് ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പനിക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും ഉയർന്നിട്ടുണ്ട്.
ഇതിനിടെ ഡെങ്കിപ്പനിയും ആഴ്ചകളായി ജില്ലയിൽ കുറയാതെ നിൽക്കുന്നു. കഴിഞ്ഞയാഴ്ചയും ഡെങ്കി ഹോട്സ്പോട്ടുകളുടെ എണ്ണം ഉയർന്നു നിൽക്കുന്നു.
പത്തനംതിട്ട നഗരസഭ 10ാം വാർഡ്, മല്ലപ്പള്ളി പഞ്ചായത്ത് 10ാം വാർഡ്, ആനിക്കാട് പഞ്ചായത്തിലെ ആറ്, ഒമ്പത് വാർഡുകൾ, ചന്ദനപ്പള്ളിയിലെ 13, 17 വാർഡുകൾ, കോന്നിയിലെ രണ്ട്, അഞ്ച് വാർഡുകൾ, കൂടല്‍ പഞ്ചായത്തിലെ 15ാം വാർഡ്, റാന്നി പെരുനാട് ഒമ്പതാം വാർഡ്, മൈലപ്രയിലെ ഒന്നാം വാർഡ്, തണ്ണിത്തോട് പഞ്ചായത്തിലെ 13ാം വാർഡ് പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി ഉയർന്നത്. ഡെങ്കിപ്പനിക്കൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യകേന്ദ്രങ്ങളിലെത്തി വിദഗ്ദ ചികിത്സ തേടണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. അനിതകുമാരി അറിയിച്ചു.
മഴക്കാലം ആരംഭിക്കുന്നതോടുകൂടി പകര്‍ച്ചവ്യാധികള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. ഡെങ്കിപ്പനി കേസുകള്‍ കൂടിവരുന്നതിനാല്‍ ഉറവിടനശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഇല്ലാതാക്കണം. ചിരട്ട, പ്ലാസ്റ്റിക് കവറുകള്‍, ടാര്‍പോളിന്‍ ഷീറ്റ്, റബര്‍ തോട്ടങ്ങളിലെ ചിരട്ട, കവുങ്ങിന്‍പാളകള്‍, ചെടിച്ചട്ടി, ഫ്രിഡ്ജിന്റെ പിറകിലെ ട്രേ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. വീടിനുള്ളില്‍ വളര്‍ത്തുന്ന അലങ്കാരച്ചെടികളില്‍ ഈഡിസ് കൊതുകുകള്‍ വളരാനുള്ള സാധ്യത കൂടുതലാണ്. ആഴ്ചയിലൊരിക്കല്‍ ഇത്തരം ചെടിച്ചട്ടികള്‍ക്കടിയിലെ കെട്ടിക്കിടക്കുന്ന വെള്ളം മാറ്റി കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. എല്ലാ ഞായറാഴ്ചയും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.
ജില്ലയില്‍ പലയിടത്തും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലിനമായതോ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗബാധിതരുമായുള്ള സമ്പര്‍ക്കം എന്നിവ വഴിയാണ് ഹെപ്പറ്റൈറ്റിസ്-എ പകരുന്നത്. വ്യക്തി ശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കുന്നതുവഴി രോഗബാധ തടയാം.
ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്ദo തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണം. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും. രോഗബാധിതര്‍ അംഗീകൃത ആരോഗ്യസ്ഥാപനങ്ങളില്നിന്നും ചികിത്സകരില്‍നിന്നും മാത്രം ചികിത്സ തേടണം. അംഗീകൃതമല്ലാത്തതും ആവശ്യമില്ലാത്തതുമായ മരുന്നുകള്‍ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാമെന്നതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
യഥാസമയം ചികിത്സ കിട്ടിയില്ലെങ്കില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്ന് ഡി.എം.ഒ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.